"ഇൻജെക്ഷൻ പ്രയോജനം ചെയ്യില്ല, മദ്യം പ്രയോജനം ചെയ്യും": ഡൽഹിയിലെ മദ്യ വിൽപനശാലയില്‍ എത്തിയ സ്ത്രീയുടെ വൈറൽ വീഡിയോ

രാജ്യത്ത് രണ്ടാം തരംഗം കോവിഡ് വ്യാപനം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഡൽഹിയിൽ 6 ദിവസത്തേക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കാൻ മാത്രമേ നിലവിൽ അനുമതിയുള്ളൂ. മദ്യവിൽപനശാലകളും അടച്ചിടുമെന്നാണ് തീരുമാനം. എന്നാൽ ഇതറിഞ്ഞതോടെ ഡൽഹിയിലെ മദ്യ വിൽപനശാലകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

അതേസമയം ലോക്ക്ഡൗൺ സമയത്ത് മദ്യ വിൽപനശാലകൾ അടച്ചിടരുതെന്ന് മദ്യം വാങ്ങാനെത്തിയ ഒരു സ്ത്രീ പറയുന്ന വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് . “രണ്ട് കുപ്പി മദ്യം വാങ്ങാനാണ് താന്‍ ഇവിടെ എത്തിയത്. ഇൻജെക്ഷൻ പ്രയോജനം ചെയ്യില്ല എന്നാൽ മദ്യം പ്രയോജനം ചെയ്യും. മരുന്ന് എനിക്ക് ഏൽക്കില്ല എന്നാൽ പെഗ് ഗുണം ചെയ്യും. ഞാന്‍ 35 വര്‍ഷമായി മദ്യപിക്കുന്നു, ഒരിക്കലും മരുന്ന് കഴിക്കേണ്ടി വന്നിട്ടില്ല. കുടിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാണ്”. വീഡിയോയിൽ സ്ത്രീ പറയുന്നു.