ഡിജിറ്റൽ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടുന്ന മോദി ഭരണവും ഡിജിപബ് എന്ന സംഘടനയുടെ അനിവാര്യതയും

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷൻ എന്ന ഡിജിറ്റൽ മാധ്യമങ്ങളുടെ അസോസിയേഷൻ രൂപീകരിക്കുന്നത്. ഇന്ത്യയിലെ പതിനൊന്ന് ഡിജിറ്റൽ മാധ്യമ സ്ഥാപനങ്ങൾ ചേർന്നാണ് ഡിജിപബ് ന്യൂസ് ഇന്ത്യാ ഫൗണ്ടേഷന്‍ (DIGIPUB News India Foundation) എന്ന കൂട്ടായ്മ രൂപീകരിച്ചത്. ആൾട്ട് ന്യൂസ്, ആർട്ടിക്കിൾ 14, ബൂംലൈവ്, കോബ്രപോസ്റ്റ്, എച്ച്ഡബ്ല്യു ന്യൂസ്, ന്യൂസ്‌ക്ലിക്ക്, ന്യൂസ്‌ലാൻ‌ഡ്രി, സ്ക്രോൾ.ഇൻ, ന്യൂസ് മിനിറ്റ്, ദി ക്വിന്റ്, ദി വയർ എന്നീ സ്ഥാപനങ്ങളാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത്.

ഡിജിറ്റല്‍ മാധ്യമ രംഗത്ത് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനായാണ് ഡിജിപബ് ഫൗണ്ടേഷന്‍ രൂപീകരിച്ചിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ രംഗത്ത് മാത്രം കേന്ദ്രീകരിക്കുന്ന ന്യൂസ് സ്ഥാപനങ്ങള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കുമായിരിക്കും ഫൗണ്ടേഷനില്‍ അംഗത്വം.

ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനെ കുറിച്ചും ഇത്തരമൊരു കൂട്ടായ്‍മയുടെ ആവശ്യകതയെക്കുറിച്ചും കൂടുതലറിയാൻ സഹായിക്കുന്നതാണ് ഡിജിപബ് ഭാരവാഹികളായ ധന്യ രാജേന്ദ്രൻ, അഭിനന്ദൻ സെഖ്രി എന്നിവരുമായി എച്ച്ഡബ്ല്യു ന്യൂസ് ഇംഗ്ലീഷിൻറെ മാനേജിംഗ് എഡിറ്റർ സുജിത് നായർ “എഡിറ്റോറിയൽ” എന്ന പരിപാടിയിൽ നടത്തിയ സംവാദം. ദി ന്യൂസ് മിനിട്ട് എഡിറ്ററും കോ ഫൗണ്ടറുമായ ധന്യാ രാജേന്ദ്രൻ ഡിജിപബ് ഇന്ത്യയുടെ ചെയര്‍പേഴ്സനാണ്. ന്യൂസ് ലോണ്ട്രിയുടെ അഭിനന്ദന്‍ സെക്രി അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിമാരിൽ ഒരാളാണ്.

ഡിജിറ്റൽ മാധ്യമങ്ങളെക്കുറിച്ച് ജനങ്ങൾക്ക് സമ്മിശ്ര അഭിപ്രായങ്ങളാണ് ഉള്ളതെന്ന് ആമുഖമായി സുജിത് നായർ പറയുന്നു. ഡിജിറ്റൽ മാധ്യമങ്ങൾ സ്വാതന്ത്രമാണന്നും സത്യസന്ധമാണെന്നും ചിലർ വിചാരിക്കുന്നു. എന്നാൽ ഇടതുപക്ഷ ചായ്‌വുള്ളവയാണ് ഡിജിറ്റൽ മാധ്യമങ്ങൾ എന്നും കാശ് വാങ്ങി പ്രവർത്തിക്കുന്നവയാണെന്നും ചിലർ കരുതുന്നു. ചിലർക്ക് ഡിജിറ്റൽ മാധ്യമങ്ങൾ കോൺഗ്രസ് പക്ഷത്താണ്, ചിലർക്ക് അത് ദേശവിരുദ്ധവും ഹിന്ദു വിരുദ്ധവുമാണ്. എന്നാൽ എന്താണ് ഡിജിറ്റൽ മാധ്യമം, അവ ദേശവിരുദ്ധമാണോ എന്നതാണ് തന്റെ ഒരു ചോദ്യം എന്ന് സുജിത് നായർ പറയുന്നു.

