അങ്ങനെയെങ്കില്‍ തൊപ്പി വച്ച ഗവര്‍ണറെ കണ്ടാല്‍ മീര എന്തു ചെയ്യും 

ഡോ. സെബാസ്റ്റ്യന്‍ പോള്‍

കവികള്‍ ക്രാന്തദര്‍ശികള്‍ എന്നു പറയുന്നത് അവര്‍ ദീര്‍ഘദര്‍ശികള്‍ ആയതുകൊണ്ടാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജര്‍മന്‍ നാടകകൃത്താണ് ഫെഡറിക് ഷില്ലര്‍. ഏകാധിപത്യത്തിനെതിരെ നടത്തിയ നിരന്തരമായ സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു അദ്ദേഹത്തിന്റെ നാടകങ്ങള്‍. രണ്ട് നൂറ്റാണ്ടുകള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ രചന കേരളത്തിലെ ഒരു ഗവര്‍ണര്‍ക്ക് ഇണങ്ങുമെന്ന് അദ്ദേഹം വന്യമായ ഭാവനയില്‍പോലും കരുതിയിട്ടുണ്ടാവില്ല. ആ തൊപ്പി ആരിഫ് മുഹമ്മദ് ഖാന് നന്നായി ഇണങ്ങുമെന്ന് കണ്ടെത്തിയ ഫോര്‍ട്ട്‌കൊച്ചിയിലെ സബ് കലക്ടര്‍ കെ മീര താന്‍ വായിച്ചിട്ടില്ലാത്ത ഷില്ലര്‍ക്ക് നല്‍കിയ അര്‍ത്ഥവത്തായ ഉപചാരമായി മാറി ഗവര്‍ണറും തൊപ്പിയും എന്ന നാടകം കൊച്ചി കാര്‍ണിവലില്‍ അവതരിപ്പിക്കരുതെന്ന ഉത്തരവ്.

ഗവര്‍ണര്‍ എന്ന വാക്ക് ഉച്ചരിച്ചുപോകരുതെന്ന കല്പന അക്ഷരംപ്രതി അനുസരിക്കപ്പെട്ടാല്‍ യേശുവിന്റെ വിചാരണയെ സംബന്ധിക്കുന്ന സുവിശേഷഭാഗംപോലും വായിക്കാന്‍ കഴിയാതെവരും. പന്തിയോസ് പീലാത്തോസ് പലസ്തീനിലെ റോമന്‍ ഗവര്‍ണറായിരുന്നു.
ഭരണഘടനാ പദവികളിലിരിക്കുന്ന വ്യക്തികളെ അവഹേളിക്കുന്നതാണ് നാടകം എന്ന് ബിജെപി പരാതിപ്പെട്ടതാണ് സബ് കലക്ടറുടെ ഉത്തരവിന് കാരണമായത്. കേന്ദ-സംസ്ഥാന സര്‍ക്കാരുകളെയോ ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയോ പരാമര്‍ശിക്കുന്ന വിധത്തിലുള്ള അനുകരണമോ വേഷവിധാനമോ സംസാരമോ പാടില്ലെന്ന് സബ് കലക്ടറുടെ ഉത്തരവിലുണ്ട്. ഐഎഎസ് പരീക്ഷാകാലത്തും പരിശീലനകാലത്തും ഏത് രാജ്യത്തെ ഭരണഘടനയാണ് മീര വായിച്ചതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു പൊതുപ്രക്ഷോഭവേദിയില്‍ ഉപരാഷ്ട്രപതിയെ അനുകരിച്ച് ഒരാള്‍ ഹാസ്യകലാപ്രകടനം നടത്തിയതു മുതല്‍ തുടങ്ങിയതാണ് ബിജെപിയുടെ അസുഖം. ഇത്തരം രോഗികളെ കേരളത്തില്‍ കൊണ്ടുവന്ന് കുറേ ദിവസം നമ്മുടെ ടെലിവിഷന്‍ ചാനലുകള്‍ കാണിക്കണം. കൂരായണം ഒക്കെ ഒന്നു കണ്ടുപോകട്ടെ അവര്‍. വിമര്‍ശിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് പരിഹാസവും ആക്ഷേപഹാസ്യവും. തന്നെ ഒഴിവാക്കരുതേയെന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കറോട് സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിച്ച പ്രധാനമന്ത്രി ഉണ്ടായിരുന്ന നാടാണിത്.

