സഹോദരനോട് ഒന്നും പറയാറില്ല, പെണ്ണായതിനാല്‍ അതിഥികളെ സ്വീകരിക്കാന്‍ അമ്മ നിര്‍ബന്ധിക്കും; വിവേചനത്തെ കുറിച്ച് ബച്ചന്റെ കൊച്ചു മകള്‍

പെണ്‍കുട്ടി ആയതിനാല്‍ അതിഥികളെ സല്‍ക്കരിക്കാന്‍ അമ്മ തന്നെ നിര്‍ബന്ധിക്കുമെന്ന് അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി. ലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കവെയാണ് നവ്യയുടെ പരാമര്‍ശം. അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മൂത്തമകള്‍ ശ്വേതയുടെ മകളാണ് നവ്യ.

വീട്ടുജോലികള്‍ പെണ്‍കുട്ടികള്‍ ചെയ്യണമെന്ന പൊതുധാരണ നിലനില്‍ക്കുന്നതിനാല്‍ ലിംഗവിവേചനം വീടുകളില്‍ നിന്ന് തന്നെ തുടങ്ങുന്നു എന്നാണ് ഷീ ദ പീപ്പിളിനോട് നവ്യ പറയുന്നത്. ഇത് വീടുകളില്‍ സംഭവിക്കുന്നത് താന്‍ കണ്ടിട്ടുണ്ട്.

തങ്ങള്‍ക്ക് ആരെങ്കിലും അതിഥികളുണ്ടെങ്കില്‍, അമ്മ എപ്പോഴും തന്നോട് പറയും ഇത് പോയി എടുക്കൂ… അല്ലെങ്കില്‍ പോയി അത് എടുക്കൂ.. എന്നൊക്കെ. എന്നാല്‍ തന്റെ സഹോദരനോട് ഇത്തരം കാര്യങ്ങള്‍ പറയുന്നത് താന്‍ കണ്ടിട്ടില്ല.

പ്രത്യേകിച്ച് കൂട്ടുകുടുംബങ്ങളായി താമസിക്കുന്ന വീടുകളില്‍ വീട് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് സ്ത്രീകളെയും പെണ്‍കുട്ടികളെയും മാത്രമാണ് പഠിക്കുക. അല്ലെങ്കില്‍ അതിഥികളെ എങ്ങനെ പരിപാലിക്കണം എന്ന് പഠിപ്പിക്കുക.

എല്ലായ്പ്പോഴും എങ്ങനെയെങ്കിലും മകളുടെ മേല്‍ ഇത്തരം ചുമതലകള്‍ വന്ന് വീഴുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. സഹോദരനോ ഇളയ ആണ്‍കുട്ടിക്കോ ഈ ഉത്തരവാദിത്വങ്ങള്‍ പറഞ്ഞ് കൊടുക്കുന്നത് താന്‍ ഒരിക്കലും കണ്ടിട്ടില്ല.

വീട് നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നത് കുടുംബാംഗങ്ങള്‍ തന്നെയാണ് എന്നാണ് നവ്യ പറയുന്നത്. അതേസമയം, സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും ശ്വേതയെ പോലെ നവ്യയും സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയാണ്.