ഇക്കൊല്ലം സോഷ്യല്‍ മീഡിയയെ കിടിലം കൊള്ളിച്ച വാക്കുകള്‍

പൊതുസമൂഹം സംസാരിക്കന്നതില്‍നിന്ന് വിഭിന്നമാണ് എപ്പോഴും സോഷ്യല്‍ മീഡിയയിലെ വാക്കുകള്‍. ഇക്കൊല്ലമാണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ ഉരുത്തിരിഞ്ഞ് വന്ന വാക്കുകള്‍ കുറച്ച് അധികമുണ്ട്.

കുമ്മനടി, അമിട്ടടി, പിണുവടി, കുമ്മനാന

സോഷ്യല്‍ മീഡിയയില്‍ ഇക്കൊല്ലം ഏറ്റവും ഹിറ്റായ വാക്കിന് സംശയം വേണ്ട, കുമ്മനടി തന്നെ. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയ്‌ക്കൊപ്പം ട്രെയ്‌നില്‍ കയറിയതോടെയാണ് കുമ്മനടി എ്‌ന വാക്കിന് പ്രചാരം വന്നത്. ട്രോളായിട്ടാണ് വന്നതെങ്കിലും സംസാരത്തില്‍ പോലും ഇപ്പോള്‍ ഈവാക്ക് കയറി വരുന്നുണ്ട്. കുമ്മനടിക്ക് പിന്നാലെ അമിട്ടടിയും പിണുവടിയുമൊക്കെ വന്നെങ്കിലും കുമ്മനടിയുടെ പോപ്പുലാരിറ്റി മറ്റാര്‍ക്കുമില്ല. വാക്കുമായി ബന്ധപ്പെട്ട് തന്നെയാണ് കുമ്മനാനയും പ്രശസ്തമായത്. കൊച്ചി മെട്രോയുടെ ആനയ്ക്ക് പേരിടാന്‍ സോഷ്യല്‍ മീഡിയയോട് കെഎംആര്‍എല്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവര്‍ നിര്‍ദ്ദേശിച്ച പേരാണ് കുമ്മനാന.

ഒഎംകെവി

ഈ വര്‍ഷം തുടക്കം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ വാക്കാണ് ഒഎംകെവി എങ്കിലും പാര്‍വതി ജൂഡിനെ തെറി വിളിക്കാന്‍ ആ വാക്ക് ഇട്ടതോടെയാണ് അതിന് ജനകീയ സ്വഭാവം കൈവന്നത്. ഇന്നിപ്പോള്‍ ആര് എന്ത് പറഞ്ഞാലും ഒഎംകെവിയാണ് മറുപടി. അത് എന്താണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. ഒഎംകെവി പോസ്റ്റിനൊപ്പം ഫെമിനിച്ചി സ്പീക്ക്‌സ് എന്നൊരു ഹാഷ്ടാഗും പാര്‍വതി ഉപയോഗിച്ചിരുന്നു. ഫെമിനിസ്റ്റ് ആശയങ്ങള്‍ പങ്കുവെയ്ക്കുന്നവരെ അധിക്ഷേപിക്കാന്‍ ഫെയ്‌സ്ബുക്കിലെ മെയില്‍ ഷോവനിസ്റ്റുകള്‍ ഉപയോഗിച്ച വാക്കാണിത്.

തള്ളന്താനം, റിലാക്‌സേഷന്‍

തള്ള് നമ്മള്‍ കുറേക്കാലമായി പലരുടെയും കേള്‍ക്കുന്നുണ്ടെങ്കിലും അത്തരക്കാരെ വിളിക്കാന്‍ ഒരു പേര് കിട്ടിയത് ഇപ്പോഴാണ് “തള്ളന്താനം”. കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനവും അദ്ദേഹത്തിന്റെ ഭാര്യ ഷീലാ കണ്ണന്താനവും മാധ്യമങ്ങളോട് പറഞ്ഞതും പൊതുവേദിയില്‍ പ്രസംഗിച്ചതുമായ കാര്യങ്ങള്‍ കേട്ട സോഷ്യല്‍ മീഡിയയാണ് തള്ളന്താനം എന്ന വാക്ക് സൃഷ്ടിച്ചത്. ഇന്ന് ആ വാക്ക് വളരെ പോപ്പുലറാണ്. ഇതിനോട് കണക്ട് ചെയ്ത് തന്നെയാണ് റിലാക്‌സേഷനും ഹിറ്റായത്. കണ്ണന്താനത്തെക്കുറിച്ച് വാചാലയായ ഷീലാ കണ്ണന്താനം പറഞ്ഞ വാക്കാണ് റിലാക്‌സേഷന്‍. അത് സോഷ്യല്‍ മീഡിയ അങ്ങ് ഏറ്റെടുത്തു.

കിടുവേ

ആ കൊള്ളാല്ലോ എന്ന് പറഞ്ഞാല്‍ ഒരു പഞ്ചില്ല, അതുകൊണ്ട് സോഷ്യല്‍ മീഡിയ സൃഷ്ടിച്ച വാക്കാണ് കിടുവേ, കിക്കിടുവേ, കിക്കിടാനന്ത കിക്കിടുവേ ഒക്കെ. പ്ലീസ് ലൈക്ക് മൈ പ്രൊഫൈല്‍പിക്ക് ബ്രോയി ക്യാറ്റഗറിയിലുള്ള ഫ്രീക്കന്മാരാണ് കിടുവേയുടെ ഉപയോക്താക്കള്‍.