റദ്ദാക്കപ്പെട്ട വിധി അമേരിക്കയെ എത്തിക്കുന്നത് 19-ാം നൂറ്റാണ്ടില്‍

യുഎസ് സുപ്രീം കോടതിയുടെയും ഇന്ത്യന്‍ സുപ്രീം കോടതിയുടെയും ചരിത്രത്തില്‍ പ്രധാനപ്പെട്ട വര്‍ഷമാണ് 1973. ഗര്‍ഭം അവസാനിപ്പിക്കുന്നതിന് സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് റോ വേഴ്‌സസ് വെയ്ഡ് കേസില്‍ യുഎസ് സുപ്രീം കോടതി വിധിച്ചത് അക്കൊല്ലമാണ,് ഭരണഘടനയുടെ സുസ്ഥിരത ഉറപ്പിച്ചുകൊണ്ട് കേശവാനന്ദ ഭാരതി കേസില്‍ സുപ്രധാനമായ വിധി ഇന്ത്യന്‍ സുപ്രീം കോടതി നല്‍കിയതും അക്കൊല്ലമാണ്. അമേരിക്കയില്‍ അര നൂറ്റാണ്ട് സ്ത്രീകള്‍ സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും വിജയമായി ആഘോഷിച്ച വിധി സുപ്രീം കോടതി ഇപ്പോള്‍ തിരുത്തി. ഇനി ഓരോ സംസ്ഥാനത്തും നിയമനിര്‍മാണത്തിലൂടെ ഗര്‍ഭഛിദ്രം പരിമിതപ്പെടുത്തുകയോ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ അന്തസ്സത്ത ത്യജിച്ചുകൊണ്ട് യാഥാസ്ഥിതികര്‍ ഏറെക്കാലമായി ഉയിച്ചിരുന്ന ആവശ്യമാണ് റിപ്പബ്‌ളിക്കന്‍ ജഡ്ജിമാര്‍ക്ക് സ്വാധീനമുള്ള സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. ആരോഗ്യപരം ഉള്‍പ്പെടെ അനിവാര്യമായ കാരണങ്ങളാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനി ഗര്‍ഭഛിദ്രം അനുവദനീയമായ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരും. മദ്യനിരോധനത്തിന് അനുബന്ധമായി വ്യാജവാറ്റ് പ്രചാരത്തിലാകുമെന്ന് പറയുമ്പോലെ ഗര്‍ഭഛിദ്രം നടത്താന്‍ വ്യാജഭിഷഗ്വരന്മാര്‍ രംഗത്തെത്തും. അത് സുരക്ഷിതമായ ഏര്‍പ്പാടല്ലന്ന് പ്രത്യേകം പറയേണ്ടതില്ല. താജ് മഹല്‍ കണ്ടവരും കാണാത്തവരുമെന്ന് ലോകജനതയെ വിഭജിക്കാമെന്ന് പ്രസിഡന്റ് ക്‌ളിന്റന്‍ ഒരിക്കല്‍ പറഞ്ഞു. റോ വേഴ്‌സസ് വെയ്ഡ് കേസിലെ വിധി തിരുത്തിയ സുപ്രീം കോടതി വിധിയെ അടിസ്ഥാനമാക്കി ഇന്ന് അമേരിക്കന്‍ ജനത സമാനമായ രീതിയില്‍ വിഭജിതമാണ്. യുഎസ് ഭരണഘടനയുടെ പ്രസിദ്ധമായ പതിനാലാം ഭേദഗതിയില്‍ ഗര്‍ഭഛിദ്രം അനുവദനീയമായ സ്വാതന്ത്ര്യമായി പ്രഖ്യാപിച്ചില്ലെന്ന ന്യായം വിപുലീകരിച്ചാല്‍ പല സ്വാതന്ത്ര്യങ്ങളും ഇല്ലാതാകും.

അദൃശ്യവും അഗോചരവുമായ അസ്തിവാരത്തിലാണ് സ്വാതന്ത്ര്യത്തിന്റെ സൗധങ്ങള്‍, ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യംപോലെ പടുത്തുയര്‍ത്തിയിട്ടുള്ളത്. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഗര്‍ഭഛിദ്രം വിഷയമാക്കാന്‍ പ്രസിഡന്റ് ബൈഡനും അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയും തീരുമാനിച്ചത് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ടാണ്. ട്രംപിന്റെ കാലത്ത് നിയമിതരായ മൂന്ന് ജഡ്ജിമാരാണ് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ നിലപാടിന് അനുസൃതമായ നിലപാടിലേക്ക് സുപ്രീം കോടതിയെ എത്തിച്ചത്. മൂന്നിനെതിരെ ആറ് എന്ന നിലയിലുള്ള വിധി 1973നു മുമ്പുള്ള അവസ്ഥയിലേക്കല്ല അമേരിക്കയെ എത്തിച്ചിരിക്കുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിലെ യാഥാസ്ഥിതികമായ സദാചാരസംഹിതകളിലേക്കുള്ള അപകടകരമായ തിരിച്ചുപോക്കിന്റെ പാതയിലാണ് ആ രാജ്യം എത്തിയിരിക്കുന്നത്. ഗര്‍ഭം തടയുതിനുള്ള മുന്‍കരുതല്‍, സ്വവര്‍ഗരതി തുടങ്ങി നിരവധി വിഷയങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമായേക്കാം. സുപ്രീം കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം ഒന്‍പതും അവരുടെ കാലാവധി ആജീവനാന്തവുമാകയാല്‍ ആറ്-മൂന്ന് എന്ന അനുപാതം കുറേക്കാലം തുടരും. തീവ്രവലതുപക്ഷവും യാഥാസ്ഥിതിക മതചിന്താഗതിയും ചേര്‍ന്ന് വ്യക്തിസ്വാതന്ത്ര്യത്തിനുമേല്‍ അതിനിടയില്‍ എന്തെല്ലാം ആഘാതമേല്‍പിക്കുമെന്ന് പറയാന്‍ കഴിയില്ല. ഇന്ത്യയ്ക്കും ഇത് അനുഭവപാഠമാണ്. ഭരണഘടനയെ രക്ഷിച്ച കേസ് എന്ന നിലയില്‍ പ്രഖ്യാതമായ കേശവാനന്ദ ഭാരതി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം അത് പ്രസ്താവിക്കപ്പെട്ട അന്നുമുതല്‍ ഉള്ളതാണ്.