ഇവര്‍ക്കുമുണ്ട് വേദന, ഒരു തുള്ളി കണ്ണുനീര്‍ വീഴും ഈ വീഡിയോ കണ്ടാല്‍

ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതു കൊണ്ട് ഭാര്യയുടെ മൃതദേഹവും ചുമന്ന് നടന്ന ഭര്‍ത്താവ്, മകളുടെ മൃതദേഹം ബൈക്കില്‍ കൊണ്ട് വരുന്ന അച്ഛന്‍ ഇങ്ങിനെ ഉത്തരേന്ത്യയില്‍ നിന്നും കരളലിയിക്കുന്ന വാര്‍ത്തകള്‍ ഒരുപാടുണ്ടായിട്ടുണ്ട് മുമ്പ്. അന്നൊക്കെ ആ വാര്‍ത്തകള്‍ വായിച്ച് നെടുവീര്‍പ്പോടെയിരിക്കും. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കുമുണ്ട് ഇത്തരം വേദനകള്‍.

ജീവന്‍ നഷ്ടപ്പെട്ട കുട്ടിയാനയെയും എടുത്ത് വേദനയോടെ റോഡിന് കുറുകെ നടന്നു വരുന്ന ആന. തുമ്പിക്കൈയില്‍ നിന്നും നിലത്തേക്ക് ഊര്‍ന്ന് വീഴുന്ന ജഡം. പിന്നാലെ വരുന്ന അടുത്ത ആന ജീവനുണ്ടോ എന്ന് ഒന്നുകൂടി നോക്കുന്നു. ജീവനില്ലെന്നറിയുമ്പോള്‍ ആദ്യമെത്തിയ ആനയോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്ന രംഗം. ഏതൊരാളുടേയും മനസൊന്ന് പിടഞ്ഞ് പോകും. വരിവരിയായി പിന്നെയും ആനകള്‍ എത്തുന്നുണ്ട്. റോഡില്‍ വീണു കിടക്കുന്ന ജഡം ചുമന്ന് വീണ്ടും കാട്ടിലേക്ക് പോകുന്ന ആനക്കൂട്ടങ്ങള്‍ അത്ര പെട്ടെന്നൊന്നും നമ്മളെ വിട്ട് പോകില്ല.

 

സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ആളുകളുടെ മനസിനെ വേദനിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ആണ് ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍ ഏത് സ്ഥലത്ത് നിന്നുള്ള കാഴ്ചയാണിതെന്ന് പ്രവീണ്‍ പറഞ്ഞിട്ടില്ല.