നഴ്‌സ് ലിനിയുടെ നിസ്വാര്‍ത്ഥ സേവനത്തെ ഓര്‍ത്തെടുത്ത് ഒരു വീഡിയോ ആല്‍ബം; എല്ലാ നഴ്‌സുമാര്‍ക്കും വേണ്ടി ഒരുക്കിയ 'ഐ ആം എ നഴ്‌സ്' ശ്രദ്ധേയമാകുന്നു

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനെ വകവെയ്ക്കാതെ രോഗബാധിതരെ സഹായിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയെ ഒരിക്കലും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടു. മെയ് 21ന് ലിനിയുടെ നിസ്വാര്‍ത്ഥ സേവനത്തെ ഒരിക്കല്‍ കൂടി കേരളക്കര ഓര്‍ത്തെടുത്തതാണ്. ഇപ്പോഴിതാ ലിനിയുടെ ജീവിതത്തെ മുന്‍നിര്‍ത്തി എല്ലാ നഴ്‌സുമാര്‍ക്കും വേണ്ടി ഒരുക്കിയ “ഐ ആം എ നഴ്‌സ്” എന്ന വിഡിയോ ആല്‍ബം ശ്രദ്ധേയമാകുകയാണ്.

ലിനിയുള്‍പ്പടെയുള്ള മാലാഖമാര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട്, സ്‌നേഹത്തിന്റെയും നന്ദിയുടേയും പ്രതീകമായാണ് “ഐ ആം എ നഴ്‌സ്” എന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ തയാറാക്കിയിരിക്കുന്നത്. ടോണി കുരിശിങ്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത “ഐ ആം എ നഴ്‌സ്” ഇതിനോടകം തന്നെ ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഡെന്‍സില്‍ ടോം ആണ് ഗാനം ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്നത്. ജയപ്രകാശിന്റെതാണ് വരികള്‍.

മാക്ലിന്‍ ഡിസൂസയാണ് സംഗീത സംവിധായകന്‍. വിഡിയോയുടെ ക്യാമറയും എഡിറ്റിങ്ങും സംവിധായകന്‍ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.മികച്ച പ്രേക്ഷക പ്രതികരണമാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.