'നിയമ സംവിധാനങ്ങളുടെ പരാജയമാണ് കൂടത്തായി, പോസ്റ്റ്‌മോര്‍ട്ടം എന്നാല്‍  ശരീരം വെട്ടിക്കീറുക എന്നാണ് പലരുടെയും ധാരണ': വെെറലായി ഡോക്ടറുടെ കുറിപ്പ്

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം കല്ലറ പരിശോധിച്ചതിലൂടെയാണ് കേസിലെ ചുരുളഴിഞ്ഞത്. മരണങ്ങള്‍ നടന്ന സമയത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നെങ്കില്‍ ഇക്കാര്യങ്ങളെല്ലാം അന്നേ കണ്ടെത്താമായിരുന്നു. മാത്രമല്ല കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം വിദഗ്ധനായ ഡോ. ജിനേഷ് പിഎസിന്റെ കുറിപ്പ് പങ്കുവെച്ച് ഡോ. വീണ ജെഎസും പറയുന്നതും ഇതു തന്നെ.

കുറിപ്പ് ഇങ്ങനെ;

//ഹെല്‍ത്ത് സര്‍വീസില്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്ളത്ര സൗകര്യമില്ലാത്ത ആശുപത്രികളില്‍ ഫോറന്‍സിക് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ അല്ലാത്ത ഡോക്ടര്‍മാരെ നിര്‍ബന്ധിച്ച് പോസ്റ്റ്‌മോട്ടം ചെയ്യിക്കുന്ന എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നു ! ഒരു കാര്യം മനസ്സിലാക്കണം. ഒരു ഹാര്‍ട്ട് അറ്റാക്ക് ചികിത്സിക്കാന്‍ കാര്‍ഡിയോളജിസ്റ്റ് എന്തുമാത്രം ആവശ്യമാണോ, ഒരു പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്താന്‍ ഒരു ഫോറന്‍സിക് മെഡിസിന്‍ സ്‌പെഷലിസ്റ്റ് അത്രയുമോ അല്ലെങ്കില്‍ അതിലധികമോ ആവശ്യമാണ്. അല്ലെങ്കില്‍ തലക്കകത്ത് സര്‍ജറി ചെയ്യാന്‍ ന്യൂറോസര്‍ജന്‍ എന്തുമാത്രം ആവശ്യമാണോ, അതുപോലുള്ള പ്രാധാന്യം ഫോറന്‍സിക് മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ക്കും ഉണ്ട്, പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍.//

Must read from Dr Jinesh PS

കൂടത്തായിയിലെ കൊലപാതക പരമ്പര വാര്‍ത്തകള്‍ വായിച്ചുകൊണ്ടിരിക്കുന്നു.

ആറുപേര്‍ മരിച്ചിട്ട് ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന മാത്രമാണ് നടത്തിയിരിക്കുന്നത്. സത്യത്തില്‍ ഇത് നമ്മുടെ നിയമ സംവിധാനങ്ങളുടെ പരാജയമാണ്.

ഒരു ശരീരം ജീര്‍ണിച്ച് എല്ലു മാത്രമാവാന്‍ ഒരു വര്‍ഷം മതിയാവും. ഈ എല്ലുകളും പല്ലുകളും ദ്രവിക്കും.

തുറസ്സായ പരിസ്ഥിതിയില്‍ ജീര്‍ണ്ണിക്കല്‍ പ്രക്രിയ വളരെ വേഗത്തില്‍ നടക്കും. ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന, പെട്ടിയില്‍ അടക്കം ചെയ്തിരിക്കുന്ന ശരീരങ്ങളില്‍ ഒരു വര്‍ഷം ഏകദേശം എടുക്കും.

അല്ലെങ്കില്‍ ശരീരത്തില്‍ മമ്മിഫിക്കേഷന്‍ നടന്നിരിക്കണം. മമ്മിഫിക്കേഷനും അഡിപ്പോസിയറും ജീര്‍ണിക്കല്‍ പ്രക്രിയയില്‍ തടസ്സങ്ങള്‍ ഉണ്ടാക്കുന്നു. അതായത് ശരീരം ജീര്‍ണ്ണിക്കാതെ, മമ്മി അവസ്ഥയിലേക്കോ അഡിപോസിയര്‍ അവസ്ഥയിലേക്കോ മാറുന്നു.

ഇതല്ലാതെ എല്ലാ സാഹചര്യത്തിലും ശരീരം എല്ലുകള്‍ മാത്രമായി മാറുന്നു. അവയും ദ്രവിച്ച് പൊടിയുന്നു. 3 മുതല്‍ 10 വര്‍ഷം വരെ മതി ഇതിന്.

