അമ്മ ഒന്ന്, അച്ഛൻ രണ്ട്; ഒറ്റ പ്രസവത്തിൽ രണ്ട് വ്യത്യസ്ത പിതാക്കന്മാരുടെ കുട്ടികൾക്ക് ജന്മം നൽകി 19-കാരി

ഒറ്റ പ്രസവത്തിൽ രണ്ട് വ്യത്യസ്ത പിതാക്കന്മാരുടെ കുട്ടികൾക്ക് ജന്മം നൽകി‌ യുവതി. ബ്രസീലിലെ മിനെറിയോസിലാണ് സംഭവം.  ഒരേ ദിവസം രണ്ട് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 19കാരിയായ യുവതി  ഒമ്പത് മാസത്തിന് ശേഷം ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. ഒന്നിലേറെ പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതിനാൽ കുഞ്ഞുങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാനാണ് അമ്മ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ടത്.

കുട്ടികളുടെ അച്ഛനാകുമെന്ന് കരുതിയ ഒരാളുടെ ഡി.എൻ.എ സാംപിൾ ശേഖരിച്ചാണ് ആദ്യ പരിശോധന നടത്തിയത്. എന്നാൽ, കുട്ടികളിൽ ഒരാളുമായി മാത്രമാണ് ഡി.എൻ.എ സാംപിൾ ഒത്തുപോയത്. വീണ്ടും പരിശോധന നടത്തിയെങ്കിലും ഫലം ഒന്ന് തന്നെയായിരുന്നു.

തുടർന്ന് രണ്ടാമത്തെ ആളുടെ ഡി.എൻ.എ സാംപിളെടുത്ത് പരിശോധിച്ചപ്പോൾ രണ്ടാമത്തെ കുഞ്ഞിന്റേതുമായി അത് യോജിക്കുന്നതായി കണ്ടെത്തുകയായിരുന്നുവെന്നും. 19കാരിയുടെ പ്രസവ ചികിത്സ നടത്തിയ ഡോക്ടറായ ടുലിയോ ജോർജ് ഫ്രാങ്കോ  വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറം ലോകമറിയുന്നത്.

കുട്ടികൾക്ക് ഇപ്പോൾ 16 മാസം പ്രായമായിട്ടുണ്ട്. നിലവിൽ അച്ഛന്മാരിൽ ഒരാളാണ് രണ്ടു കുട്ടികളെയും സംരക്ഷിക്കുന്നത്. വൈദ്യശാസ്ത്രത്തിൽ ഹെറ്ററോപാറ്റേണൽ സൂപ്പർഫെക്കൻഡേഷൻ എന്നു വിളിക്കപ്പെടുന്ന പ്രത്യേക പ്രതിഭാസമാണിത്.

ഒരു പ്രസവത്തിൽ ജന്മം നൽകുന്ന ഇരട്ടകളുടെ പിതാക്കന്മാർ രണ്ടുപേരാകുന്ന അപൂർവാവസ്ഥയാണിത്. ഒരേ ആർത്തവകാലത്ത് സ്ത്രീയില്‍ രണ്ടാമതൊരു അണ്ടം കൂടി ഉൽപാദിപ്പിക്കപ്പെടുകയും അത് ഇതേ സമയത്ത് ലൈംഗികബന്ധത്തിലേർപ്പെട്ട മറ്റൊരാളുടെ ബീജവുമായി സംയോജിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലൊരു പ്രതിഭാസം ഉണ്ടാകുന്നത്.

Read more

മനുഷ്യർക്കിടയിൽ അപൂർവങ്ങളിൽ അപൂർവമായ പ്രതിഭാസമാണെങ്കിലും പട്ടി, പൂച്ച, പശു തുടങ്ങിയ മൃഗങ്ങളിൽ ഇത് സാധാരണമാണ്. ലോകത്ത് ഇതുവരെ 20 സംഭവങ്ങളാണ് ഇത്തരത്തിൽ മനുഷ്യന്മാരിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് സൂചിപ്പിക്കുന്നു.