പാലക്കാട് നടന്ന ക്രൂരതയ്ക്ക് പഴി മലപ്പുറത്തിന്; സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിച്ച ചര്‍ച്ച

പാലക്കാട് മണ്ണാര്‍ക്കാട്ട് ഗര്‍ഭിണിയായ പിടിയാന പടക്കം നിറച്ച കൈതച്ചക്ക തിന്ന് ദാരുണമായി ചരിഞ്ഞ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും രോഷവും ശക്തമായിരിക്കുകയാണ്. സാക്ഷരതാനിരക്ക് വിദ്യാഭ്യാസത്തിന്റെ പ്രതിഫലനമല്ലെന്ന പഴിയാണ് ഈ ക്രൂരചെയ്തിയിലൂടെ മലയാളക്കരയ്ക്ക് കേള്‍ക്കേണ്ടി വന്നത്. എന്നാല്‍ പാലക്കാട് നടന്ന ക്രൂരതയ്ക്ക് പഴി കേട്ടുകൊണ്ടിരിക്കുന്നത് മലപ്പുറമാണ്. വിവിധ ദേശിയ മാധ്യമങ്ങള്‍ സംഭവം നടന്നത് മലപ്പുറത്താണ് എന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതോടെ സോഷ്യല്‍ മീഡിയയടക്കം മലപ്പുറത്തിന് നേരെയായി. മലപ്പുറത്തിനെതിരായി മേനക ഗാന്ധിയുടെ ട്വീറ്റ് കൂടി എത്തിയതോടെ മലപ്പുറം കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമായ ഇടമായി.

എന്‍ടിവി ടിവിയടക്കം ചില ദേശീയ മാധ്യമങ്ങള്‍ പിന്നീട് പാലക്കാട് ജില്ലയെന്നായി തിരുത്തിയെങ്കിലും സോഷ്യല്‍ മീഡിയ മലപ്പുറം ജില്ലയെ ആക്രമിച്ചു കൊണ്ടേയിരിക്കുകയാണ്. ഇതിനെ ചുറ്റിപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. നിരവധി പേര്‍ മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. മലയാളിയടക്കം മലയാളിയുടെ ക്രൂരതയെ ക്രൂശിക്കുമ്പോള്‍ പാലക്കാട് മലപ്പുറമായതിനെ തുറന്നു കാട്ടാന്‍ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്. മതപരമായും സംഭവത്തില്‍ മലപ്പുറം വേട്ടയാടപ്പെടുന്നു എന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ചിരിക്കുന്നു.

ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍…

“ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ടത് മലപ്പുറത്ത് അല്ല, പാലക്കാട് ആണ്. മലപ്പുറത്ത് ആണ് എന്ന് നുണ പറയുകയാണ് മനേകാ ഗാന്ധി.ആനയുടെ വായില്‍ പടക്കം ഒളിപ്പിച്ച പൈനാപ്പിള്‍ നല്‍കുകയായിരുന്നില്ല. കാട്ടുപന്നികള്‍ക്കായി ഒരുക്കിയ കെണിയില്‍ പാവം ആന പെടുകയായിരുന്നു . പന്നികള്‍ക്കാണെങ്കിലും ഇത് നിയമ വിരുദ്ധ പ്രവര്‍ത്തനമാണ്.”

മുസ്ലിം ഭൂരിപക്ഷമുള്ള മലപ്പുറം ഹിന്ദുക്കളുടെ ആനകളെ കൊല്ലുന്നുവെന്ന മുറവിളിയാണ് അന്യസംസ്ഥാന സംഘികള്‍ രാജ്യം മുഴുവന്‍ പടര്‍ത്തുന്നത്. മനേകാ ഗാന്ധി ഇതിന് വളം വെച്ചു കൊടുക്കുന്നു. പച്ചയ്ക്ക് പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും കത്തിച്ചു കൊന്നിട്ടും മിണ്ടാത്തവരാണ് പുതിയ വെറുപ്പിന്റെ പ്രചാരണം ഏറ്റെടുത്തത്. മനേകാ ഗാന്ധി തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശം തിരുത്തണം. മൃഗവേട്ട ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആനയെ കൊന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. വെറുപ്പിന്റെ പ്രചാരകര്‍ പിരിഞ്ഞു പോകണം.” ജവേദ്

