ഗസ്റ്റ് റോളാണത്രേ...കമ്മട്ടം കൊണ്ടുവന്ന് തൂക്കിയാലും തരൂരിരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും: കുറിപ്പ്

കോൺഗ്രസ് നേതൃത്വത്തിൽ മാറ്റമുണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍റിന് കത്തെഴുതിയത് സംബന്ധിച്ച വിവാദത്തില്‍ തിരുവനന്തപുരം എം.പി ശശി തരൂരിനെതിരെ കോൺഗ്രസിൽ നിന്നും വിമർശനം ഉണ്ടായിരുന്നു. കത്തെഴുതിയ 23 നേതാക്കളിൽ ശശി തരൂരും ഉൾപ്പെടുന്നു. തരൂരിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരന്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി എന്നിവരാണ് രംഗത്തെത്തിയത്. അതിനിടെ തരൂരിന് പിന്തുണയുമായി ശബരീനാഥ്, ടി സിദ്ധീഖ് തുടങ്ങിയ യുവ നേതാക്കളും മുന്നോട്ട് വന്നു.

അതേസമയം വിരുദ്ധാഭിപ്രായങ്ങൾ തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള ഒരു പാർട്ടിയിൽ ശശി തരൂർ കത്തെഴുതിയാലും ഇനി രാഹുൽ ഗാന്ധിയെ തുറന്ന് വിമർശിച്ചാലും അതൊരു സ്വഭാവികമായ കാര്യമാണ്, അല്ലെങ്കിൽ അങ്ങനെയാവണം കോൺഗ്രസ് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഡോ. നെല്‍സണ്‍ ജോസഫ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ശശി തരൂര്‍ കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും എങ്ങനെ പ്രസക്തമാവുന്നുവെന്ന് ഡോ. നെല്‍സണ്‍ ജോസഫ് വിശദീകരിച്ചിരിക്കുന്നത്.

നെൽസൺ ജോസഫിന്റെ കുറിപ്പ്:

