സാരി ട്രെൻഡിൽ ഇക്കുറി നിർമലയുടെ കാഞ്ചീപുരം..

2019ലെ അരങ്ങേറ്റം മുതൽ 2026ലെ ബജറ്റ് അവതരണം വരെ, ഓരോ തവണയും കേന്ദ്ര ബജറ്റിന്റെ പെട്ടിയോടൊപ്പം തന്നെ ചർച്ചയാകാറുള്ള ഒന്നാണ് ധനമന്ത്രി നിർമലാ സീതാരാമന്റെ സാരികളും. ഇന്ത്യയുടെ സമ്പന്നമായ കൈത്തറി പൈതൃകത്തെ ഉയർത്തിക്കാട്ടാനും കൂടിയാണ് ധനമന്ത്രി തന്റെ വേദികൾ ഉപയോഗിച്ചത്. ബജറ്റ് അവതരിപ്പിക്കാനെത്തുന്ന മന്ത്രിയുടെ ഓരോ സാരിക്ക് പിന്നിലും ഓരോ കഥകളും ഉണ്ടാകാറുണ്ട്. ഇത്തവണ കേന്ദ്ര ബജറ്റിൽ നിർമ്മല സീതാരാമൻ ധരിച്ചത് സ്വന്തം സംസ്ഥാനമായ തമിഴ്‌നാട്ടിൽ നിന്നുള്ള, കൈകൊണ്ട് നെയ്‌തെടുത്ത മജന്ത-മെറൂൺ നിറത്തിലുള്ള കാഞ്ചീവരം സിൽക്ക് സാരിയായിരുന്നു. സ്വർണ നിറത്തിലുള്ള ചെക്ക് ഡിസൈനും ത്രെഡ് വർക്കോട് കൂടിയ കോഫി ബ്രൗൺ നിറത്തിലുള്ള ബോർഡറുമാണ് സാരിയുടെ പ്രത്യേകത.

2025 ൽ ബീഹാറിൽ നിന്നുള്ള ഒരു ഓഫ്-വൈറ്റ് നിറത്തിലുള്ള സാരിയാണ് ധനമന്ത്രി ധരിച്ചത്. മത്സ്യങ്ങളുടേയും പൂക്കളുടേയും എംബ്രോയ്ഡറിയുള്ള സ്വർണ ബോർഡറുള്ള ഓഫ് വൈറ്റ് കൈത്തറി സാരിയായിരുന്നു അത്. 2021-ലെ പത്മ പുരസ്‌കാര ജേതാവ് ദുലാരി ദേവിക്കും മധുബനി കലയ്ക്കും ആദരസൂചകമായാണ് മന്ത്രി അന്ന് ഈ സാരി ധരിച്ചത്. ദുലാരി ദേവി തന്നെയാണ് ഈ സാരി മന്ത്രിക്ക് സമ്മാനിച്ചതും. 2024 ലെ ബജറ്റ് അവതരണത്തിനിടെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിന്റെ പാരമ്പര്യം പറയുന്ന മംഗൾഗിരി സിൽക്ക് സാരിയായിരുന്നു വാർത്തകളിൽ ഇടം നേടിയത്. വെള്ള സിൽക്കിൽ മജന്ത നിറത്തിലുള്ള മുന്താണിയും, ഗോൾഡൻ നിറത്തിലുള്ള ചെക്ക് ഡിസൈനും ബോർഡറിലും മുന്താണിയിലും ഗോൾഡൻ വർക്കുമുള്ള സാരി ആന്ധ്രാപ്രദേശിനോടുള്ള പ്രത്യേക പരിഗണനയിലാണ് തിരഞ്ഞെടുത്തതെന്ന് അന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

