വലുപ്പത്തിൽ ചെറുതാണെങ്കിലും ചരിത്രവും കലയും അത്ഭുതങ്ങളും നിറഞ്ഞ ഒരിടം. അതാണ് വത്തിക്കാൻസിറ്റി.. ശരിക്കും ലോകാത്ഭുതങ്ങളിൽ ഒന്നാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്കും നവോത്ഥാന കലയ്ക്കും പേരുകേട്ട യൂറോപ്പിലെ രാജ്യമായ വത്തിക്കാൻ സിറ്റി. വിസ്തീർണ്ണം കൊണ്ടും ജനസംഖ്യ കൊണ്ടും ലോകത്തിലെ ഏറ്റവും ചെറിയ സ്വതന്ത്ര രാഷ്ട്രമായി അറിയപ്പെടുന്ന ഒരു രാജ്യമാണ് വത്തിക്കാൻ സിറ്റി. വെറും 0.44 ചതുരശ്ര കിലോമീറ്റർ (ഏകദേശം 44 ഹെക്ടർ) വിസ്തൃതിയുള്ളതും 882 പേർ മാത്രം വസിക്കുന്നതുമായ വത്തിക്കാൻ സിറ്റി പൂർണ്ണമായും റോമിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കത്തോലിക്കാ സഭയുടെ ആത്മീയ ഹൃദയമായി ഇത് പ്രവർത്തിക്കുന്നു.
ജനനം കൊണ്ട് ഒരാൾക്ക് പൗരനാകാൻ കഴിയാത്ത ലോകത്തിലെ ഏക രാജ്യം കൂടിയാണിത്. ജോലിയെ അടിസ്ഥാനമാക്കിയാണ് ഇവിടുത്തെ പൗരത്വം ലഭിക്കുക. പുരോഹിതന്മാർ, കർദ്ദിനാൾമാർ, അല്ലെങ്കിൽ സ്വിസ് ഗാർഡുകൾ എന്നിവർ പൗരത്വത്തിനുള്ള യോഗ്യത നേടുന്നു. ഇവിടെയുള്ള താമസക്കാർ പ്രധാനമായും ഇറ്റലി, സ്പെയിൻ, ഫിലിപ്പീൻസ്, മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഒരു പൗരന്റെ ജോലി അവസാനിക്കുമ്പോൾ അവരുടെ പൗരത്വം റദ്ദാക്കപ്പെടും. ഇത് ജനസംഖ്യയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നു. നിലവിലെ താമസക്കാരെ സംബന്ധിച്ചിടത്തോളം ഇറ്റാലിയൻ, ലാറ്റിൻ, ഫ്രഞ്ച്, മറ്റ് വിവിധ ഭാഷകൾ എന്നിവയാണ് ഭാഷകൾ. നഗരത്തിൽ തന്നെ ജോലി ചെയ്യുന്നവരും ചില സന്ദർഭങ്ങളിൽ അവരുടെ കുടുംബാംഗങ്ങളുമാണ് താമസക്കാർ. വത്തിക്കാൻ സിറ്റിയിലെ പൗരനാകാൻ മാർപ്പാപ്പയുടെ അംഗീകാരം ആവശ്യമാണ്.
882 പേരിൽ 453 പേർ വത്തിക്കാൻ സിറ്റിയിൽ താമസിക്കുന്ന പൗരന്മാരാണ്. ബാക്കിയുള്ളവർ വിദേശത്താണ് താമസിക്കുന്നത്. ജനസംഖ്യ കുറവാണെങ്കിലു, എല്ലാ വർഷവും 5 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് ഇവിടെ സന്ദർശനം നടത്താനായി എത്താറുള്ളത്. മൈക്കലാഞ്ചലോയുടെ മാസ്റ്റർപീസ് ആയ ദി ലാസ്റ്റ് ജഡ്ജ്മെന്റ് ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ പള്ളിയായ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക വത്തിക്കാനിലാണ് സ്ഥിതി ചെയ്യുന്നത്. 70,000-ത്തിലധികം അമൂല്യമായ കലാസൃഷ്ടികളാണ് വത്തിക്കാൻ മ്യൂസിയങ്ങളിൽ ഉള്ളത്. മറ്റൊരു പ്രത്യേകത ഇവിടെ ജയിലുകൾ ഇല്ല എന്നതാണ്. കുറ്റവാളികളെ ഇറ്റലിയിലേക്ക് നാടുകടത്തുകയാണ് ചെയ്യുക. പക്ഷേ ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്ന പ്രതിശീർഷ കുറ്റകൃത്യ നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇത്.