അങ്ങനെയുള്ള അവസരങ്ങളില്‍ വര്‍ഷങ്ങള്‍ക്കുശേഷം എക്‌സ്യുമേഷന്‍ നടത്തിയാല്‍ എന്ത് കണ്ടു പിടിക്കാന്‍ സാധിക്കും എന്നാണ് കരുതുന്നത് ?

വാര്‍ത്തകളില്‍ കണ്ടത് സയനൈഡ് നല്‍കി കൊലപാതകപരമ്പര നടത്തി എന്നാണ്. എല്ലുകളില്‍ നിന്നും സയനൈഡ് കണ്ടുപിടിക്കാനുള്ള സാധ്യത വളരെ വിരളമാണ് എന്നാണ് അഭിപ്രായം.

എല്ലാ അസ്വാഭാവിക മരണങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തണമെന്നാണ് നിയമം. എന്നുവച്ചാല്‍ മരണകാരണം സ്വാഭാവികമാണ് (Natural death) എന്ന് ഉറപ്പില്ലാത്ത എല്ലാ മരണങ്ങളിലും. പക്ഷേ, നടക്കാറില്ല. എങ്ങനെയും പോസ്റ്റ്‌മോര്‍ട്ടം പരിശോധന ഒഴിവാക്കാന്‍ വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്ന എത്രയോ പേരുണ്ട് !

പോസ്റ്റ്‌മോര്‍ട്ടം പരിശോധന എന്നാല്‍ ശരീരം വെട്ടിക്കീറുകയാണ് എന്നാണ് പലരുടെയും ധാരണ. അങ്ങനെയല്ല എന്ന് പറഞ്ഞാല്‍ പോലും പലര്‍ക്കും മനസ്സിലാവില്ല. ശസ്ത്രക്രിയകള്‍ എങ്ങനെയാണോ നടക്കുന്നത് അതിന് സമാനമായ കാര്യങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലും നടക്കുന്നത്. ചെയ്തു എന്നതുകൊണ്ട് ശരീരത്തില്‍ മോശമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

അല്ലെങ്കില്‍ മറ്റു പല രാജ്യങ്ങളിലും നടക്കുന്നതുപോലെ സി ടി സ്‌കാന്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയും (virtual autopsy) രക്തസാമ്പിള്‍ രാസ പരിശോധനയും നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം.

അതൊക്കെ മനസ്സിലാക്കി പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തേണ്ട സാഹചര്യങ്ങളില്‍ നടത്തിയില്ലെങ്കില്‍ ഇതുപോലുള്ള കേസുകള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും.

ഹെല്‍ത്ത് സര്‍വീസില്‍ മെഡിക്കല്‍ കോളേജുകളില്‍ ഉള്ളത്ര സൗകര്യമില്ലാത്ത ആശുപത്രികളില്‍ ഫോറന്‍സിക് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുകള്‍ അല്ലാത്ത ഡോക്ടര്‍മാരെ നിര്‍ബന്ധിച്ച് പോസ്റ്റ്‌മോട്ടം ചെയ്യിക്കുന്ന എത്രയോ സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നു ! ഒരു കാര്യം മനസ്സിലാക്കണം. ഒരു ഹാര്‍ട്ട് അറ്റാക്ക് ചികിത്സിക്കാന്‍ കാര്‍ഡിയോളജിസ്റ്റ് എന്തുമാത്രം ആവശ്യമാണോ, ഒരു പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്താന്‍ ഒരു ഫോറന്‍സിക് മെഡിസിന്‍ സ്‌പെഷലിസ്റ്റ് അത്രയുമോ അല്ലെങ്കില്‍ അതിലധികമോ ആവശ്യമാണ്. അല്ലെങ്കില്‍ തലക്കകത്ത് സര്‍ജറി ചെയ്യാന്‍ ന്യൂറോസര്‍ജന്‍ എന്തുമാത്രം ആവശ്യമാണോ, അതുപോലുള്ള പ്രാധാന്യം ഫോറന്‍സിക് മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ക്കും ഉണ്ട്, പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍.

ഒരു കാര്യം കൂടി. പോസ്റ്റ്‌മോര്‍ട്ടം പരിശോധന വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഡോക്ടര്‍ അല്ല. പൊലീസിന്റെ ചുമതലയാണ് അത്.

മരണം സ്വാഭാവികമല്ല എന്നാണ് ചികിത്സിച്ച ഡോക്ടര്‍ക്ക് മനസ്സിലാവുന്നത് എങ്കില്‍ പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുക എന്നതാണ് ഡോക്ടര്‍ ചെയ്യേണ്ടത്.

https://www.facebook.com/veenajs/posts/948273542203881