കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അബദ്ധം ഏറ്റെടുത്ത് ട്രോളന്മാര്‍

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അബദ്ധം ഏറ്റെടുത്ത് ട്രോളന്മാര്‍. മണ്ഡലം മാറി വോട്ട് ചോദിച്ച കേന്ദ്രമന്ത്രിയുടെ അമളിയാണ് തിരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമായിരിക്കുന്നത്.

കണ്ണന്താനത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് അബദ്ധത്തോടെയായിരുന്നു. ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ വിമാനത്തിലാണ് കണ്ണന്താനം എത്തിയത്. ഇവിടെ വലിയ തോതില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. വിമാനത്താവളത്തില്‍ ജോലിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളികളോടായിരുന്നു കേന്ദ്രമന്ത്രി ആദ്യം വോട്ട് അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് അമളി മനസിലാക്കി അവിടെ നിന്ന് യാത്ര തിരിച്ചു.

കെഎസ്ആര്‍ടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര. ആലുവ പറവൂര്‍ കവലയില്‍ ബസില്‍ നിന്നും ഇറങ്ങിയ കണ്ണന്താനം വോട്ട് ചോദിച്ചു. നാട്ടുകാരോടാണ് കണ്ണന്താനം വോട്ട് ചോദിച്ചത്. ഉടനെ പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു ഇത് ചാലക്കുടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. മന്ത്രി മണ്ഡലം മാറിയാണ് വോട്ട് തേടിയതെന്ന് മനസിലാക്കിയത് അപ്പോഴാണ്. പിന്നീട് പാര്‍ട്ടിക്കാര്‍ കൊണ്ടു വന്ന കാറില്‍ കണ്ണന്താനം എറണാകുളം മണ്ഡലത്തിലേക്ക് പോയി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു.