'വൈകി വരാന്‍ ഇത് സിനിമ കമ്പനിയല്ല..'; നടി അനന്യ പാണ്ഡെയ്ക്ക് ശകാരം

മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനായി ഓഫീസില്‍ എത്തിയ നടി അനന്യ പാണ്ഡെയെ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ശകാരിച്ചതായി റിപ്പോര്‍ട്ട്. വൈകി എത്തിയ അനന്യയോട്, വൈകിയെത്താന്‍ ഇത് സിനിമ കമ്പനിയല്ലെന്നും കേന്ദ്ര ഏജന്‍സിയാണെന്നും സമീര്‍ വാങ്കഡെ പറഞ്ഞതായി എന്‍.സി.ബി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

കഞ്ചാവിന്റെ ലഭ്യതയെ കുറിച്ച് അനന്യയും ആര്യന്‍ ഖാനും തമ്മില്‍ വാട്‌സ്ആപ്പ് ചാറ്റ് നടത്തിയിരുന്നതായി എന്‍സിബി കണ്ടെത്തിയിരുന്നു. കഞ്ചാവ് ഒപ്പിക്കാന്‍ പറ്റുമോ എന്നായിരുന്നു വാട്‌സ്ആപ്പ് ചാറ്റില്‍ ആര്യന്‍ അനന്യയോട് ചോദിച്ചത്. ഇതിന് ‘റെഡിയാക്കാം’ എന്നാണ് അനന്യ നല്‍കിയ മറുപടി.

എന്നാല്‍ ഇതൊരു തമാശ മാത്രം ആയിരുന്നെന്നും താന്‍ ആര്‍ക്കും ലഹരി മരുന്ന് നല്‍കിയിട്ടില്ലെന്നും രണ്ടു ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ അനന്യ ആവര്‍ത്തിച്ചു. താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും ആര്യന്‍ ഖാന് മയക്കുമരുന്ന് നല്‍കിയിട്ടില്ലെന്നുമാണ് അനന്യ എന്‍സിബിയെ അറിയിച്ചത്.

എന്നാല്‍ 2018-19ല്‍ അനന്യ ആര്യന് ലഹരിമരുന്ന് ഇടപാടുകാരുടെ നമ്പറുകള്‍ നല്‍കിയെന്നും മൂന്നുവട്ടം ലഹരി വാങ്ങാന്‍ സഹായിച്ചെന്നുമാണ് എന്‍സിബി പറയുന്നത്. അനന്യ പാണ്ഡെയുടെ മുംബൈ ബന്ദ്രയിലെ വസതിയില്‍ എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ അനന്യയുടെ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.