“പാലക്കാട് ഒരു ഗര്‍ഭിണിയായ ആനയ്ക്ക് എതിരെ നടന്ന ക്രൂരതയെ മലപ്പുറത്തുകാരുടെ തലയില്‍ കൊണ്ട് വെച്ച് ഇന്ത്യയിലെ ഏറ്റവും വയലന്റ് ആയ ജില്ലയാണ് മലപ്പുറമെന്നും അവിടെ മൂന്നു ദിവസത്തില്‍ ഒരിക്കല്‍ ഒരു ആന കൊല്ലപ്പെടുന്നു എന്നുമൊക്കെയുള്ള മനേകാ ഗാന്ധിയുടെ ട്വീറ്റ് കണ്ടു. ജാതിയും മതവും നോക്കി മനുഷ്യരെ കൊല്ലുന്നവരുടെ ആനസ്‌നേഹം അവിടെ നില്ക്കട്ടെ. ഉത്സവത്തില്‍ എഴുന്നള്ളിക്കാന്‍ എന്ന പേരില്‍ ആനകളെ പീഡിപ്പിക്കുന്നവരെ കുറിച്ച് ഒരു വാക്ക് പ്ലീസ്!”- റീന

“തിരുവിഴാംകുന്ന് മലപ്പുറത്ത് അല്ല എന്നൊരു സങ്കേതിക പിഴവ് മാത്രമേ മനേക ഗാന്ധിക്ക് പറ്റിയിട്ടുളളൂ. മലപ്പുറം ജില്ലയിലെ പ്രദേശങ്ങള്‍ ചരിത്രപരമായി തന്നെ വയലന്‍സ് ഉള്ളടക്കമായുള്ളതാണ്. പോര്‍ച്ചുഗീസുകാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കുമൊക്കെ അത് നന്നായി അറിയാം. നമ്മള്‍ മലപ്പുറത്തുകാര്‍ക്കാണ് ഇത്തിരി മറവി സംഭവിച്ചത്. അവരത് ഓര്‍മ്മിപ്പിച്ചത് നന്നായി. അല്ലാതെ നന്മയുള്ളൊരു മലപ്പുറം സംഘഗാനം നമുക്ക് ചേരൂലാ..”- അമീന്‍ ഹസന്‍

“വിള നശിപ്പിക്കുന്ന കാട്ടുപന്നിക്ക് കര്‍ഷകര്‍ വച്ചത് ദൗര്‍ഭാഗ്യവശാല്‍ ആനക്ക് ആണ് കിട്ടിയത്, പാലക്കാട് ജില്ലയില്‍ ആണ് സംഭവം. പക്ഷെ ചാണക സങ്കികള്‍ ഈ അവസരവും വിദ്വേഷ പ്രചാരണത്തിന് ആയുധമാക്കി.. മലപ്പുറം ഇന്നലെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആണ്. ആനകള്‍ ഹിന്ദുക്കള്‍ ആയത് കൊണ്ട് മലപ്പുറത്തെ മുസ്ലിങ്ങള്‍ കൊന്നൊടുക്കുന്നു എന്നതാണ് രത്‌നചുരുക്കം.”

“ലോകസഭാ അംഗം കൂടെയായ മനേകാ ഗാന്ധിയും കേന്ദ്ര മന്ത്രിയായ പ്രകാശ് ജാവദേക്കര്‍ മുതലുള്ള പ്രമുഖരും നല്ലോണം എണ്ണ ഒഴിച്ച് കൊടുക്കുകയും ചെയ്തു.
മനുഷ്യരെ വെട്ടിയും തല്ലിയും കൊല്ലുമ്പോള്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്ന സകല കീടങ്ങളും ഇന്നലെ മനുഷ്യത്വം മരിച്ചു എന്നും പറഞ്ഞ് ഓരിയിടുകയായിരുന്നു..
CAA ആരെയും പുറത്താക്കാന്‍ ഉള്ളതല്ല എന്ന് പറഞ്ഞ് നടന്ന മിത്രങ്ങളും ഉടന്‍ തന്നെ CAA നടപ്പാക്കി ഇവിടെ ശുദ്ധീകരണം നടത്തേണ്ട ആവശ്യകതയെ പറ്റി ഇപ്പോള്‍ ക്ളാസെടുക്കുന്ന തിരക്കിലുമാണ്. സങ്കികളുടെ നികൃഷ്ടതയ്ക്ക് പകരം വെയ്ക്കാന്‍ ഈ ലോകത്ത് വേറെ അധമ ജന്മങ്ങള്‍ ആരുമില്ല!”- അഷ്‌കര്‍

