തിളങ്ങുന്ന ഗുഹകൾ മുതൽ അസ്ഥികൂടങ്ങളുടെ നഗരം വരെ, ലോകത്തിലെ അതിശയകരമായ ഭൂഗർഭ ആകർഷണങ്ങൾ

നമ്മൾ എപ്പോഴും നമ്മുടെ കൺമുന്നിലുള്ള കാര്യങ്ങൾ കാണാനും അറിയാനുമാണല്ലോ ശ്രമിക്കാറ്. എന്നാൽ നമ്മുടെ കാൽക്കീഴിൽ കിടക്കുന്ന നിധികൾ എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ ഭൂമി നമുക്ക് നേരിൽ കാണാൻ സാധിക്കുന്നത് മാത്രമല്ല, ഭൂഗർഭ അത്ഭുതങ്ങളാലും നിറഞ്ഞിരിക്കുന്നു. ഐസ് ഗുഹകൾ മുതൽ നഗരങ്ങൾക്കടിയിലെ സെമിത്തേരികൾ വരെ, സാഹസികമായി എന്തെങ്കിലും അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായി നമ്മുടെ ഈ പ്രകൃതി ഒരുക്കിയിരിക്കുന്ന ചില അത്ഭുതങ്ങൾ കാണാം.

വൈറ്റോമോ ഗ്ലോവോം ഗുഹകൾ, ന്യൂസിലാൻഡ്

ന്യൂസിലാൻഡിലെ യാത്രക്കാർക്കായി കാത്തിരിക്കുന്ന ഒരു അസാധാരണ സ്ഥലമാണിത്. ന്യൂസിലാന്റിലെ ഏറ്റവും മികച്ച പ്രകൃതിദത്ത ആകർഷണങ്ങളിലൊന്നായി അറിയപ്പെടുന്ന, ഗ്ലോ വേം ഗ്രോട്ടോയിലൂടെ ഒരു ബോട്ട് സവാരി നടത്തുക, ആയിരക്കണക്കിന് മാന്ത്രിക ഗ്ലോവോമുകൾ കണ്ട് അത്ഭുതപ്പെടാം.

130 വർഷത്തെ സാംസ്കാരികവും പ്രകൃതിദത്തവുമായ ചരിത്രത്തിന്റെ ഭാഗമാകാം.ഗ്ലോവോം ഗ്രോട്ടോയിലെ നക്ഷത്രനിബിഡമായ അത്ഭുതലോകത്തിലൂടെ നിങ്ങൾ നിശബ്ദമായി സഞ്ചരിക്കുമ്പോൾ, പ്രകൃതി മാതാവിന്റെ പ്രകാശപ്രദർശനത്തിൽ 30 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു പുരാതന ലോകത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

ന്യൂസിലാന്റിൽ മാത്രം കാണപ്പെടുന്ന ഗ്ലോവോറം ഇനമായ അരാക്നോകാംപ ലുമിനോസയുടെ ജനസംഖ്യയ്ക്ക് പേരുകേട്ട സ്ഥലമാണിത്. രാത്രിയിൽ പ്രകാശിക്കുന്ന നീല നിറത്തിലെ പുഴുക്കളാണിത്. ഈ തിളങ്ങുന്ന പുഴുക്കളാൽ നിറഞ്ഞ ചുവരുകളും മേൽക്കൂരകളുമാണ് ഗുഹകളുടെ പ്രത്യേകത. ബോട്ടിൽ മാത്രമേ ഈ ഭൂഗർഭ ഗുഹകളിൽ എത്തിച്ചേരാനാകൂ.