കഴിഞ്ഞ ഏഴ് വർഷ കാലയളവിനുള്ളിൽ ഇന്ത്യയിലെ ഡിജിറ്റൽ മാധ്യമ രംഗത്ത് വിവിധ ഭാഷകളിലായി നിരവധി സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്ന് ധന്യ രാജേന്ദ്രൻ പറയുന്നു. അതേസമയം കഴിഞ്ഞ രണ്ടുമൂന്ന് വർഷമായി കേന്ദ്ര സർക്കാർ ഡിജിറ്റൽ മാധ്യമങ്ങളെ ഭയപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. അതിനാൽ തന്നെ ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തുന്നു, അതിന്റെ ഭാഗമായി പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നു. ഇതിനാൽ തന്നെ ഡിജിറ്റൽ മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ ഒരു കൂട്ടായ്‌മ ആവശ്യമാണെന്ന് മനസ്സിലാക്കുകയായിരുന്നു എന്ന് ധന്യ രാജേന്ദ്രൻ പറയുന്നു. മുഖ്യധാരാ ഡിജിറ്റൽ മാധ്യമങ്ങൾക്ക് സംഘടനകൾ ഉണ്ടെങ്കിലും ചെറിയ നിലയിലുള്ള ഡിജിറ്റൽ മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്ന അവർക്ക് വേണ്ടി സംസാരിക്കുന്ന ഒരു കൂട്ടായ്‌മ ഇല്ലെന്ന് മനസ്സിലാക്കിയതും ഡിജിപബ് ഫൗണ്ടേഷന്റെ രൂപീകരണത്തിന് പ്രചോദനമായി. ഡിജിറ്റൽ മാധ്യമങ്ങളുടെ പ്രവർത്തനങ്ങളിൽ പാലിക്കണ്ടേ പെരുമാറ്റ ചട്ടങ്ങളും അച്ചടക്കവും ഡിജിപബിന്റെ ഉദ്ദേശ്യങ്ങളിൽ ഒന്നാണെന്ന് ധന്യ രാജേന്ദ്രൻ പറയുന്നു.

Read more

നിലവിൽ ഡിജിപബിൽ മുപ്പത് സ്ഥാപനങ്ങൾ അംഗങ്ങളാണെന്ന് അഭിനന്ദന്‍ സെക്രി പറയുന്നു. ഡിജിറ്റൽ കാലത്ത് വാർത്ത എന്നത് ഒരു സാഹസ പ്രവര്‍ത്തിയാണ് ഇതിൽ നിന്നും വളരെ കുറച്ച് ലാഭം മാത്രമേ ഉണ്ടാക്കാൻ സാധിക്കൂ അത് ജനങ്ങൾ മനസിലാക്കണം. ഡിജിറ്റൽ മാധ്യമ പ്രവർത്തനം എന്നത് പെട്രോളിയം ഖനനം പോലെ ഒരു കച്ചവടം അല്ല. സത്യസന്ധമായ വാർത്തകൾ നൽകുക എന്നത് അപകടം പിടച്ച പണിയാണ് എന്നാൽ അതിൽ നിന്നും വലിയ ലാഭം ഉണ്ടാക്കാനും കഴിയില്ല. നിങ്ങളുടെ നിലനിൽപ്പിനെ നിർണ്ണയിക്കുന്നത് സർക്കാരുമായി നിങ്ങൾ എങ്ങനെ ഒത്തുതീർപ്പ് നടത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഡിജിറ്റൽ മാധ്യമങ്ങൾ വളരണമെന്ന് ഏതെങ്കിലും സർക്കാർ ആഗ്രഹിക്കുന്നുണ്ട് എന്ന് കരുതുന്നത് മിഥ്യാബോധമാണ്. രാജ്യത്ത് ലോക നിലവാരത്തിൽ ഉള്ള ഡിജിറ്റൽ മാധ്യമം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത് എന്നാൽ അതേസമയം അത്തരത്തിൽ ഒരു വളർച്ചയെ തടയുന്ന തരത്തിൽ നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ മാനിക്കുന്ന അതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധമുള്ള ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യയിൽ ഇല്ലെന്നും അഭിനന്ദന്‍ സെക്രി പറയുന്നു.