മലയാളത്തിലെ ക്ലാസിക് ചിത്രം ‘മണിച്ചിത്ര’ത്താഴിന്റെ റീമേക്ക് ആയി എത്തിയ അക്ഷയ് കുമാറിന്റെ ‘ഭൂല്‍ ഭുലയ്യ’ ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റ് ആയ ചിത്രമാണ്. ചിത്രത്തില്‍ മഞ്ചുലിക എന്ന കഥാപാത്രമായി എത്തിയ വിദ്യ ബാലന്റെയും അക്ഷയ് കുമാറിന്റെയും പ്രകടനം കൈയ്യടികള്‍ നേടിയിരുന്നു. ഭൂല്‍ ഭുലയ്യയുടെ മൂന്നാം ഭാഗത്തില്‍ വിദ്യ ബാലന്‍ ഈ റോളില്‍ അഭിനയിച്ചിരുന്നു.
എന്നാല്‍ അക്ഷയ് കുമാര്‍ പിന്നീട് എത്തിയ സീക്വലുകളില്‍ ഒന്നിലും പ്രത്യക്ഷപ്പെട്ടില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും കാര്‍ത്തിക് ആര്യന്‍ ആണ് നായകനായത്. ഈ രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് രണ്ട് ഭാഗത്തിലും അക്ഷയ് കുമാര്‍ ഉണ്ടാവാഞ്ഞത് എന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു.
ഒടുവില്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. ‘എന്നെ അതില്‍ നിന്നും നീക്കം ചെയ്തു, അത്രയെ ഉള്ളൂ’ എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. അതേസമയം, ഭൂല്‍ ഭുലയ്യയില്‍ ഡോ ആദിത്യ ശ്രീവാസ്തവ എന്ന സൈക്യാട്രിസ്റ്റിന്റെ വേഷമാണ് അക്ഷയ് ചെയ്തത്. ചിത്രത്തിനായി പ്രീതം ഒരുക്കിയ ഗാനങ്ങള്‍ പിന്നീടുള്ള ചിത്രങ്ങളില്‍ വരെ റീമേക്ക് ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം, നവംബര്‍ ഒന്നിന് തിയേറ്ററിലെത്തിയ ഭൂല്‍ ഭുലയ്യ 3, 400 കോടിക്ക് മുകളില്‍ ആഗോള കളക്ഷന്‍ നേടിയിരുന്നു. മഞ്ജുലിക എന്ന പ്രേതത്തിന്റെ പിന്നിലെ സത്യം കണ്ടെത്താന്‍ കൊല്‍ക്കത്തയിലേക്ക് പോകുന്ന റൂഹ് ബാബയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. 2022 ലാണ് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. 2007ല്‍ ആയിരുന്നു ആദ്യ ഭാഗം എത്തിയത്.