വീലിസ്‌ക സാൾട്ട് മൈൻ, പോളണ്ട്

യുനെസ്‌കോയുടെ ലോക സാംസ്‌കാരിക പ്രകൃതി പൈതൃക സൈറ്റായ പോളണ്ടിലെ വൈലിസ്‌ക സാൾട്ട് മൈൻ മനോഹരമായ ഒരു ഭൂഗർഭ ഗ്രാമമാണ്. വൈലിക്‌സ്‌കയും ബോച്‌നിയ റോയൽ സാൾട്ട് മൈനുകളും നിങ്ങളെ ഭൗമോപരിതലത്തിനു താഴെയുള്ള ഉപ്പിന്റെ നിഗൂഢ ലോകത്തേക്ക് കൊണ്ടുപോകും.

13-ആം നൂറ്റാണ്ട് മുതൽ 20-ആം നൂറ്റാണ്ടിന്റെ അവസാനം വരെ ഖനികൾ തുടർച്ചയായി പ്രവർത്തിച്ചിരുന്നു, ഇത് ആദ്യകാലവും ഏറ്റവും പ്രധാനപ്പെട്ടതുമായ യൂറോപ്യൻ വ്യാവസായിക പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു.

ഭൂഗർഭ ചാപ്പലുകൾ, കലാസൃഷ്ടികൾ, ഉപ്പിൽ കൊത്തിയ പ്രതിമകൾ എന്നിവയുള്ള നൂറുകണക്കിന് കിലോമീറ്ററോളം ദൂരമുള്ള ഗാലറികൾ ഈ ഭൂഗർഭ അറകളിലുണ്ട്. ഏഴ് നൂറ്റാണ്ടിലേറെയായി ഈ ഖനി പ്രവർത്തനക്ഷമമായിരുന്നു. എന്നാൽ ഇപ്പോൾ ഈ സ്ഥലം ബഹുജന, സാംസ്കാരിക പരിപാടികൾ, പ്രദർശനങ്ങൾ, കച്ചേരികൾ എന്നിവ സംഘടിപ്പിക്കാൻ ഉപയോഗിക്കുന്നു.

പാരീസ് കാറ്റകോംബ്സ്, ഫ്രാൻസ്

ലോകത്തിലെ ഏറ്റവും മനോഹരവും ആകർഷകവുമായ നഗരങ്ങളിലൊന്നായാണ് പാരീസ് അറിയപ്പെടുന്നത്. ആ നഗരത്തിനടിയിൽ വിചിത്രവും ഭയാനകവുമായ എന്തെങ്കിലും ഒളിപ്പിക്കുമെന്ന് ആരെങ്കിലും കരുതുമോ ?

ലോകത്തിലെ ഏറ്റവും വലിയ ശവക്കുഴിയായി അറിയപ്പെടുന്ന പാരീസ് കാറ്റകോമ്പുകൾ പതിനെട്ടാം നൂറ്റാണ്ടിൽ സൃഷ്ടിക്കപ്പെട്ടതാണ്. ഈ ഭൂഗർഭ സെമിത്തേരിയിലേക്ക് ഇറങ്ങുന്നത് പേടിപ്പെടുത്തുന്ന ഒരു കാര്യമാണ് ഇന്നും. ആറ് ദശലക്ഷത്തിലധികം പാരീസുകാരുടെ അസ്ഥികൂട അവശിഷ്ടങ്ങൾ ഇവിടെ കാണാം.തലയോട്ടികളും എല്ലുകളും കൊണ്ട് സൗന്ദര്യാത്മകമായി രൂപകൽപ്പന ചെയ്തതാണ് ഇതിനകത്തെ തുരങ്കങ്ങൾ.

ഐസ്രിസെൻവെൽറ്റ് ഐസ് ഗുഹ, ഓസ്ട്രിയ

അറിയാത്തവർക്കായി, ലോകത്തിലെ ഏറ്റവും വലിയ ഐസ് ഗുഹയാണ് ഐസ്രീസെൻവെൽറ്റ്. ഓസ്ട്രിയയിലെ ടെന്നൻ പർവതനിരകളുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ 42 കിലോമീറ്റർ നീളമുള്ള ഗുഹയിൽ അവിശ്വസനീയമായ തണുത്തുറഞ്ഞ വെള്ളച്ചാട്ടങ്ങളും ഐസ് മതിലുകളും മഞ്ഞുപാളികളുമുണ്ട്.

