സെബാസ്റ്റ്യൻ പോൾ
രാത്രിയിൽ നടക്കുന്ന അറസ്റ്റിൽ നാടകീയത മാത്രമല്ല ദുരുദ്ദേശ്യവും ന്യായരാഹിത്യവും ഉണ്ടാകും. ഇരുട്ടിൽ കൊളുത്തിയ പന്തങ്ങളുമായാണ് ജൂതപ്രമാണിമാരും പടയാളികളും ഗത് സേമനിയിലെത്തിയത്. ഒളിച്ചു നടക്കുന്നയാളോ പിടികിട്ടാപ്പുള്ളിയോ അല്ല ഡൽഹി മുഖ്യമന്ത്രി. എന്നിട്ടും 2022 ഓഗസ്റ്റിൽ സിബിഐ രജിസറ്റർ ചെയ്ത കേസിൽ അരവിന്ദ് കെജ് രിവാളിനെ അറസ്റ്റ് ചെയ്യാൻ രാവാവോളം എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ കാത്തിരുന്നു. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് സ്തോഭജനകമായ ബോംബുകൾ പൊട്ടാനിരിക്കേ അവയെ നിർവീര്യമാക്കുന്നതിന് കെജ്‌രിവാളിൻെറ അറസ്റ്റും ഈഡി കസ്റ്റഡിയും സഹായകമായി. ജനഹിതം അട്ടിമറിക്കുന്നതിന് പാകിസ്ഥാനിൽ ഇമ്രാൻ ഖാനെ ജയിലിലാക്കിയതുപോലെ ഒരു അവസ്ഥ ഇന്ത്യയിൽ പൊടുന്നനെ സംജാതമായി. ഡൽഹി മുഖ്യമന്ത്രി എന്നതിനു പുറമേ പ്രതിപക്ഷ ഐക്യനിരയുടെ അച്ചാണി കൂടിയാണ് കെജ്‌രിവാള്‍. തിരഞ്ഞെടുപ്പിലേക്കുള്ള രാഷ്ട്രത്തിൻെറ യാത്ര ആരംഭിച്ചതിനുശേഷമുള്ള അറസ്റ്റ് മജിസ്ട്രേറ്റിൻെറ പരിമിതവും സാങ്കേതികവുമായ വീക്ഷണത്തിൽ ശരിയായിരിക്കാമെങ്കിലും രാഷ്ട്രീയനിരീക്ഷകർക്ക് അസ്വാസ്ഥ്യമുണ്ടാക്കുന്ന ചില പ്രശ്നങ്ങൾ ഇതിലുണ്ട്.
പാകിസ്ഥാനെ മാതൃകയാക്കി മതരാഷ്ട്രസ്ഥാപനത്തിന് ഒരുമ്പെട്ടിറങ്ങിയവർ പാകിസ്ഥാനെ അനുകരിച്ച് ഇന്ത്യൻ ജനാധിപത്യത്തെ മൃതാവസ്ഥയിലാക്കാൻ ശ്രമിക്കുന്നു. കെജ് രിവാളിൻെറ അറസ്റ്റിൽ അന്തർലീനമായിരിക്കുന്ന രാഷ്ട്രീയവിഷയങ്ങൾ ഇപ്പോൾ ഏറെക്കുറെ പരസ്യമായിക്കഴിഞ്ഞിട്ടുണ്ട്. കെജ് രിവാളിനു പകരം മുഖ്യമന്ത്രിയെ കണ്ടെത്തി പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള കെല്പ് ആം ആദ്മി പാർട്ടിക്കില്ലാത്ത സാഹചര്യത്തിൽ കേന്ദ്രഭരണമാണ് ഡൽഹിയെ കാത്തിരിക്കുന്നത്. ജനാധിപത്യത്തെ സംബന്ധിച്ചു മാത്രമല്ല ഫെഡറലിസത്തെ സംബന്ധിച്ചും കെജ് രിവാളിൻെറ അറസ്റ്റ് പ്രശ്നമാകുന്നുണ്ട്. മദ്യവ്യാപാരികൾക്ക് പ്രയോജനകരമായ രീതിയിൽ നയം മാറ്റിയതിലൂടെ ആർജിച്ചതായി പറയപ്പെടുന്ന പണമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ അന്വേഷണവിഷയം. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയത്തെ അടിസ്ഥാനമാക്കി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനും ഭരണം ഏറ്റെടുക്കാനും കേന്ദ്രത്തിനു കഴിയുമെങ്കിൽ എന്തു തരം ഫെഡറലിസമാണ് ഇവിടെയുള്ളതെന്ന് ഭരണഘടന വായിക്കുന്ന വിദ്യാർത്ഥികൾ ചോദിച്ചു തുടങ്ങും. മദ്യനയക്കേസുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയും സഞ്ജയ് സിങ്ങുംകുറേക്കാലമായി ജയിലിലാണ്. അറസ്റ്റിൽ മാത്രമാണ് ഈഡിക്ക് താത്പര്യം. പിന്നെ അവരതു മറക്കും. ഈഡിക്കേസുകളിൽ കൺവിക്ഷൻ നിരക്ക് വളരെ കുറവാണെന്ന കാര്യവും ഓർക്കണം. അറസ്റ്റിൽ കാണിക്കുന്ന ഔത്സുക്യം വിചാരണ ദ്രുതഗതിയിൽ പൂർത്തിയാക്കുന്ന കാര്യത്തിൽകൂടി കാണിക്കണം. പ്രതികളെ ജയിലിലാക്കിയതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥർ വിഷുവിനും സംക്രാന്തിക്കും തെളിവന്വേഷിച്ചിറങ്ങുന്നത് നിയമവാഴ്ച നിലനിൽക്കുന്ന സംവിധാനത്തിന് അനുയോജ്യമല്ല.
തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയെ വലിയ തോതിൽ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയനേതാവിനെ കൈകാര്യം ചെയ്യുമ്പോൾ വൈരനിര്യാതനം ആരോപിക്കാൻ കഴിയാത്ത രീതിയിൽ ഭരണഘടനാപരമായ അവധാനത ഉണ്ടാകണം. ഭരണമാറ്റം ഉണ്ടായാൽ ഇതേ ഈഡി തങ്ങളോടും ഇതുതന്നെ ചെയ്യുമെന്ന വിചാരം അമിത് ഷായ്ക്കും കൂട്ടർക്കും ഉണ്ടായിരിക്കേണ്ടതാണ്. ഓർക്കുക, ചിദംബരത്തിനും ചില കണക്കുകൾ തീർക്കാനുണ്ട്.
ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നവർക്കെതിരെ കേന്ദ്ര ഏജൻസികളെ അഴിച്ചുവിടുന്നത് രാഷ്ട്രീയ വിനോദമായി മാറിയിരിക്കുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് അറസ്റ്റിനുമുമ്പ് രാജി സമർപ്പിക്കുന്നതിനുള്ള സാവകാശം ഈഡി നൽകി. അല്ലായിരുന്നെങ്കിൽ രണ്ട് മുഖ്യമന്ത്രിമാരെ ഒരേസമയം ജയിലിലാക്കിയെന്ന ഖ്യാതി നരേന്ദ്ര മോദിക്ക് ലഭിക്കുമായിരുന്നു. കോടതിയും തിരഞ്ഞെടുപ്പ് കമ്മീഷനും സാങ്കേതികമായി മാത്രം കാര്യങ്ങളെ കാണുമ്പോൾ കേന്ദ്ര ഏജൻസികൾ നിർബാധം ഫെഡറലിസത്തിൻെറ അടിത്തറ മാന്തുന്നു. നിയമം നിയമത്തിൻെറ വഴിയേ എന്നു പറഞ്ഞ് ആരെയും തൃപ്തരാക്കാൻ കഴിയില്ല. ഈഡിയുടെ കണ്ണിൽ പെടുന്നത് പ്രതിപക്ഷത്തുള്ളവർ മാത്രമാണെന്നതും പിടിക്കപ്പെടുന്നവർ ബിജെപിയിൽ ചേർന്നാൽ ഈഡി കണ്ണടയ്ക്കുമെന്നതും ശ്രദ്ധേയമായ വസ്തുതകളാണ്.
കെജ് രിവാളിനുവേണ്ടിയുള്ള നിവേദനമായി ഈ കുറിപ്പിനെ കാണരുത്. അഴിമതി തടയുന്നതിന് ലോക്പാൽ എന്ന ശക്തമായ കേന്ദ്രസംവിധാനം ഉണ്ടാകണമെന്നാവശ്യപ്പെടുന്ന പ്രക്ഷോഭത്തിൽ അണ്ണാ ഹസാരെയുടെ തോളിൽ ചവിട്ടി ദേശീയശ്രദ്ധയിലേക്കുയർന്ന വ്യക്തിയാണ് കെജ് രിവാൾ. അണ്ണാ ഹസാരെ അന്നേ അയാളെ കൈയൊഴിഞ്ഞതാണ്. അറസ്റ്റിനുശേഷവും സ്വയംകൃതാനർത്ഥം എന്നു മാത്രമാണ് അണ്ണാ ഹസാരെ പറഞ്ഞത്.
Read more
തെറ്റുകൾ രണ്ടു ഭാഗത്തും ചൂണ്ടിക്കാണിക്കാം. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ന്യായീകരിക്കാനാവില്ല. കേസ് രജിസ്റ്റർ ചെയ്ത് 19 മാസം കാത്തിരിക്കാമെങ്കിൽ ജൂൺ 4 വരെ കാക്കുന്നതിന് എന്തായിരുന്നു തടസം? 2021ൽ നടപ്പാക്കിയതും 2022ൽ പിൻവലിച്ചതുമായ മദ്യനയത്തെ അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് സിബിഐയും ഈഡിയും നടത്തുന്നത്. സംസ്ഥാനങ്ങളുടെ നയരൂപീകരണത്തിൽ കേന്ദ്ര ഏജൻസികൾക്കെന്തു കാര്യം? ആരുടെയെങ്കിലും കൈയിലോ മടിയിലോ അനധികൃതമായി പണമുണ്ടെങ്കിൽ അന്വേഷിക്കാം. അങ്ങനെയൊന്നും കെജ് രിവാളിൻെറ കൈയിൽനിന്ന് കണ്ടെടുത്തിട്ടില്ല. തൊണ്ടിയില്ലാത്ത അപഹരണക്കേസാണ് കെജ് രിവാളിനെതിരെയുള്ളത്. ദൃക്സാക്ഷിക്കു പകരം മാപ്പുസാക്ഷിയാണുള്ളത്. പ്രതിപക്ഷ മുഖ്യമന്ത്രിമാർ ജാഗ്രതയോടെയിരിക്കുക – രണ്ടായാൽ ഇനിയുമാകാം.