” ശശി തരൂര്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ”
തരൂരിനെ ആദ്യമായി ശ്രദ്ധിക്കുന്നത് പതിനഞ്ച് മിനിറ്റുള്ള ഒരു ചെറിയ വീഡിയോയിലാണ്.
” Why Britain owes India Reparations ”
അതായിരുന്നു ആ വീഡിയോയുടെ തലക്കെട്ട്. എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് അവരുടെ തന്നെ ഭാഷയില്‍ ഏതാണ്ട് വലിച്ച് കീറി ഒട്ടിക്കുക എന്ന തരത്തില്‍ പറഞ്ഞ് നിര്‍ത്തുന്ന തരൂരിനെ.
വിശ്വ പൗരന്‍ എന്ന വാക്ക് ശ്രദ്ധിച്ച് തുടങ്ങുന്നത് അങ്ങനെയാണ്.
” ശശി തരൂര്‍ വിശ്വപൗരനെന്നും ഞങ്ങളൊക്കെ സാധാരണ പൗരന്മാര്‍ ” എന്നും എം.പി കെ. മുരളീധരന്‍ പറഞ്ഞുവെന്ന് വാര്‍ത്തയില്‍ വായിച്ചു.
പരിഹസിച്ച് പറഞ്ഞതാണെങ്കിലും അതിലൊരു വാസ്തവമുണ്ട്.
എന്തുകൊണ്ട് ബ്രിട്ടന്‍ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നുവെന്ന പ്രസംഗവും മുപ്പത് ഡിഗ്രിയില്‍ ചാവുന്ന വൈറസും തമ്മില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും വാട്‌സാപ് യൂണിവേഴ്‌സിറ്റിയും തമ്മിലുള്ളത്ര അന്തരമുണ്ട്.
മനസറിഞ്ഞ് കയ്യടിക്കാനുള്ള അവസരമുണ്ടാക്കിത്തന്നിട്ടുണ്ട് ഈ കൊറോണക്കാലത്ത് ശശി തരൂരിന്റെ ആ ” ഗസ്റ്റ് റോള്‍ “.
ലോക്ക് ഡൗണില്‍ യാത്രാവിമാനമില്ലാതിരുന്ന സമയത്ത് മൂവായിരം ടെസ്റ്റിങ്ങ് കിറ്റുകള്‍ വ്യക്തിബന്ധങ്ങളും സംഘടനാശക്തിയും ഉപയോഗിച്ച് എത്തിച്ചത്…
ഒരു കോടി രൂപ ശ്രീ ചിത്തിര ഇന്‍സ്റ്റിറ്റ്യൂട്ടിന് ടെസ്റ്റിങ്ങ് കിറ്റുകള്‍ വികസിപ്പിക്കാന്‍ നല്‍കിയത്..
ഒന്‍പതിനായിരത്തില്‍ ഒന്‍പതിനായിരം പി.പി.ഇ കിറ്റുകളും തെര്‍മല്‍ സ്‌കാനറുകളും അതിഥി തൊഴിലാളികള്‍ക്ക് എത്തിച്ചുകൊടുത്ത സഹായങ്ങളും…
എതിര്‍ പാര്‍ട്ടിയില്‍ എന്ത് നടന്നാലും ഒരിക്കലും അഭിനന്ദിക്കരുത് എന്ന ചിന്തയുള്ളയാളല്ല തരൂര്‍.
കേരളത്തിന്റെ കൊവിഡ് പോരാട്ടത്തെക്കുറിച്ചുള്ള എഴുത്തുകളിലും സംസാരങ്ങളിലും അത് കാണാം. യു.എന്‍. വരെയെത്തിയ അനുഭവങ്ങളുടെ ഗുണമെന്ന് വേണമെങ്കില്‍ പറയാം..
വിശ്വപൗരത്വത്തിന്റെ മികവ്.
കടുത്ത എതിരാളികള്‍ക്ക് പോലും അംഗീകരിച്ചുകൊടുക്കേണ്ടിവന്ന ടൈറ്റിലായിരുന്നു ശശി തരൂര്‍ എം.പിയുടെ വിശ്വപൗരന്‍ എന്നത്. കൊവിഡ് സമയത്തെ സമാനതകളില്ലാത്ത പ്രവൃത്തികള്‍…
പിറകോട്ട് പോയാല്‍പ്പോലും കാണാം കേന്ദ്രസര്‍ക്കാരിനെതിരെ സമയാസമയങ്ങളിലുള്ള കൃത്യമായ നിശിതമായ വിമര്‍ശനങ്ങളെ.
സഭാ നടപടികളില്‍ ശ്രദ്ധേയമായ പ്രസംഗങ്ങള്‍ എടുത്ത് കാണിക്കാന്‍ പറഞ്ഞാല്‍ അതില്‍ ആദ്യ പത്തിലുണ്ടാവും വിവരാവകാശ നിയമത്തിന്റെ പല്ലും നഖവും ഊരുന്നതിനെതിരെയുള്ള തരൂരിന്റെ സമഗ്രമായ പ്രസംഗം.
ഏകസ്വരത്തില്‍ സ്തുതിപാടി നില്‍ക്കുന്നവരുടെ കൂട്ടം ആവരുത് കോണ്‍ഗ്രസ്
വിരുദ്ധാഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു പാര്‍ട്ടിയില്‍ ശശി തരൂര്‍ കത്തെഴുതിയാലും ഇനി രാഹുല്‍ ഗാന്ധിയെ തുറന്ന് വിമര്‍ശിച്ചാലും അതൊരു സ്വഭാവികമായ കാര്യമാണ്, അല്ലെങ്കില്‍ അങ്ങനെയാവണം കോണ്‍ഗ്രസ്.
ഗസ്റ്റ് റോളാണത്രേ…
പടം മുഴുവന്‍ അഭിനയിച്ചവര്‍ക്ക് കിട്ടാത്ത കയ്യടി വാങ്ങിയ ഗസ്റ്റ് റോളുകള്‍ കാണാത്തതുകൊണ്ട് തോന്നുന്നതാണ് സര്‍..
നാസിക്കിലെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ..കമ്മട്ടം. അതെടുത്തുകൊണ്ടുവന്ന് തൂക്കിയാലും തരൂരിരിക്കുന്ന തട്ട് താണുതന്നെ ഇരിക്കും.
സാറേ…രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല് കേറ്റി വിടല്ലേ…

https://www.facebook.com/Dr.Nelson.Joseph/posts/3704938559530056