“മലയാളിയാണ് മലപ്പുറത്തിന് നേരെ പന്നിപ്പടക്കമെറിഞ്ഞത്”
“ചൊവാഴ്ച വൈകീട്ടാണ് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ കേരളത്തിലെ ഫോറസ്റ്റ് ഓഫീസര്‍ മോഹന്‍ കൃഷ്ണന്റെ മലയാളത്തിലുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന്റെ മറ്റൊരാള്‍ ചെയ്ത ഇംഗ്‌ളീഷ് പരിഭാഷയെ ആസ്പദമാക്കിയ ഇംഗ്ലീഷ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്‍.ഡി.ടി.വിയില്‍ വന്ന വാര്‍ത്തയുടെ പിറകെ പോയി നോക്കിയപ്പോള്‍ റിപ്പോര്‍ട്ടിന് ആധാരമാക്കിയത് മോഹന്‍ കൃഷ്ണന്റെ പോസ്റ്റല്ല. ഫോറസ്റ്റ് ഓഫീസര്‍ തന്റെ പോസ്റ്റില്‍ പറയാത്തത് സ്വന്തം മേമ്പൊടിയായി മുകളില്‍ ചേര്‍ത്ത് പങ്കുവെച്ച വിദ്വാന്‍ ആണ് മലപ്പുറത്താണ് സംഭവമെന്ന് പറഞ്ഞിരിക്കുന്നത്.”

“തബ് ലീഗുകാര്‍ കോവിഡ് പരത്താന്‍ മൂത്രം ബോട്ടിലിലാക്കി റോട്ടിലെറിഞ്ഞുവെന്ന നുണയും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നറിയുന്നത് കൊണ്ടാണ് ഉറവിടം തപ്പിപ്പോയത്. പോസ്റ്റില്‍ സ്വന്തം മേമ്പൊടി ചേര്‍ത്ത ഒരാള്‍ പാലക്കാട് – മലപ്പുറം അതിര്‍ത്തി എന്ന് എഴുതിയപ്പോള്‍ അതിനെ ആശ്രയിച്ചെഴുതിയ മറ്റൊരാള്‍ മലപ്പുറത്ത് തന്നെയാക്കി.”

Read more

“പല മലയാള മാധ്യമങ്ങളും സ്വന്തം നാട്ടിലുള്ള ഫോറസ്റ്റ് ഓഫീസറെ ബന്ധപ്പെടാതെ എന്‍.ഡി.ടി.വി അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങളുടെ ഈ നുണ അപ്പടി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു വിതരണം തുടങ്ങി. മലപ്പുറത്തെ കുറിച്ച് സുബ്രഹ്മണ്യം സ്വാമി പരിചയപ്പെടുത്തിയത് മാത്രം കേട്ടിട്ടുള്ള സംഘികളെല്ലാം തുടര്‍ന്ന് മൃഗസ്‌നേഹികളായി ഉണര്‍ന്നെണീക്കുന്നതാണ് കണ്ടത്.
ബുധനാഴ്ച എന്‍.ഡി.ടി.വി സ്വന്തം വാര്‍ത്തയില്‍ ജില്ല മലപ്പുറം പാലക്കാടാക്കി തിരുത്തിയെങ്കിലും ട്വിറ്ററിലും ഫെയ്സ് ബുക്കിലും ആളുകള്‍ മലപ്പുറത്തെ ആക്രമിച്ചു കൊണ്ടിരിക്കുയാണ്. ഒടുവില്‍ സംഭവം മലപ്പുറത്തല്ല എന്ന് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകരോട് ബുധനാഴ്ച വൈകീട്ട് പറയുമ്പോഴും അവര്‍ക്ക് വിശ്വാസം വരുന്നില്ല. മലയാളമറിയാത്ത മനേക ഗാന്ധിയല്ല, ഇംഗ്ലീഷ് അറിയുന്ന ഒരു മലയാളി തന്നെയാണ് മലപ്പുറത്തിന് നേരെ ഈ പന്നിപ്പടക്കമെറിഞ്ഞത്.”- ഹസനുല്‍ ബന്ന