കഴുത്തില്‍ ടയറുമായി ആറ് വര്‍ഷം നരകജീവിതം, മൃഗസ്‌നേഹി മുതലയെ രക്ഷിച്ചത് ജീവന്‍ പണയം വെച്ച്; വീഡിയോ

കഴുത്തില്‍ കുടുങ്ങിയ ടയറുമായി ആറ് വര്‍ഷക്കാലം നരക ജീവിതം നയിച്ച മുതലയ്ക്ക് രക്ഷകനായി ടിലി എന്ന മൃഗസ്‌നേഹി. ഇന്തോനേഷ്യയിലാണ് സംഭവം. ഇന്തോനേഷ്യയിലെ പാലു നദിയിലാണ് ടയറുമായി 13 അടി നീളമുള്ള മുതല ആറു കൊല്ലം ജീവിച്ചത്. 2016ലാണ് വാഹനത്തിന്റെ ടയറ് കഴുത്തില്‍ കുരുങ്ങിയ നിലയില്‍ മുതലയെ കണ്ടെത്തിയത്. ബുവായ കലുങ് ബാന്‍ അഥവാ ടയര്‍ കഴുത്തില്‍ കുരുങ്ങിയ മുതല എന്നാണ് ഭീമാകാരനായ ഈ മുതല പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.

അധികൃതരടക്കം നിരവധി പേര്‍ മുതലയെ രക്ഷിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും ഫലംകണ്ടില്ല. മുതല വലുതാകുന്നതിന് അനുസരിച്ച് ടയറ് കഴുത്തില്‍ കൂടുതല്‍ മുറുകുന്നതിനാല്‍ ശ്വാസം എടുക്കാന്‍ വരെ മുതല ബുദ്ധിമുട്ട് നേരിട്ടിരുന്നു. മുതലയുടെ കഴുത്തില്‍ നിന്ന് ടയര്‍ നീക്കം ചെയ്യുന്നവര്‍ക്ക് ഉദ്യോഗസ്ഥര്‍ പ്രതിഫലം നല്‍കുമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. 2020ല്‍ നാഷണല്‍ ജ്യോഗ്രഫിക് ചാനലിന്റെ അവതാരകനായ മാറ്റ് റൈറ്റും ടയറ് നീക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ നദിയില്‍ നിന്ന് മുതലയെ പിടികൂടാന്‍ കഴിയതെ വന്നതിനാല്‍ ആ ശ്രമവും വിഫലമായി.

സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷാദൗത്യത്തിന് ഇറങ്ങിത്തിരിച്ച ടിലി ഇന്തോനേഷ്യയിലെ സുലാവസി നിവാസിയാണ്. മൂന്നാഴ്ചത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇയാള്‍ മുതലയ്ക്ക് ടയറില്‍ നിന്നും മോചനം നേടികൊടുത്തത്. ആദ്യം ജീവനുള്ള കോഴികളെ ഇരവെച്ച് ടിലി മുതലയെ വലയില്‍ കുരുക്കി. പിന്നീട് ടയര്‍ മുറിച്ച് മാറ്റുകയായിരുന്നു. ടയര്‍ നീക്കം ചെയ്ത ശേഷം മുതലയെ നദിയിലേക്ക് തന്നെ തിരിച്ചയയ്ക്കുകയും ചെയ്തു.