തന്നെ എവിടെക്കണ്ടാലും പ്രജകള്‍ താണുവണങ്ങണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്ന ദേശാധിപതിയുടെ കഥയാണ് ഷില്ലര്‍ പറഞ്ഞത്. വണങ്ങുന്നതിനുള്ള സൗകര്യത്തിനുവേണ്ടി തന്റെ തൊപ്പി ദേശത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹം സ്ഥാപിച്ചിരുന്നു. ഗൊയ്‌ഥെയുടെ സമകാലികനും സുഹൃത്തുമായിരുന്നു ജര്‍മന്‍ സാഹിത്യത്തിലെ സമുന്നതവ്യക്തിത്വമായ ഷില്ലര്‍. തന്റെ പരിശീലകനായെത്തിയ ഡ്യൂക്കിന്റെ ക്രൂരമായ അച്ചടക്കനടപടികളാണ് ഷില്ലറെ അതിനെതിരെയുള്ള പ്രതികരണമെന്ന നിലയില്‍ സാഹിത്യരചനയിലേക്ക് തിരിച്ചുവിട്ടത്. യുദ്ധവിരുദ്ധ കവിത ചൊല്ലിയ റഷ്യന്‍ കവിക്ക് മോസ്‌കോ കോടതി ഏഴു വര്‍ഷം തടവ് വിധിച്ച വാര്‍ത്തയ്‌ക്കൊപ്പമാണ് നാടകാന്തം ശിക്ഷ എന്ന മീരയുടെ ഉത്തരവുണ്ടായത്.ഹരീഷിന്റെ 315 പേജ് ദെര്‍ഘ്യമുള്ള നോവലിലെ നാലു വരി ദുര്‍വ്യാഖ്യാനിച്ച് കലാപത്തിനിറങ്ങിയ കൂട്ടരാണ് സുരേഷ് കൂവപ്പാടം 20 വര്‍ഷം മുമ്പെഴുതി പല വേദികളില്‍ അപകടരഹിതമായി അവതരിപ്പിച്ചിട്ടുള്ള ലഘുനാടകത്തിനെതിരെ മീശ പിരിക്കുന്നത്. ശിവകുമാര്‍ കമ്മത്തിന് അതാകാം. കേരളത്തില്‍ ജോലി ചെയ്യുന്ന ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ ഇപ്രകാരം വിഡ്ഡിയാകരുതായിരുന്നു.

ആവിഷ്‌കാരസ്വാതന്ത്രത്തിന് പരമമായ പ്രാധാന്യം നല്‍കുന്ന ഭരണഘടനയും അതില്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുന്ന ജനതയുമാണ് കേരളത്തിലുള്ളത്. എന്നിട്ടും ക്രിസ്തുവിന്റെ ആറാം തിരുമുറിവ് മുതല്‍ ഗവര്‍ണറും തൊപ്പിയും വരെ നിരോധനത്തിന്റെ നീണ്ട നിര നമുക്ക് കാണാന്‍ കഴിയും. അനായാസം വ്രണമാകുന്ന വികാരവുമായി കുറേപ്പേര്‍ എപ്പോഴും രംഗത്തുണ്ടാകും. കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമാപ്പേര് കണ്ടാല്‍ അത് യേശുവിനെ പരിഹസിക്കലാണ് എന്ന് അവര്‍ക്ക് തോന്നും. അങ്ങനെയുള്ള വികാരജീവികള്‍ക്ക് വ്രണചികിത്സയാണ് ആവശ്യം. എസ് ഹരീഷിന്റെ മീശയുടെ പ്രസിദ്ധീകരണം പൊടുന്നനെ അവസാനിപ്പിച്ചുകൊണ്ടാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് പൊട്ടിയൊലിക്കുന്ന വ്രണവുമായി എത്തിയവരോട് രാജിയായത്. കഥാപാത്രത്തിന് മുഹമ്മദ് എന്ന് പേരിട്ടതിന്റെ പേരില്‍ ബെംഗളൂരുവിലെ ഡെക്കാന്‍ ഹെറള്‍ഡും തൊടുപുഴയിലെ അധ്യാപകനും ആക്രമിക്കപ്പെട്ടു. വഴങ്ങിയാല്‍ മാരകമായി പടരുന്ന വൈറസാണ് വ്രണരോഗികളെ അപകടത്തിലാക്കുന്നത്. അവര്‍ അവര്‍ക്കു മാത്രമല്ല സമൂഹത്തിനും അപകടകാരികളായി മാറുന്നു.

