മാര്‍ത്താണ്ഡ വര്‍മയുടെ വാളും പരിചയും

വേണാട്ടരചനായ മാര്‍ത്താണ്ഡ വര്‍മ എട്ടുവീടരുമായുള്ള അന്തിമയുദ്ധത്തില്‍ വിജയകരമായി ഉപയോഗിച്ച വാളും പരിചയും അടൂരിലെ നെല്ലിമൂട്ടില്‍ വീട്ടില്‍ കുട്ടിക്കാലത്ത് കണ്ടിട്ടുള്ളതായി അമ്മച്ചി പറഞ്ഞിട്ടുണ്ട്. എന്റെ അമ്മച്ചിയുടെ അമ്മവീടാണ് നെല്ലിമൂട്ടില്‍. ഒളിവുജീവിതകാലത്ത് ബാലനായ മാര്‍ത്താണ്ഡ വര്‍മയ്ക്ക് അഭയവും വാത്സല്യവും നല്‍കിയതിനു പ്രത്യുപകാരമായി മുതലാളി-അമ്മച്ചി എന്നീ സ്ഥാനപ്പേരുകളും കരമൊഴിവായി ആയിരത്തിയൊന്നു പറ നിലവും ചരിത്രപരമായി പ്രാധാന്യമുള്ള വാളും പരിചയും നെല്ലിമൂട്ടില്‍ കുടുംബത്തിനു നല്‍കിയെന്നാണ് കുടുംബത്തില്‍ പ്രചാരത്തിലുള്ള കഥ. ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ സാക്ഷ്യമുള്ളതിനാല്‍ കഥ കേവലം ഐതിഹ്യമല്ലെന്നും ചരിത്രമാണെന്നും അനുമാനിക്കാം. ചിത്രമെഴുത്ത് കെ എം വര്‍ഗീസിന്റെ നെല്ലിമൂട്ടിലമ്മച്ചി എന്ന പുസ്തകത്തിലും ഈ വിവരണമുണ്ട്.

വാളും പരിചയും നെല്ലിമൂട്ടില്‍ കുടുംബത്തില്‍ ഇപ്പോള്‍ കാണാനില്ല. അവ എങ്ങനെയോ അപ്രത്യക്ഷമായി. വ്യാജനില്‍ അല്ലാതെ ഒറിജിനലില്‍ താത്പര്യമില്ലാത്തതുകൊണ്ട് മോന്‍സന്‍ മാവുങ്കല്‍ അടിച്ചുമാറ്റിയതാവാന്‍ ഇടയില്ല. സൂക്ഷിപ്പുകാരുടെ അനവധാതയില്‍ മോന്‍സനെപ്പോലെ ഒരാള്‍ അവ അപഹരിച്ചതാവണം. ആറാം ദിവസം മനുഷ്യനെ സൃഷ്ടിക്കാന്‍ ദൈവം ഉപയോഗിച്ച കലണ്ടര്‍ എന്നുപറഞ്ഞ് ഒരു പഞ്ചാംഗം കൊടുത്താല്‍ മോന്‍സന്‍ അത് വിശ്വാസയോഗ്യമാക്കിയെടുക്കും. മാര്‍ത്താണ്ഡ വര്‍മയുടെ വാളിനും പരിചയ്ക്കും ചരിത്രത്തിന്റെ പിന്‍ബലമുള്ളതിനാല്‍ ഡ്യൂപ്ലിക്കേറ്റ് നിര്‍മിതി അനായാസം നടത്താന്‍ കഴിയുമായിരുന്നു. ഞാന്‍ അവതരിപ്പിക്കുമ്പോള്‍ കഥ പൂര്‍ണമായും വിശ്വസനീയമാകുമായിരുന്നു. അമ്പാടിയിലെ ഉറിയും കാനായിലെ ഭരണിയും സമര്‍ത്ഥമായി അവതരിപ്പിച്ച് അതിസമര്‍ത്ഥരെ വീഴ്ത്തിയ മോന്‍സന്‍ കൂടെയുണ്ടെങ്കില്‍ മാര്‍ത്താണ്ഡ വര്‍മയെ പുഷ്പംപോലെ വില്‍ക്കാമായിരുന്നു. പ്രയോജനപ്പെടുത്താവുന്ന കാലത്ത് പലരെയും പരിചയപ്പെടാന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദമാണ് ഓരോ ദിവസവും പത്രം വായിക്കുമ്പോള്‍ ഉണ്ടാകുന്നത്.

കള്ളക്കടത്തിന്റെ നല്ല കാലത്ത് മട്ടാഞ്ചേരിയിലെ തട്ടിപ്പുകാരുമായി എനിക്ക് നല്ല ബന്ധമുണ്ടായിരുന്നു. അന്‍പത് കൊല്ലം മുമ്പുള്ള കാര്യമാണ് പറയുന്നത്. എന്തു വേണമെന്നു പറഞ്ഞാല്‍ മതി അത് കിട്ടിയിരിക്കും. ഫോര്‍ട്ട്‌കൊച്ചിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഉദ്ഘാടന ദിവസം ഡല്‍ഹിയില്‍ നിന്നെത്തിയ എഡിറ്റര്‍ ഇന്‍ ചീഫ് എസ് മല്‍ഗോക്കര്‍ക്ക് ഡ്രൈവര്‍ എത്തിച്ചുകൊടുത്ത സ്‌കോച്ച് നിറത്തില്‍ ഒറിജിനലിനെ വെല്ലുന്ന തേയില വെള്ളമായിരുന്നു. ആദ്യദിവസത്തെ പത്രം കിട്ടിയപ്പോള്‍ എഡിറ്റര്‍ രോഷത്തോടെ ബാസ്റ്റര്‍ഡ് എന്നു പറഞ്ഞത് പത്രത്തിന്റെ നിലവാരത്തിലുള്ള അതൃപ്തികൊണ്ടാണെന്ന് പലരും കരുതിയെങ്കിലും യഥാര്‍ത്ഥത്തില്‍ ആ വിളി ആര്‍ക്കുള്ളതാണെന്ന് എനിക്കറിയാമായിരുന്നു.

