ബ്ലാക്ക് ഫംഗസ് ബാധ: കോവിഡ് മുക്തര്‍ ശ്രദ്ധിക്കുക, ജാഗ്രതാനിര്‍ദേശങ്ങള്‍

കോവിഡിന് പിന്നാലെ രാജ്യത്ത് ആശങ്ക വിതയ്ക്കുകയാണ് ബ്ലാക്ക് ഫംഗസ്. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രോഗികളില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്നാണ് പ്രത്യേക മാര്‍ഗനിര്‍ദേശത്തില്‍ ആരോഗ്യ വകുപ്പ് പറയുന്നത്.

ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളിലും, ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗല്‍ ബാധയ്ക്ക് സാദ്ധ്യത കൂടുതല്‍. അതിനാല്‍ എല്ലാ ഐസിയുകളിലും ഉടന്‍ തന്നെ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. എവിടെയെങ്കിലും ഫംഗല്‍ ബാധ കണ്ടെത്തിയാല്‍ ഉടന്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.

കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗല്‍ ബാധ ഉണ്ടാകാനുള്ള സാദ്ധ്യതയെ കുറിച്ച് ബോധവത്കരിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഗുരുതര പ്രമേഹരോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കണം.

ഫംഗല്‍ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നുള്ള നിര്‍ദേശം രോഗികള്‍ക്ക് നല്‍കണം. കണ്ണിനും മൂക്കിനും ചുറ്റും വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസംമുട്ടല്‍, രക്തം ഛര്‍ദ്ദിക്കല്‍ തുടങ്ങിയവയെല്ലാം ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്.

അനിയന്ത്രിത പ്രമേഹം, കോവിഡ് ചികിത്സക്കായി കഴിക്കുന്ന സ്റ്റിറോയ്ഡുകള്‍ പ്രതിരോധ സംവിധാനത്തെ അമര്‍ച്ച ചെയ്യുന്നത്, ദീര്‍ഘകാലം ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നത് എന്നിവയെല്ലാം ഫംഗസ് ബാധയ്ക്ക് കാരണമാകുന്നതായി ഐസിഎംആര്‍ വ്യക്തമാക്കി.