'വിമര്‍ശിച്ചതിന് സിപിഐഎമ്മുകാരില്‍നിന്ന് വധഭീഷണിയൊന്നും ഉണ്ടായിട്ടില്ല, എന്നാല്‍ സംഘപരിവാറില്‍നിന്നും അങ്ങനെയല്ല'

മാധ്യമപ്രവര്‍ത്തനത്തിനിടെ ഏറ്റവും കൂടുതല്‍ ആക്രമണം നേരിട്ടത് സംഘപരിവാറില്‍നിന്നാണെന്ന വെളിപ്പെടുത്തലുമായി ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍. സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിന്ധു സൂര്യകുമാറിന്റെ പ്രസ്താവന. കവര്‍ സ്റ്റോറി എന്ന ഏഷ്യാനെറ്റ് ന്യൂസിലെ പ്രതിവാര പരിപാടിയുടെ അവതാരകയാണ് സിന്ധു സൂര്യകുമാര്‍.

കവര്‍‌സ്റ്റോറി ചെയ്യുന്നത് ഒരു പുരുഷനായിരുന്നെങ്കില്‍ താന്‍ കേള്‍ക്കേണ്ടി വരുന്ന അത്ര അധിക്ഷേപം കേള്‍ക്കേണ്ടി വരില്ലായിരുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുക എന്നതാണ് സംഘപരിവാറിന്റെ രീതി. സംഘപരിവാറില്‍നിന്നും സിപിഐഎമ്മില്‍നിന്നും ഉണ്ടായ ആക്രമണം രണ്ടു തരമാണ്. സിപിഐഎമ്മിനെ അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, വധഭീഷണിയൊന്നും അവര്‍ മുഴക്കിയിട്ടില്ല. എന്നാല്‍ നമ്മളെ പരിഹസിച്ച്, വിമര്‍ശിച്ച്, വിവരംകെട്ടവളുമൊക്കെയാണെന്നു വരുത്തിതീര്‍ക്കാനായിരുന്നു സംഘപരിവാറുകാരുടെ ശ്രമം. സ്ത്രീയാണ് എന്നതുവച്ചുള്ള ഒരുതരം ആക്രമണം. അതിലൂടെ നമ്മളെ ചെറുതാക്കാം എന്ന ധാരണ. നമ്മളങ്ങ് ക്ഷീണിച്ച് ഇല്ലാതാകും എന്ന മട്ടിലുള്ള ശ്രമം, ഇതൊക്കെ സംഘപരിവാര്‍ ഭാഗത്തുനിന്നാണ് കൂടുതലും ഉണ്ടായിട്ടുള്ളത്.

ഇപ്പുറത്തു സഖാക്കളുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായിട്ടുണ്ട്. വ്യക്തിപരമായ ആരോപണങ്ങളൊക്കെ അവരും പറയാറുണ്ട്. പക്ഷേ, അധിക്ഷേപവും ആരോപണവും രണ്ടും രണ്ടാണ്.

തന്നെ വിമര്‍ശിക്കേണ്ടിവരുമ്പോള്‍ ഇവളാരാ കയറിയിരുന്ന് ആളുകളെ ചീത്ത പറയാന്‍ എന്ന രീതിയുണ്ട്. അവരൊക്കെ വലിയ വലിയ ആളുകളും എത്രയോ വര്‍ഷത്തെ അനുഭവങ്ങളുള്ള നേതാക്കന്മാരുമാണ്, ഈ പെണ്ണിനെന്തു കാര്യം എന്ന മട്ടിലാണ് പലരുടേയും ചോദ്യം. പെണ്ണായതുകൊണ്ടുള്ള അധിക്ഷേപങ്ങളാണ് ഇതെല്ലാം- സിന്ധു സൂര്യകുമാര്‍ പറയുന്നു.

പറയാത്ത കാര്യത്തിന്റെ പേരിലായിരുന്നു ദുര്‍ഗാദേവിയെ വിമര്‍ശിച്ചു എന്ന കോലാഹലം. ന്യൂസ് അവറിന്റെ പേരിലായിരുന്നു കോലാഹലങ്ങളെങ്കിലും അത് ന്യൂസ് അവറിന്റെ പേരിലാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. മറിച്ച്, ഞാന്‍ കവര്‍ സ്റ്റോറി ചെയ്യുന്ന ആളായതുകൊണ്ടാണെന്നാണ് അന്നും ഇന്നും മനസ്സിലാകുന്നത്.

ആ ന്യൂസ് അവറില്‍ അങ്ങനെയൊന്നും ഞാന്‍ പറഞ്ഞിട്ടില്ല, വിവാദമുണ്ടാക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. പക്ഷേ, നോക്കിവച്ചിരിക്കുന്ന ഒരു ടാര്‍ഗറ്റാണ് എന്നതുകൊണ്ട് ആക്രമിച്ചു എന്നേയുള്ളു. അത് വേറിട്ട ഒരു വലിയ തരം സൈബര്‍ ആക്രമണമോ അല്ലാത്ത ആക്രമണമോ ഒക്കെ ആയിരുന്നു. – സിന്ധു പറയുന്നു.

ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് ഈ പറയുന്ന സാഹചര്യമുണ്ടായത്. അതിനു ശേഷമാണ് ഞാന്‍ ദേശീയ വിഷയങ്ങള്‍ കൂടുതലും എടുത്തിട്ടുള്ളത്. അത് ഈ സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഉണ്ടായ മാറ്റംകൊണ്ടായിരിക്കാമെന്നും സിന്ധു സൂര്യകുമാര്‍ പറയുന്നു.