2024 ലെ ഇടക്കാല ബജറ്റിനായി പശ്ചിമ ബംഗാളിൽ നിന്നുള്ള കാന്ത ഹാൻഡ് വർക്കോട് കൂടിയ നീല ടസ്സാർ സിൽക്ക് സാരിയാണ് മന്ത്രി ധരിച്ചത്. കാന്ത എംബ്രോയ്ഡറി കൊണ്ട് ഇതിൽ തുന്നിച്ചേർത്ത ഇലകളുടെ ഡിസൈനായിരുന്നു ഈ സാരിയുടെ പ്രത്യേകത. ദർവാഡിൽ നിന്നുള്ള കസുതി ത്രെഡ് വർക്ക് നിറഞ്ഞ, ടെമ്പ്ൾ ബോർഡറുള്ള ചുവപ്പ് സാരിയാണ് 2023 ലെ ബജറ്റിൽ മന്ത്രി ധരിച്ചത്. കൈ കൊണ്ട് നെയ്‌തെടുത്ത ആ സാരിയിൽ രഥങ്ങൾ, മയിലുകൾ, താമരകൾ എന്നിവയും തുന്നിച്ചേർത്തിരുന്നു. 2022 ഫെബ്രുവരിയിലെ ബജറ്റിനായി, സീതാരാമൻ ഒഡീഷയിലെ ഗഞ്ചാമിൽ നിന്നുള്ള സാരിയാണ് തിരഞ്ഞെടുത്തത്. ഓഫ്-വൈറ്റ് ബോർഡറോടുകൂടിയുള്ള ബ്രൗൺ നിറത്തിലുള്ള ഈ ബ്രോംകായ് സാരിയായിരുന്നു ഇത്. ഗഞ്ചാമിലെ കൈത്തറി തൊഴിലാളികൾക്കുള്ള ആദരമായാണ് അന്ന് ആ സാരി ധരിച്ചത്.

2021ൽ തെലങ്കാനയിലെ പോച്ചാംപള്ളിയിൽ നെയ്‌തെടുത്ത പട്ടുസാരിയായിരുന്നു ധരിച്ചത്. ഇക്കാട്ട് പാറ്റേണുകളും നേരിയ പച്ച ബോർഡറും ഉൾപ്പെടുത്തിയ ചുവപ്പ്, ഓഫ് വൈറ്റ് നിറങ്ങളോട് കൂടിയ ശരീയായിരുന്നു ഇത്. കോവിഡ്-19 മഹാമാരിയുടെ ആദ്യകാല വെല്ലുവിളികൾക്കിടയിൽ 2020 ൽ നിർമ്മല സീതാരാമൻ തിരഞ്ഞെടുത്തത് നീലയും പച്ചയും നിറങ്ങളിലുള്ള വ്യത്യസ്ത ബോർഡറുകളുള്ള മഞ്ഞ സിൽക്ക് സാരിയാണ്. പുതിയ തുടക്കങ്ങളോടും പ്രതീക്ഷയോടും ബന്ധപ്പെട്ട മഞ്ഞ നിറം, വരാനിരിക്കുന്ന വർഷത്തേക്കുള്ള സാമ്പത്തിക ശുഭാപ്തിവിശ്വാസത്തിന്റെ സൂചനയായാണ് കണ്ടത്.

2019 ലെ തന്റെ ആദ്യ ബജറ്റ് ദിനത്തിൽ മന്ത്രി ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു കടുംപിങ്ക് മംഗൾഗിരി കോട്ടൺ സിൽക്ക് സാരിയാണ് ധരിച്ചിരിക്കുന്നത്. അതിൽ സ്വർണ്ണ സാരി ബോർഡറുകൾ ഉണ്ടായിരുന്നു. എന്നാൽ ബ്രീഫ്കേസിന് പകരം ചുവന്ന ‘ബഹി ഖാട്ട’യിൽ ബജറ്റ് പേപ്പറുകൾ കൊണ്ടുപോകാനുള്ള അവരുടെ തീരുമാനമാണ് വാർത്തകളിൽ ഇടംനേടിയത്. അതേസമയം, തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമല സീതാരാമൻ സ്വന്തമാക്കി. നിർമല സീതാരാമന്റെ ഒൻപതാമത്തെ ബജറ്റ് അവതരണമായിരുന്നു ഇന്ന് നടന്നത്.

Read more