ചെറുപ്പത്തിന്റെ രഹസ്യം സെക്‌സ് ആണെന്ന് അനില്‍ കപൂര്‍; യഥാര്‍ത്ഥത്തില്‍ ലൈംഗികത യൗവ്വനം നിലനിര്‍ത്തുമോ? പഠനങ്ങള്‍ പറയുന്നു

ചെറുപ്പം നിലനിര്‍ത്തുന്നതിന്റെ രഹസ്യം സെക്‌സ് ആണെന്ന് ബോളിവുഡ് താരം അനില്‍ കപൂര്‍ തുറന്നു പറഞ്ഞിരുന്നു. ഒരു മുത്തശ്ശനായിട്ടും, 65-ാം വയസ്സിലും ഇപ്പോഴും കാഴ്ചയില്‍ ചെറുപ്പമായിരിക്കുന്ന നടനാണ് അനില്‍ കപൂര്‍. അടുത്തിടെയാണ് മകള്‍ സോനം ഒരു കുഞ്ഞിനു ജന്മം നല്‍കിയത്.

ഇങ്ങനെ ചെറുപ്പം നിലനിര്‍ത്തുന്നതിന്റെ രഹസ്യം എന്താണ് എന്നായിരുന്നു അനില്‍ കപൂറിനോട് കോഫി വിത്ത് കരണ്‍ ഷോയ്ക്കിടയില്‍ കരണ്‍ ജോഹര്‍ ചോദിച്ചത്. ‘സെക്‌സ്, സെക്‌സ്, സെക്‌സ്’ എന്നാണ് അനില്‍ കപൂര്‍ കരണ്‍ ജോഹറിന് മറുപടി നല്‍കുന്നത്.

അനില്‍ കപൂറിന്റെ രസകരമായ മറുപടി വൈറലായതോടെ ശരിക്കും ലൈംഗികതയും പ്രായാധിക്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? എന്നാണ് പലരും തിരക്കുന്നത്. ലൈംഗികത ചെറുപ്പം നിലനിര്‍ത്തുമോ എന്ന വിഷയത്തില്‍ ഇതിനകം തന്നെ ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്.

ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പ്രായം കുറയ്ക്കാനും ചെറുപ്പം നിലനിര്‍ത്താനും സഹായിക്കും. ആഴ്ചയില്‍ ഒരു തവണ മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും 1.6 വര്‍ഷം വരെ പ്രായത്തില്‍ കുറവ് അനുഭവപ്പെട്ടേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ലൈംഗിക ബന്ധത്തിന് ശേഷം ഹാപ്പി ഹോര്‍മോണ്‍സ് എന്നറിയപ്പെടുന്ന എന്‍ഡോര്‍ഫിന്നിന്റെ അളവ് ഉയരുന്നു. സ്ഥിരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ആന്റി ഏജിങ് സവിശേഷത അടങ്ങിയ ടെസ്റ്റോസ്റ്റീറോണുകളുടെ അളവില്‍ വര്‍ധന ഉണ്ടാകുകയും ഇത് ഉന്മേഷത്തോടെയും ചെറുപ്പമായും നിലനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു.