അന്തിമ വിജയം ആര്‍ക്ക്?; ആരിഫിനോ, വിജയനോ

അടുത്ത സീനോടുകൂടി നാടകം അവസാനിക്കുമെന്ന അറിയിപ്പ് നാടകത്തിന്റെ പ്രാഭവകാലത്ത് ഉത്സവപ്പറമ്പുകളില്‍ കേട്ടിരുന്നതാണ്. മണ്ഡലകാലത്ത് പേട്ട തുള്ളാനുള്ള ഇടമാണ്. തിരുവനന്തപുരത്തെ പേട്ടയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുള്ളിപ്പറഞ്ഞത് നാടകത്തിന്റെ അവസാനമായി എന്നാണ്. ആരുടെ ഉപദേശവും നിര്‍ദേശവുമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ ഭരണഘടനാപരമായി ബാധ്യസ്ഥനാണോ, ആ വ്യക്തിയെ ഗുണ്ട എന്ന ഭരണഘടനാബാഹ്യമായ വാക്കുപയോഗിച്ചാണ് ഖാന്‍ വിശേഷിപ്പിച്ചത്. തനിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നായി ഗവര്‍ണര്‍ വെളിപ്പെടുത്തി. ഭരണഘടനാസംവിധാനം തകര്‍ന്നിരിക്കുന്നു എന്നുകൂടി അദ്ദേഹം പറഞ്ഞപ്പോള്‍ കാല്‍വരിയില്‍കേട്ടതുപോലെ എല്ലാം പൂര്‍ത്തിയായിരിക്കുന്നു എന്ന് ആരിഫ് മുഹമ്മദ് ഖാനും പറയാം.

ഗവര്‍ണര്‍ എന്ന നിലയില്‍ ആരിഫ് മുഹമ്മദ് ഖാന് ചെയ്യാനുള്ളത് തെരുവില്‍ ആക്രോശിച്ചത് റിപ്പോര്‍ട്ടാക്കി രാഷ്ട്രപതിക്ക് നല്‍കുകയെന്നതാണ്. റിപ്പോര്‍ട്ട് കിട്ടിയാല്‍ അനുഛേദം 356 അനുസരിച്ച് രാഷ്ട്രപതിക്ക് സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാം. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രിയുടെ ഉപദേശമില്ലാതെ സംസ്ഥാനത്തെ ഭരണാധികാരി എന്ന നിലയില്‍ ആരിഫ് മുഹമ്മദ് ഖാന് വാഴ്ചയോ തേര്‍വാഴ്ചയോ നടത്താം. മുഖ്യമന്ത്രിയാകുന്നതിന്റെ ഡ്രസ് റിഹേഴ്‌സല്‍ അദ്ദേഹം കുറേ ദിവസമായി നടത്തുന്നുണ്ട്. മരണവീടുകളിലെ സന്ദര്‍ശനവും സമാശ്വസിപ്പിക്കലും അതിന്റെ ഭാഗമാണ്. ഗവര്‍ണര്‍ എന്ന നിലയില്‍ കാലാവധി അവസാനിക്കാറായ ഖാന് അധികാരം സാങ്കല്പികമായല്ല യഥാര്‍ത്ഥത്തില്‍ത്തന്നെ തന്നിലേക്ക് നിക്ഷിപ്തമാക്കപ്പെടുന്നതിന്റെ സായൂജ്യത്തില്‍ ഉത്തര്‍ പ്രദേശിലേക്ക് മടങ്ങാം.

അമിത്ഷാ നിയോഗിക്കുന്ന രണ്ട് ഉപദേശികളും ബിജെപി നോമിനിയായ ഗവര്‍ണറും ചേര്‍ന്ന് കേരളം ഭരിക്കുന്ന കാലം കെ സുരേന്ദ്രന്റെ സുവര്‍ണകാലമായിരിക്കും. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് സ്വപ്‌നം കാണാന്‍ കഴിഞ്ഞത് സുവര്‍ണാവസരത്തെക്കുറിച്ച് മാത്രമായിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ എത്ര കാഹളം മുഴക്കിയാലും ബിജെപിക്ക് ഒരു ചുവടുപോലും ഉറപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തുറക്കപ്പെടുന്ന സാധ്യതകള്‍ വിപുലവും വിസ്തൃതവുമാണ്. പണ്ട് ഇഎംഎസിന്റെ മന്ത്രിസഭയെ പിരിച്ചുവിടുന്നതിന് ഗവര്‍ണര്‍ ബി രാമകൃഷ്ണ റാവുവിനെ പ്രയോജനപ്പെടുത്തിയ പാരമ്പര്യമുള്ള കോണ്‍ഗ്രസിന് ബിജെപിയുടെ ദുരുപദിഷ്ടമായ നീക്കങ്ങളില്‍ അപാകത കാണാന്‍ കഴിഞ്ഞെന്നു വരില്ല. ഒന്നും കാണാതെയല്ല പാര്‍ട്ടികള്‍ എട്ടു മാറി കേരള രാജ്ഭവനിലെത്തിയ യുപിക്കാരന്‍ നടുറോഡില്‍ മുഖ്യമന്ത്രിയെ ഇംഗ്‌ളിഷില്‍ നന്നായി തെറി പറയുന്നത്. കേരളത്തിലോ മറ്റെവിടെയെങ്കിലുമോ ഇതുപോലൊരു അസംബന്ധനാടകം ഇതിനുമുമ്പ് നാം കണ്ടിട്ടില്ല.

അമിത് ഷായുടെ അംഗീകാരത്തോടെ ഗവര്‍ണറുടെ റിപ്പോര്‍ട്ട് രാഷ്ട്രപതിഭവനിലെത്തിയാല്‍ പിന്നെ കാര്യങ്ങള്‍ സുഗമമായി. മന്ത്രിസഭയെ പിരിച്ചുവിടുക മാത്രമല്ല കേരളം എന്ന സംസ്ഥാനംതന്നെ ഇല്ലാതാക്കിയാലും ഒന്നും സംഭവിക്കില്ലെന്ന തിരിച്ചറിവ് കശ്മീര്‍ കേസിലെ സുപ്രീം കോടതി വിധിയോടെ നമുക്ക് കിട്ടിയദിവസമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കരുക്കളില്ലാതെ കരുനീക്കം തുടങ്ങിയത്. നിയമസഭയും മന്ത്രിസഭയും പിരിച്ചുവിട്ട് കേരളത്തെ കേന്ദ്രശാസിത പ്രദേശമാക്കിയാലും ആരും ഇടപെടില്ല. ഇടപെടാന്‍ ഉചിതമായ കേസാണെന്ന് ബോധ്യം വന്ന് സുപ്രീം കോടതിയില്‍നിന്ന് വല്ല ചോദ്യവും ഉണ്ടായേക്കാമെന്ന അവസ്ഥ വന്നാല്‍ സംസ്ഥാനപദവി പുനഃസ്ഥാപിക്കാമെന്ന ഉറപ്പ് കൊടുത്താല്‍മതിയാകും. കശ്മീരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വത്തില്‍ കൈകടത്തിയ കോടതി സംസ്ഥാനപദവിയുടെ പുനഃസ്ഥാപനത്തിന് സമയം നിശ്ചയി ച്ചില്ലെന്നത് ശ്രദ്ധേയമാണ്.

നിയമസഭയും മന്ത്രിസഭയും പിരിച്ചുവിടുന്നത് സംബന്ധിച്ച് ബൊമ്മെ കേസുള്‍പ്പെടെ ശ്രദ്ധേയമായ പല വിധികളും ഉണ്ടായിട്ടുണ്ടെങ്കിലും അധികാരം നഷ്ടപ്പെട്ടവര്‍ക്ക് ഒരിടത്തും പ്രയോജനം കിട്ടിയിട്ടില്ല. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി രാജിവയ്ക്കാനിടയായ സാഹചര്യങ്ങള്‍ നിയമവിരുദ്ധമായാണ് സൃഷ്ടിക്കപ്പെട്ടതെന്ന് കോടതി കണ്ടെങ്കിലും പുറത്തുപോയ മുഖ്യമന്ത്രി പുറത്തുതന്നെ നിന്നു. രാഷ്ട്രപതിയുടെ പിരിച്ചുവിടല്‍ ഉത്തരവ് പിന്‍വലിച്ച് മുഖ്യമന്ത്രിസ്ഥാനത്ത് പുനഃരവരോധിതനായത് ആന്ധ്രപ്രദേശിലെ എന്‍.ടി രാമറാവു മാത്രമാണ്. ജനകീയസമ്മര്‍ദത്തിന്റെ വിജയരഥത്തില്‍ എന്‍ ടിആര്‍ തിരിച്ചെത്തിയപ്പോള്‍ ഗവര്‍ണര്‍ രാം ലാലിന് അപമാനിതനായി സംസ്ഥാനം വിടേണ്ടിവന്നു.

അപൂര്‍വമായത് ആവര്‍ത്തിക്കാന്‍ ഇടയില്ലാത്തതിനാല്‍ ആദ്യവിജയി ആരിഫ് മുഹമ്മദ് ഖാന്‍ ആയിരിക്കും. പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കേ വലിയ അവിവേകത്തിന് ആരും മുതിരില്ല എന്നതിനാല്‍ ഡിസംബര്‍ 24 വരെ നടപടി നീണ്ടുപോയേക്കാം. അന്നുതന്നെയാണ് നവകേരള സദസ് പൂര്‍ത്തിയാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്ത് തിരിച്ചെത്തുന്നത്.