വിസ്‌കിക്ക് പകരം ചായ നല്‍കിയാല്‍ ഡ്യൂപ്ലിക്കേറ്റ് എന്നു പറയാന്‍ കഴിയില്ല. ഒറിജിനലിനു പകരമുള്ളതാണ് ഡ്യൂപ്ലിക്കേറ്റ്. സ്‌കോട്‌ലണ്ടില്‍ നിന്നുള്ള ഒറിജിനല്‍ തന്നെ എഡിറ്ററുടെ ആഗ്രഹമറിഞ്ഞിരുന്നെങ്കില്‍ അന്ന് എത്തിച്ചുകൊടുക്കാമായിരുന്നു. അപ്രകാരം എഡിറ്ററുടെ പ്രീതി സമ്പാദിച്ചിരുന്നുവെങ്കില്‍ ഞാന്‍ എവിടെ എത്തുമായിരുന്നു എന്നു പറയാനാവില്ല. പലരുടെയും പ്രീതിക്ക് പാത്രമായി പറന്നു പറന്ന് ഉയരെ എത്തുന്നവരുടെ കഥകള്‍ പത്രപ്രര്‍ത്തനത്തില്‍ മാത്രമല്ല എവിടെയും സുലഭമാണ്.

സര്‍ സിപി തിരുവിതാംകൂറില്‍ ദിവാനായിരുന്ന കാലത്ത് കെ സി മാമ്മന്‍ മാപ്പിളയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി പ്രസ് കണ്ടുകെട്ടി മനോരമ നിരോധിച്ചപ്പോള്‍ അയല്‍ രാജ്യമായ കൊച്ചിയില്‍ നിന്ന് പത്രം ഇറക്കാന്‍ ശ്രമമുണ്ടായി. അതിനു വേണ്ടി കുന്നംകുളത്ത് വിക്ടറി പ്രസിലെത്തിയ കോട്ടയത്തുകാര്‍ കണ്ടത് മനോരമയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുന്ന മാമ്മന്‍ മാപ്പിളയെ ആയിരുന്നുവത്രേ. ജയിലില്‍ കിടക്കുന്ന മാമ്മന്‍ മാപ്പിളയ്ക്കു പകരക്കാരനായി കുന്നംകുളത്ത് ഡ്യൂപ്ലിക്കേറ്റ് മാമ്മന്‍ മാപ്പിള തയാറായിക്കഴിഞ്ഞിരുന്നു. കെ എം റോയ് പറഞ്ഞ കഥയാണിത്. കഥയാണെങ്കിലും അതില്‍ അല്‍പം കാര്യം ഇല്ലാതില്ല.

കഴിഞ്ഞ പ്രളയത്തില്‍ പുഴയോരത്തുള്ള എന്റെ ഫാം ഹൗസ് മുങ്ങിപ്പോയി. വെള്ളത്തിനടിയില്‍ ചേറില്‍ പുസ്തകങ്ങള്‍ പുതഞ്ഞുപോയി. വെള്ളമിറങ്ങിയപ്പോള്‍ ഉണക്കിയെടുത്തെങ്കിലും പിഒസി ബൈബിളിന് ഒരു പുരാവസ്തുവിന്റെ കനവും ലുക്കും വന്നു. മോന്‍സനെ കിട്ടിയിരുന്നെങ്കില്‍ അത് തോമാസ്ലീഹ കൊണ്ടുവന്ന വേദപുസ്തകമായി അവതരിപ്പിക്കാമായിരുന്നു. കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയപ്പോള്‍ വെള്ളത്തില്‍ വീണതാണെന്ന് മോന്‍സന്‍ പറഞ്ഞാല്‍ അല്‍പവിശ്വാസികള്‍ പൂര്‍ണമനസോടെ വിശ്വസിക്കും. നമ്മള്‍ കാര്യങ്ങള്‍ സത്യസന്ധതയോടെ നേരിട്ട് കൈകാര്യം ചെയ്യുമ്പോഴാണ് ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉണ്ടാകുന്നത്. മോന്‍സനോട് ആരും ചോദ്യങ്ങള്‍ ചോദിക്കുന്നില്ല.

നെല്ലിമൂട്ടില്‍ കുടുംബത്തില്‍ നിന്ന് അപ്രത്യക്ഷമായ വാളും പരിചയും പൊടുന്നനെ പ്രത്യക്ഷമായാല്‍തന്നെ അവ ഒറിജിനലാണെന്ന് സ്ഥാപിക്കുന്നത് ശ്രമകരമായിരിക്കും. എന്റെ ഒറിജിനലും മോന്‍സന്റെ ഡ്യൂപ്ലിക്കേറ്റ് പോലുമല്ലാത്ത തട്ടിപ്പും ഒരുമിച്ചു വന്നാല്‍ മോന്‍സന്റെ തട്ടിപ്പായിരിക്കും വിശ്വാസ്യതയോടെ സ്വീകരിക്കപ്പെടുക. അസത്യത്തിനു സത്യത്തേക്കാള്‍ വ്യാപനശേഷിയും വേഗതയും ഉണ്ടെന്നു പറയുന്നതുപോലെ വ്യാജത്തിന് ഒറിജിനലിനേക്കാള്‍ ആകര്‍ഷണീയതയും വിശ്വാസ്യതയും ഉണ്ടാകും.