കുവൈറ്റിലും സ്വദേശിവത്കരണം പിടിമുറുക്കുന്നു; ഇന്ത്യക്കാര്‍ ആശങ്കയില്‍

മറ്റ് അറബ് രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വദേശിവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഒരുങ്ങി കുവൈറ്റും. സമ്പൂര്‍ണ കുവൈറ്റ് വത്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയിലെ വിവിധ വകുപ്പുകളില്‍ വിദേശികളെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം കുവൈറ്റ് നടപ്പാക്കിത്തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്റെ നിര്‍ദേശാനുസരണമാണ് വിദേശി നിയമന നിരോധനം സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്.

വിദഗ്ധോപദേശകരുടെ കാര്യത്തിലും തീരുമാനം ബാധകമായിരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവാസി നിയമന നിരോധന തീരുമാനം സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയ ചുരുക്കം ചില തസ്തികകളില്‍ വിദേശികള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിരുന്നു.

സ്വദേശിവത്കരണത്തിന്റെ ഭാഗമായി കുവൈറ്റൈസേഷന്‍ ആന്‍ഡ് എംപ്ലോയ്മെന്റ് പാര്‍ലമെന്ററി കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം വിവിധ സര്‍ക്കാര്‍ ഒഴിവുകളില്‍ സ്വദേശികളെ മാത്രമായി നിയമിച്ചു തുടങ്ങി. അതോടൊപ്പം, സര്‍ക്കാര്‍ സര്‍വീസിലുള്ള വിദേശികളെ മാറ്റിയശേഷം സ്വദേശികള്‍ക്ക് ആ ജോലി നല്‍കാനുള്ള നടപടികളും ആരംഭിച്ചു. എങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി മന്ദഗതിയില്‍ നടന്നുവന്നിരുന്ന സ്വദേശീവല്‍ക്കരണ പ്രവര്‍ത്തനത്തിന് ഇതോടെ ആക്കം കൂടിയിരിക്കുകയാണ്. നിയമങ്ങള്‍ ശക്തമാകുന്നതോടെ ഇന്ത്യക്കാരുടെ അവസ്ഥ കൂടുതല്‍ ആശങ്കയിലാണ്.

എന്നാല്‍, രാജ്യം സമ്പൂര്‍ണ സ്വദേശിവത്കരണത്തിന്റെ പാതയിലായിരിക്കുമ്പോള്‍ 2012-ന് ശേഷം 2.5 ശതമാനം വിദേശികളുടെ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ 30 ശതമാനം വിദേശികള്‍ സര്‍ക്കാര്‍ പൊതുമേഖലയില്‍ സര്‍വീസില്‍ തുടരുന്നുണ്ട്.