ക്ഷണിക്കപ്പെടുന്ന കല്യാണങ്ങളില്‍ നേരിട്ട് പങ്കെടുക്കാതെ തന്റെ സാന്നിധ്യത്തിന് തെളിവായി ശിങ്കിടി വശം വടി കൊടുത്തയക്കുന്ന നാട്ടുപ്രമാണിയെക്കുറിച്ച് ഒരു കഥയുണ്ട്. വിരുന്നിനെത്തുന്നവര്‍ വടിയുടെ മുന്നില്‍ പ്രണാമം അര്‍പ്പിക്കണം. ഒടുവില്‍ പ്രമാണിയുടെ വീട്ടിലെ അടിയന്തരത്തിന് ക്ഷണിക്കപ്പെട്ടവര്‍ നേരിട്ട് പോകാതെ ഓരോ വടി കൊടുത്തയച്ചുവെന്നാണ് കഥ. വ്യക്തിക്കര്‍ഹമായ അന്തസ് നിഷേധിക്കപ്പെടുമ്പോള്‍ പ്രതികരണം പല വിധത്തിലുണ്ടാകും.

ആരിഫ് മുഹമ്മദ് ഖാന് തൊപ്പിയില്ല. അധികാരത്തിന്റെ അദൃശ്യമായ ദണ്ഡ് അദ്ദേഹത്തോടൊപ്പമുണ്ട്. എല്ലാവരും തന്നെ വണങ്ങണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനുള്ള പൗരന്റെ അവകാശത്തെ അദ്ദേഹം അംഗീകരിക്കുന്നില്ല. വഴിയരികില്‍ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവരുടെ ഇടയിലേക്ക് അദ്ദേഹം സിനിമാ സ്റ്റെലില്‍ ഇറങ്ങിച്ചെന്ന് സീനുണ്ടാക്കും. പ്രതിഷേധിക്കുന്നവരെ ക്രിമിനല്‍ എന്നു വിളിക്കും. പ്രതിഷേധത്തെ വധശ്രമമായി അദ്ദേഹം കാണുന്നു. ഷില്ലറുടെ നാടകം ഒരു പക്ഷേ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചിട്ടുണ്ടാകാം. ഏറെത്താമസിയാതെ അദ്ദേഹം പൊതുഇടങ്ങളില്‍ തൊപ്പി സ്ഥാപിച്ചേക്കാം. അത് മററാവശ്യത്തിനായി ജനങ്ങള്‍ ഉപയോഗിച്ചേക്കുമോ എന്ന ഭയം നിമിത്തമായിരിക്കാം അദ്ദേഹം അതിനു മുതിരാത്തത്. ആ ഭയം സ്വമേധയാ നീക്കിക്കൊടുക്കുന്ന സന്നദ്ധസേവനത്തിലാണ് മീരയും സമാനമനസ്‌കരും ഏര്‍പ്പെട്ടിരിക്കുന്നത്.

ജനാധിപത്യത്തിന്റെയും മാ ധ്യമസ്വാതന്ത്ര്യത്തിന്റെയും ആഗോളസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം അപമാനകരമായി താഴെപ്പോകുന്നത് ആവിഷ്‌കാരസ്വാതന്ത്യത്തിന് നല്‍കുന്ന പരിമിതമായ പ്രാധാന്യം നിമിത്തമാണ്. ജനാധിപത്യവിരുദ്ധമായ മനോഭാവത്തിന്റെ പ്രാദേശികമായ പ്രതീകം മാത്രമാണ് മീര. തിരുത്തുന്നതിന് പ്രാപ്തിയുള്ളവര്‍ മുകളിലുണ്ടാകണം. തൊപ്പി അടയാളപ്പെടുത്തലാണ്. ഏകാധിപത്യത്തില്‍ ഏകാധിപതി ഒന്നേയുള്ളെങ്കിലും വണങ്ങേണ്ടതായ തൊപ്പികള്‍ പലതുണ്ട്. അടിയന്തരാവസ്ഥയില്‍ നാം അത് കണ്ടതാണ്. ഇന്ദിര ഗാന്ധിയില്‍നിന്നു തുടങ്ങി നിരവധി തൊപ്പികള്‍ വണക്കത്തിനായുണ്ടായിരുന്നു. തൊപ്പി  എപ്പോഴും ഗോചരമാകണമെന്നില്ല. അധികാരത്തിന്റെ അടയാളപ്പെടുത്തലാണ് അദൃശ്യമെങ്കിലും സദാ ദൃശ്യമാക്കപ്പെടുന്ന തൊപ്പികള്‍. രണ്ടു നൂറ്റാണ്ട് മുമ്പ് മറ്റൊരു രാജ്യത്തെ സാഹചര്യത്തില്‍ എഴുതപ്പെട്ട തൊപ്പിക്കഥ ഇന്നത്തെ കേരള സാഹചര്യത്തിലും പ്രസക്തമായി നില്‍ക്കുന്നുവെന്ന് ഒരു സബ് കലക്ടര്‍ക്കു തോന്നിയത് കേവലം യാദൃച്ഛികമല്ല.