ഇവിടെയുള്ള മറ്റൊരു പ്രധാന ആകർഷണം ഒരു ഐസ് കാസിൽ മുറിയാണ്.അത് ഭൂമിക്ക് 400 മീറ്റർ താഴെയാണ്, കണ്ണാടി പോലെ മനസ്സ് മാറുന്ന സ്ഥലം എന്നും ലോകത്തിന് ഒരു അത്ഭുതം തന്നെയാണ്.

സൺ ഡൂങ് ഗുഹ, വിയറ്റ്നാം

ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണ് വിയറ്റ്നാമിന്റെ സൺ ഡൂങ് എന്ന് നിങ്ങൾക്കറിയാമോ? 2013-ൽ പൊതുജനങ്ങൾക്കായി തുറന്ന ഈ ഗുഹയ്ക്ക് 450 ദശലക്ഷം വർഷത്തിലേറെ പഴക്കമുണ്ട്.

ഇത് ഫോങ് നാ-കെ ബാംഗ് ദേശീയ ഉദ്യാനത്തിന്റെ ഭാഗവും യുനെസ്കോയുടെ ലോക പൈതൃക സ്ഥലവുമാണ്. 40 നിലകളുള്ള ഒരു കെട്ടിടം ഉൾക്കൊള്ളാൻ കഴിയുന്നത്ര വലുതാണ് ഈ ഗുഹ.

പ്യൂർട്ടോ-പ്രിൻസസ സബ്‌ടെറേനിയൻ റിവർ നാഷണൽ പാർക്ക്, ഫിലിപ്പീൻസ്

യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ഫിലിപ്പൈൻസിലെ പ്യൂർട്ടോ-പ്രിൻസസ സബ്‌ടെറേനിയൻ റിവർ നാഷണൽ പാർക്ക് വാക്കുകൾക്ക് അതീതമാണ്.ഭൂപ്രകൃതി ചുണ്ണാമ്പുകല്ലായി ഇവിടെ രൂപപ്പെടുത്തിയിരിക്കുന്നു.പ്യൂർട്ടോ പ്രിൻസസ നഗരത്തിന് 80 കിലോമീറ്റർ വടക്കായി പലവാൻ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തുള്ള സെന്റ് പോൾ പർവതനിരയിലാണ് പാർക്ക് സ്ഥിതിചെയ്യുന്നത്.

പാർക്കിന്റെ ഹൃദയഭാഗം 8.2 കിലോമീറ്റർ നീളമുള്ള ഒരു ഭൂഗർഭ നദിയാണ്.അത് കടലുമായി കൂടിച്ചേരുന്നു.2012-ൽ പ്രകൃതിയുടെ പുതിയ 7 അത്ഭുതങ്ങളിൽ ഒന്നായി ഇത് പ്രഖ്യാപിക്കപ്പെട്ടു.

ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചില വനങ്ങളുടെ ആവാസകേന്ദ്രമെന്ന നിലയിലും ഇത് ശ്രദ്ധേയമാണ്.ഇന്നും ഈ ഗുഹയുടെ പല ഭാഗങ്ങളിലേക്കും മനുഷ്യന് എത്താൻ സാധിച്ചിട്ടില്ല എന്നുള്ളത് പ്രകൃതി നിഗൂഢമായ സൂക്ഷിക്കുന്ന രഹസ്യങ്ങളിലൊന്നാണ്.

