ഗർഭാവസ്ഥയിലുള്ള കുഞ്ഞിന്റെ തലച്ചോറിൽ ശസ്ത്രക്രിയ നടത്തി യു.എസ് ഡോക്ടർമാർ ; ഇത് ചരിത്രത്തിൽ ആദ്യം !

ലോകത്താദ്യമായി ഗർഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്‍ക ശസ്ത്രക്രിയ നടത്തി യുഎസ് ഡോക്ടർമാർ. യുഎസിലെ ബോസ്റ്റണിലെ കുട്ടികളുടെ ആശുപത്രിയിലാണ് ഗർഭാവസ്ഥയിലുള്ള ശിശുവിന്റെ തല തുറന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്.  ഡെറിക് – കെൻയാറ്റ ദമ്പതികളുടെ കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിൽ നിന്ന് ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴൽ ശരിയായ രീതിയിൽ വളർച്ചയെത്താത്ത അവസ്ഥയ്ക്ക് പരിഹാരമായിട്ടായിരുന്നു  ശസ്ത്രക്രിയ .

യുവതിയുടെ പതിവു അൾട്രാസൗണ്ട് പരിശോധനയിലാണ് ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനുള്ളിലെ രക്തക്കുഴലിന്റെ തകരാറ് മനസിലായത്. ഇതോടെ അമ്മയുടെ വയറ്റില്‍ വെച്ചു തന്നെ ശസ്ത്രക്രിയ നടത്താന്‍‌ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഗർഭാവസ്ഥയുടെ 34ആം ആഴ്ചയിലായിരുന്നു ശസ്ത്രക്രിയ. ബ്രിഗാം വിമൻസ് ആശുപത്രിയിലെയും ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രിയിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ ചേർന്നാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.

കുഞ്ഞ് ജനിച്ച ശേഷമുള്ള എംആർഐ സ്കാനിങ്ങുകളിൽ തലച്ചോറിനും മറ്റ് ശരീരഭാഗങ്ങൾക്കും ഒരു തരത്തിലുള്ള പ്രശനങ്ങളുമില്ലെന്ന് ഡോക്ടർമാർപരിശോധനയിൽ കണ്ടെത്തി. ഡെൻവർ കോൾമാൻ എന്നാണ് പെൺകുഞ്ഞിന് ഡെറിക്കും കെൻയാറ്റയും പേരിട്ടിരിക്കുന്നത്.

വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. രോഗാവസ്ഥ ഗുരുതരമായ മറ്റ് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. മാത്രമല്ല, കുട്ടി ജനിച്ച് കഴിഞ്ഞാൽ തലച്ചോറിന് ക്ഷതമേൽക്കാനോ ഹൃദയത്തിന് തകരാർ സംഭവിക്കാനോ സാധ്യതയുണ്ട് എന്ന് മുൻകൂട്ടി കണ്ടാണ് ശസ്ത്രക്രിയ നടത്തിയത്. ഈ രോഗാവസ്ഥയിൽ ജനിക്കുന്ന കുട്ടികൾ മരിക്കാനുള്ള സാധ്യതയുമുണ്ട്. അതിജീവിക്കുന്ന കുട്ടികൾക്ക് ഞരമ്പ് സംബന്ധമായ അസുഖങ്ങൾ വരാനും സാധ്യതയുണ്ടെന്നാണ് പറയുന്നത്.