ഡ്രൈവര്‍ക്കും സഹായിക്കും വീട് വാങ്ങാന്‍ 50 ലക്ഷം; പിറന്നാള്‍ ആഘോഷം വ്യത്യസ്തമാക്കിയ ആലിയ ഭട്ടിന് ആരാധകരുടെ കൈയടി

ആഘോഷങ്ങള്‍ക്കായ് ലക്ഷങ്ങള്‍ പൊടിയ്ക്കുന്ന താരങ്ങളെയാണ് അധികവും കാണാറ്. എന്നാല്‍ അവരില്‍ നിന്നും വ്യത്യസ്തമായി തന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് നടി ആലിയ ഭട്ട്. പിറന്നാള്‍ സന്തോഷത്തില്‍ തന്റെ ഡ്രൈവറിനും സഹായിക്കും വീടു വെയ്ക്കാന്‍ 50 ലക്ഷം രൂപ നല്‍കിയാണ് ആലിയ തന്‍റെ ആഘോഷം വ്യത്യസ്തമാക്കിയത്. ഡ്രൈവറായ സുനിലിനും സഹായി അന്‍മോള്‍ക്കുമാണ് ആലിയ തുക സമ്മാനിച്ചത്. ആലിയ നല്‍കിയ തുക കൊണ്ട് ഇരുവരും പുതിയ വീടുകള്‍ വാങ്ങിച്ചു.

ഈ മാസം 15 നാണ് ആലിയ തന്റെ 26-ാം ജന്മദിനം ആഘോഷിച്ചത്. കാമുകനായ രണ്‍ബീര്‍ കപൂര്‍, സുഹൃത്ത് കരണ്‍ ജോഹര്‍ എന്നിവര്‍ ചേര്‍ന്ന് ആലിയയുടെ ജന്മദിനം ആഘോഷമാക്കി. ആലിയയുടെ വസതിയിലായിരുന്നു ആഘോഷ പരിപാടികള്‍ നടന്നത്. ആലിയയുടെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കെടുത്തു. ഈ ചടങ്ങിലാണ് ആലിയ തന്റെ പ്രിയപ്പെട്ട ജീവനക്കാര്‍ക്ക് 50 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചത്.

സിനിമാ കരിയറിന്റെ തുടക്കം മുതല്‍ ആലിയയ്‌ക്കൊപ്പമുള്ള ആളുകളാണ് ഡ്രൈവറായ സുനിലും സഹായി അന്‍മോളും. ആലിയയുടെ പിറന്നാള്‍ ആഘോഷ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കറുപ്പുനിറത്തിലുള്ള മനോഹരമായ വസ്ത്രമാണ് ആലിയ ആഘോഷ വേളയില്‍ അണിഞ്ഞിരുന്നത്. കളങ്ക്, ബ്രഹ്മാസ്ത്ര്, സല്‍മാന്‍ ഖാനൊപ്പം ഇന്‍ഷാളളാ തുടങ്ങിയ വമ്പന്‍ പ്രോജക്ടുകളാണ് ആലിയയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.