ഡെറിങ്കുയു ഭൂഗർഭ നഗരം, തുർക്കി

അതെ, തുർക്കി നഗരത്തിലൂടെ നടക്കുമ്പോൾ നമ്മൾക്കറിയാത്ത ഒരു നഗരം മുഴുവൻ നമ്മുടെ കാൽക്കീഴിൽ ജീവിക്കുന്നുണ്ട്. കപ്പഡോഷ്യയിലെ ഏറ്റവും പ്രശസ്തമായ ഭൂഗർഭ നഗരങ്ങളിലൊന്നാണ് ബൈസന്റൈൻ കാലഘട്ടത്തിൽ നിർമ്മിച്ച ഡെറിങ്കുയു.780 നും 1180 നും ഇടയിലുള്ള അറബ്-ബൈസന്റൈൻ യുദ്ധങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാനായിട്ടാണ് ഇത് നിർമിച്ചത്.

ഡെറിങ്കുയു അണ്ടർഗ്രൗണ്ട് സിറ്റിയിൽ ഒരു സ്‌കൂൾ, ഒരു ജയിൽ, ഒരു പള്ളി എന്നിവ കൂടാതെ ബഹുനില നഗരം, ഭൂമിക്കടിയിൽ 60 മീറ്റർ (197 അടി) ഉയരത്തിൽ കിടക്കുന്ന നിരവധി പാതകളും ഗുഹകളും ഉൾക്കൊള്ളുന്നു.കൂടാതെ ഏകദേശം 20,000 ആളുകൾക്കും അവരുടെ കന്നുകാലികൾക്കും ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യം ഭൂഗർഭ നഗരത്തിനകത്തുണ്ട്.

അഗ്നിപർവ്വത പാറകളിൽ നിന്ന് കൊത്തിയുണ്ടാക്കിയ ഈ നഗരം ഭൂമിയിൽ നിന്ന് 100 മീറ്ററിലധികം താഴെയാണ്.ഭൂഗർഭ നഗരങ്ങളുടെ പിന്നിലെ ആശയം വിദേശ ആക്രമണത്തിൽ നിന്ന് നിവാസികളെ സംരക്ഷിക്കുക, ആയിരക്കണക്കിന് ആളുകൾക്ക് അവരുടെ ജീവിതം തികച്ചും രഹസ്യമായി ജീവിക്കാൻ അനുവദിക്കുക എന്നതായിരുന്നു.

ബട്ടു ഗുഹകൾ, മലേഷ്യ

മൂന്ന് പ്രധാന ഗുഹകളും നിരവധി ചെറിയ ഗുഹകളും അടങ്ങുന്ന ചുണ്ണാമ്പുമലയാണ് ബട്ടു ഗുഹകൾ. മലേഷ്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബട്ടു ഗുഹകളിൽ ഒരു ഡസനിലധികം ഹിന്ദു ക്ഷേത്രങ്ങളുണ്ട്. എല്ലാ ക്ഷേത്രങ്ങളുടെയും പ്രവേശന കവാടത്തിൽ മുരുകന്റെ ഒരു സ്വർണ്ണ പ്രതിമ കാവൽ നിൽക്കുന്നു.

ക്വാലാലംപൂരിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന ഈ 100 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ പ്രധാന ഗുഹകൾക്കകത്തും ചുറ്റുപാടും വിഗ്രഹങ്ങളും പ്രതിമകളും സ്ഥാപിച്ചിരിക്കുന്നു. ഏകദേശം 400 ദശലക്ഷം വർഷം പഴക്കമുള്ള ചുണ്ണാമ്പുകല്ലുകളുടെ ആന്തരിക ഘടനകൾ ഉൾക്കൊള്ളുന്ന ഈ ക്ഷേത്രം മലേഷ്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ്.
കത്തീഡ്രൽ ഗുഹ – ബട്ടു ഗുഹകളിലെ ഏറ്റവും വലുതും ജനപ്രിയവുമായ ഗുഹയാണിത്. 100 മീറ്റർ ഉയരമുള്ള കമാനാകൃതിയിലുള്ള ഇതിന്റെ സീലിംഗിന് താഴെ നിരവധി ഹിന്ദു ആരാധനാലയങ്ങളുണ്ട്.