കളറായാലും മുടി കേടാവില്ല ! ഹോളി ആഘോഷങ്ങളിലെ നിറങ്ങളിൽ നിന്നും മുടിയെ സംരക്ഷിക്കാനുള്ള വഴികൾ !

നിറങ്ങളുടെയും സന്തോഷത്തിൻ്റെയും ഉത്സവമാണ് ഹോളി. നിറങ്ങളിൽ ആറാടാൻ ഇനി ദിവസങ്ങൾ മാത്രം. എപ്പോഴും മിക്കവർക്കും പണികിട്ടുന്ന ഒരു കാര്യം കളർപൊടിയിലും വാട്ടർ ബലൂണുകളിലും പെട്ട് മുടിക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് ദോഷം ചെയ്യും, കാരണം നിറമുള്ള പൊടികളും വാട്ടർ ബലൂണുകളും ഉപയോഗിച്ച് കളിക്കുന്നത് നിങ്ങളുടെ മുടി വരണ്ടതും പൊട്ടുന്നതുമാക്കി മാറ്റാൻ ഇടയാക്കും.

ദി എസ്തറ്റിക് ക്ലിനിക്കിലെ കൺസൾറ്റൻറ്റ് ഡെർമറ്റോളജിസ്റ്റ്, കോസ്‌മെറ്റിക് ഡെർമറ്റോളജിസ്റ്റ്, ഡെർമറ്റോ – സർജനുമായ ഡോ. റിങ്കി കപൂർ, ഹോളി സമയത്ത് മുടി സംരക്ഷിക്കാൻ ചില ഹെയർ കെയർ ടിപ്പുകൾ പറയുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

മുടിയിൽ എണ്ണ തേക്കുക: നിറങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിന് മുമ്പ് മുടിയിൽ വെളിച്ചെണ്ണ തേക്കുന്നത് മുടിയെ സംരക്ഷിക്കുന്നു. വെളിച്ചെണ്ണ ഉപയോഗിച്ച് മുടിയിൽ എണ്ണ തേക്കുന്നത് മുടിക്കും നിറങ്ങളിൽ അടങ്ങിയിരിക്കുന്ന കഠിനമായ രാസവസ്തുക്കൾക്കും ഇടയിൽ ഒരു സംരക്ഷണ തടസ്സം സൃഷ്ടിക്കും. ആഘോഷങ്ങൾക്ക് ശേഷമുള്ള മുടി വൃത്തിയാക്കാനും ഇത് സഹായിക്കും.

മുടി കെട്ടിവയ്ക്കുക: മുടി കെട്ടിവയ്ക്കുന്നതും പിന്നിയിടുന്നതും മുടിയുടെ കേടുപാടുകൾ തടയും. മുടിയിഴകൾ ഒന്നിച്ച് നിൽക്കാനും മുടി പിണയുന്നത് തടയാനും നിറങ്ങളിലേക്കുള്ള എക്സ്പോഷർ കുറയ്ക്കാനും ഇത് സഹായിക്കും.

തല ഒരു സ്കാർഫ് അല്ലെങ്കിൽ തൊപ്പി ഉപയോഗിച്ച് മൂടുക: മുടിയിൽ നിറങ്ങൾ ആകുന്നത് ഇഷ്ടമല്ലെങ്കിൽ സ്കാർഫോ തൊപ്പിയോ ഉപയോഗിച്ച് തല മറയ്ക്കുന്നത് നല്ലൊരു ഓപ്ഷനാണ്. ഇത് നിങ്ങളുടെ മുടിയെ അനാവശ്യ നിറങ്ങളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല, തലയോട്ടിയെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും.

മുടി നന്നായി കഴുകുക: ആഘോഷങ്ങൾക്ക് ശേഷം പൊടികളും മറ്റും നീക്കം ചെയ്യാൻ മുടി നന്നായി കഴുകുക. ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് മുടിക്ക് കൂടുതൽ ദോഷം ചെയ്യും. തണുത്ത വെള്ളമോ ചെറുചൂടുള്ള വെള്ളമോ ഉപയോഗിച്ച് മുടി കഴുകുക.

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക: മുടി കഴുകാൻ വീര്യം കുറഞ്ഞ, സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കുക. പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യാൻ കഴിയുന്നതിനാൽ വീര്യം കൂടിയ ഷാംപൂകൾ ഒഴിവാക്കുക. കാരണം ഇത് മുടി കൂടുതൽ വരണ്ടതും പൊട്ടുന്നതുമാക്കും.