വത്തിക്കാൻ സ്വന്തമായി ഉത്പാദിപ്പിക്കുന്ന വീഞ്ഞാണ് പ്രശസ്തമായ ‘ചാറ്റോ ഡി കാസ്റ്റെല്ലോ’. പ്രധാനമായും അതിഥികൾക്ക് വിളമ്പുന്ന വീഞ്ഞാണിത്. ഉന്നത പരിശീലനം ലഭിച്ച 110 സൈനികർ ഉൾപ്പെടുന്ന സ്വിസ് ഗാർഡാണ് സുരക്ഷ കൈകാര്യം ചെയ്യുന്നത്. മാർപ്പാപ്പയെയും അപ്പോസ്തോലിക പാലസിനെയും ഹോളി സീയുടെയും സംരക്ഷണചുമതലയുള്ള ഒരു ചെറിയ സായുധ സേനയാണ് പൊന്തിഫിക്കൽ സ്വിസ് ഗാർഡ് അഥവാ സ്വിസ് ഗാർഡ്. 1506 മുതൽ സ്വിസ് ഗാർഡ് മാർപ്പാപ്പയുടെ സംരക്ഷണം കൈകാര്യം ചെയ്തു പോരുന്നുണ്. മൈക്കലാഞ്ചലോ രൂപകൽപ്പന ചെയ്ത വർണ്ണാഭമായ യൂണിഫോമാണ് ഇവർ ധരിക്കുന്നത്. വത്തിക്കാന് സ്വന്തമായി റേഡിയോ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, കറൻസി (വത്തിക്കാൻ യൂറോ), ഒരു ഫുട്ബോൾ ടീം എന്നിവയുമുണ്ട്.
വത്തിക്കാൻ സിറ്റിയിൽ വിമാനത്താവളമോ റെയിൽവേ സ്റ്റേഷനോ ഒന്നുമില്ല. കാൽനടയായോ ഇലക്ട്രിക് കാറുകൾ ഉപയോഗിച്ചോ ആണ് യാത്രകൾ. ചെറിയ ജനസംഖ്യ ആണെങ്കിലും വത്തിക്കാനിൽ വർഷം തോറും വിനോദസഞ്ചാരികളുടെ വൻ ഒഴുക്കാണ് അനുഭവപ്പെടാറുള്ളത്. വത്തിക്കാൻ ഒരു രാജ്യമാണോ എന്നാണ് പലരുടെയും സംശയം. മറ്റൊരു രാജ്യത്തിനുള്ളിൽ പൂർണ്ണമായും ഒതുങ്ങിനിൽക്കുന്ന മറ്റ് ചെറിയ രാജ്യങ്ങൾ ഉണ്ടെങ്കിലും എല്ലാ വശങ്ങളിലും ഇറ്റലിയാൽ ചുറ്റപ്പെട്ടിരിക്കുന്ന വത്തിക്കാൻ ആരെയും ആകർഷിക്കുന്ന ഒരു രാജ്യമാണ്. ഒരു പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്ന വത്തിക്കാൻ കത്തോലിക്കാ മതത്തിന്റെ ആസ്ഥാനമാണ്. വത്തിക്കാനിലാണ് പോപ്പ് താമസിക്കുന്നത്. കത്തോലിക്കാ മതവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന തീരുമാനങ്ങളും വത്തിക്കാനിലാണ് നടക്കുന്നത്. കൂടാതെ, കത്തോലിക്കാ മതത്തിന്റെ നിരവധി അനുയായികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും വത്തിക്കാനിലേക്ക് തീർത്ഥാടനം നടത്താറുണ്ട്.







