'പ്രിയ സ്വരാജ്, ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യാനും ,ലിഫ്റ്റില്‍ കയറാനും, ബൈക്കില്‍ ഒരുമിച്ച് യാത്ര ചെയ്യാനും അവകാശമുണ്ടെന്ന് താങ്കളുടെ സഹ സഖാക്കളെ കൂടി ബോധ്യപ്പെടുത്തണം'

ആണിനും പെണ്ണിനും ഒരുമിച്ച് ലിഫ്റ്റില്‍ കയറാനും, ബൈക്കില്‍ ഒരുമിച്ച് യാത്ര ചെയ്യാനും അവകാശമുണ്ടെന്ന് സഹ സഖാക്കളെ കൂടി ബോധ്യപ്പെടുത്തണമെന്ന്  ആവശ്യപ്പെട്ട് എം എല്‍ എ എം സ്വരാജിന് ആര്‍എംപി പ്രവര്‍ത്തകനായ ഷിനു കുമാറിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കൊലപ്പെട്ട ടി. പി. ചന്ദ്രശേഖരന്റെ വിധവയായ കെ.കെ രമയെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഡിവൈഎഫ്‌ഐ അധിക്ഷേപിച്ചതിനെ ചൂണ്ടികാട്ടിയാണ് ഫെയ്‌സ്ബുക്കില്‍ ഷിനു കുമാര്‍ പോസ്റ്റിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ വിപ്ലവ ശിങ്കങ്ങള്‍ സഖാവ് കെ.കെ രമയെ ആസ്ഥാന വിധവയെന്നാണ് വിശേഷിപ്പിച്ചിരുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. ഡിവൈഎഫ്‌ഐ നേതാവായ സ്വരാജിന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് കെ കെ രമയെ അധിക്ഷേപിച്ചത്.

മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ മോശമായ അര്‍ത്ഥത്തില്‍ പ്രചരിച്ച പ്പോള്‍ ഫെയ്‌സ്ബൂക്കിലൂടെ സംഭവത്തിനു വിശദീകരണവുമായി തൃപ്പുണിത്തുറ എംഎല്‍എ എം. സ്വരാജ് രംഗത്തു വന്നിരുന്നു. സ്വരാജും ഷാനി പ്രഭാകറും ലിഫ്റ്റില്‍ ഒരുമിച്ച് നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചയായിരുന്നു അപവാദ പ്രചാരണം. ഷാനി തന്റെ സുഹൃത്താണെന്നും ഭാര്യയോടൊപ്പം താമസിക്കുന്ന ഫ്ലാറ്റിലാണ് വന്നതെന്നുമായിരുന്നു സ്വരാജിന്‍റെ വിശദീകരണം. ഇതിനെയാണ് ഷിനുകുമാര്‍ ചോദ്യം ചെയ്യുന്നത്.   കെ കെ രമയുടെ കാര്യത്തില്‍ ഇത് ഡിവൈഎഫ്െഎ പരിഗണിച്ചില്ലെന്നാണ് ഷിനുകുമാര്‍ പറയുന്നത്.

“അതു കൊണ്ട് തന്നെ പ്രിയ സ്വരാജ്, ആണിനും പെണ്ണിനും ഒരുമിച്ച് യാത്ര ചെയ്യാനും ,ലിഫ്റ്റില്‍ കയറാനും, ബൈക്കില്‍ ഒരുമിച്ച് യാത്ര ചെയ്യാനും അവകാശമുണ്ടെന്ന് താങ്കളുടെ സഹ സഖാക്കളെ കൂടി ബോധ്യപ്പെടുത്തുന്നത് നന്നാവും. അത് താങ്കള്‍ക്ക് മാത്രമുള്ള അവകാശമല്ലെന്നും, മറ്റുള്ളവര്‍ ആ അവകാശം അനുവദിച്ച് കിട്ടാന്‍, സഹപ്രവര്‍ത്തകന്റെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനെ വേറൊരു തരത്തിലും എടുക്കാതിരിക്കാന്‍ അപേക്ഷ കൊടുത്തു കാത്തു കെട്ടിക്കിടക്കുകയല്ല എന്നും അവരെ കൂടെ ഓര്‍മ്മിക്കണമെന്നും അപേക്ഷിക്കുന്നു.”

ഒരു സ്ത്രീ, പൊതുപ്രവര്‍ത്തക, തന്റെ മകന്റെ പ്രായമുള്ള പാര്‍ട്ടി സഖാവിന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുന്നതിനെ “വേറെ അര്‍ത്ഥത്തില്‍” എടുക്കാതിരുന്നതിന്റെ ഔദാര്യ പ്രഖ്യാപനത്തിലെ പരിഹാസവും ഉന്നവുമൊക്കെ തിരിച്ചറിയാന്‍ വലിയ പ്രയാസമൊന്നുമില്ലെന്നും ആര്‍എംപി പ്രവര്‍ത്തകനായ ഷിനു കുമാര്‍ ഫെയസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടികാട്ടുന്നു.

നേരെത്ത എം.സ്വരാജ് എംഎല്‍എയോടൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് ഫെയസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നതിനെതിരെ മനോരമ ന്യൂസ് ചാനലിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരന്‍ ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു. ഫോട്ടോ പ്രചരിപ്പിച്ച് ലെംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണെന്നും. സ്ത്രീ എന്ന രീതിയില്‍  അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നുണ്ട്. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും അടക്കമാണ് പരാതി ഡിജിപിക്ക് നല്‍കിയിരിക്കുന്നത്. തിങ്ക് ഓവര്‍ കേരള എന്ന ഫേയ്സ്ബുക്ക് പേജിലാണ് ഇരുവരെയും അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്.