പാല്‍പ്പൊടിയില്‍ ബാക്ടീരിയ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കമ്പനി പൂട്ടിച്ചു; 83 രാജ്യങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു

ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പ്പന്ന കമ്പനികളിലൊന്നായ ലാക്റ്റലിസിന്റെ പാല്‍പ്പൊടി കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. ഉല്‍പ്പന്നങ്ങളില്‍ ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് 83 രാജ്യങ്ങളില്‍ നിന്ന് ലാക്റ്റലിസിന്റെ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു.

പാല്‍പ്പൊടി കഴിച്ച കുട്ടികള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പാല്‍പ്പൊടിയില്‍ നിന്നേറ്റ ഭക്ഷ്യവിഷബാധയാണെന്നറിഞ്ഞ രക്ഷിതാക്കള്‍ കമ്പനിക്ക് നേരെ പരാതി നല്‍കുകയായിരുന്നു. ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്ന സാല്‍മൊനെല്ല ബാക്ടീരിയയുടെ സാന്നിധ്യം പാല്‍പ്പൊടിയില്‍ കണ്ടെത്തിയതായി കമ്പനി സിഇഒ ഇമ്മാനുവല്‍ ബെസ്‌നീര്‍ സ്ഥിരീകരിച്ചു.

ലാക്റ്റിലിസിന്റെ 120 ലക്ഷം പായ്ക്കറ്റ് പാല്‍പ്പൊടിയാണ് പിന്‍വലിച്ചത്. ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പനിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാകാം ബാക്ടീരിയ സാന്നിധ്യത്തിന് കാരണമെന്ന് കമ്പനി വിശദീകരണം നല്‍കി.