ഡോ. സെബാസ്റ്റിയന്‍ പോള്‍
കാര്‍പെറ്റ് ബോംബിങ് എന്ന പ്രയോഗം അഫ്ഘാന്‍ യുദ്ധകാലത്താണ് കേട്ടു തുടങ്ങിയത്. വകതിരിവില്ലാത്തതും സമൂലനിഗ്രഹം ഉദ്ദേശിച്ചുള്ളതുമായ വ്യോമാക്രമണമാണ് കാര്‍പെറ്റ് ബോംബിങ്. ആയതിനു സമാനമായ ആക്രമണത്തിന് റിവ്യൂ എന്ന പേരില്‍ മലയാളസിനിമ വിധേയമാകുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നു. സിനിമയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ റിവ്യൂ നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞതോടെ ബ്‌ളാക്‌മെയിലും ചൂഷണവും ലക്ഷ്യമിട്ടു നടത്തുന്ന നെഗറ്റീവ് റിവ്യൂ പൊലീസിന്റെ ഇടപെടലിനു കാരണമായേക്കാവുന്ന കുറ്റമായി മാറി.ആരോമലിന്റെ ആദ്യപ്രണയം എന്ന ചിത്രത്തിന്റെ സംവിധായകന്‍ മുബീന്‍ റൗഫാണ് ഈ വിഷയവുമായി കോടതിയിലെത്തിയത്. റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനി ഇബ്രാഹിമിന്റെ പരാതിയില്‍, ഹൈക്കോടതി നിര്‍ദേശത്തിന്റെ ബലത്തില്‍, യൂട്യൂബര്‍മാര്‍ക്കെതിരെ ആദ്യത്തെ കേസ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തു.
സെന്‍സര്‍ഷിപ് എന്ന നിയന്ത്രണം നിലനില്‍ക്കെത്തന്നെ ആവിഷ്‌കാരസ്വാതന്ത്ര്യം അനിയന്ത്രിതമായി അവകാശപ്പെടുകയും അനുഭവിക്കുകയും ചെയ്യുവരാണ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുവര്‍. സിനിമ ഇറങ്ങിയതിനുശേഷം അതേക്കുറിച്ച് അഭിപ്രായം പറയുന്നതിനുള്ള പൊതുസമൂഹത്തിന്റെ അവകാശത്തെ ഹനിക്കുന്ന നിലപാട് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്വീകരിച്ചതില്‍ ചില പ്രശ്‌നങ്ങളുണ്ട്. ശിക്ഷാനിയമത്തില്‍ അപകീര്‍ത്തിയെ സംബന്ധിക്കുന്ന വ്യവസ്ഥയുടെ ആറാമത്തെ അപവാദത്തില്‍ ആസ്വാദനവും നിരൂപണവും കുറ്റകരമായ ബാധ്യതയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുസമക്ഷം സമര്‍പ്പിക്കപ്പെടുന്ന എന്തിനെയും വിലയിരുത്തുന്നതിനും അഭിപ്രായം പറയുന്നതിനുമുള്ള അവകാശം പൊതുസമൂഹത്തിനുണ്ട്. അതില്‍ സിനിമയും ഉള്‍പ്പെടുന്നു. സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
സിനിമാ റിവ്യൂ എന്ന ഏര്‍പ്പാട് നമ്മുടെ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ കാര്യമായി ഉണ്ടായിരുന്നില്ല. പരസ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ വരാനിരിക്കുന്നതും വന്നതുമായ സിനിമകളെക്കുറിച്ച് നല്ലതു പറയുക എന്നതായിരുന്നുഅന്നത്തെ രീതി. പണത്തിനുവേണ്ടിയുള്ള ബ്‌ളാക്ക്‌മെയിലിങ് ഇന്നത്തെ പോലെ അന്നും ഉണ്ടായിരുന്നു. സിനിമയെ കൂവിത്തോല്‍പ്പിക്കുകയെന്നത് ഇന്നത്തെപ്പോലെ അന്നും പൊതുവിനോദമായിരുന്നു. ഫാന്‍സ് എറിയപ്പെടുന്ന കൂവല്‍സംഘത്തിന്റെ ജോലിയാണത്. ആദ്യ ഷോ കഴിഞ്ഞിറങ്ങുന്നവര്‍ അടുത്ത ഷോയ്ക്ക് ക്യൂ നില്‍ക്കുന്നവരെ നിരുത്സാഹപ്പെടുത്തി മടക്കുന്ന രീതിയും ഉണ്ടായിരുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നതുപോലെ പഴയ തറമുറകള്‍ ഇന്ന് ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകളില്‍ ആയിരിക്കുന്നു എന്നു മാത്രം. സിനിമയെ മാത്രമല്ല തിരഞ്ഞെടുപ്പിനെപ്പോലും ദോഷകരമായി ബാധിക്കുന്ന ഓണ്‍ലൈന്‍ അത്യാചാരങ്ങള്‍ നിര്‍ബാധം നടക്കുന്നു. നമ്മുടെ സുരക്ഷിതത്വവും ഇതരതാത്പര്യങ്ങളും പൊലീസ് ഒരുക്കുന്ന പാളയങ്ങളില്‍ സുരക്ഷിതമായിരിക്കുമെന്നു കരുതുന്നവര്‍ വലിയ അപകടത്തിനുള്ള വഴിയാണൊരുക്കുന്നത്. ആവിഷ്‌കാരസ്വാതന്ത്ര്യം പൊലീസിനു അന്യവും അന്യമായിരിക്കേണ്ടതുമായ മേഖലയാണ്.
ഗ്രന്ഥനിരൂപണത്തിന് നല്‍കുന്ന അത്രയുമോ ചിലപ്പോള്‍ അതിലധികമോ ആയ പ്രാധാന്യം സിനിമാനിരൂപണത്തിന് മാതൃഭൂമി നല്‍കുന്ന കാലമുണ്ടായിരുന്നു. സിനിക്കും കോഴിക്കോടനുമായിരുന്നു ആഴ്ചപ്പതിപ്പിലെ ചിത്രശാല എന്ന പംക്തിയില്‍ നിരൂപകരായി ഉണ്ടായിരുന്നത്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും കുട്ടികൃഷ്ണ മാരാര്‍ ആരായിരുന്നുവോ അതുപോലെയായിരുന്നു മലയാളസിനിമയ്ക്ക് സിനിക്കും കോഴിക്കോടനും. പത്രാധിപര്‍ ഒഴികെ ആര്‍ക്കും അവര്‍ ആരെന്നറിയില്ലായിരുന്നു. പണം മുടക്കി ടിക്കറ്റെടുത്ത് സിനിമ കണ്ടിരുന്ന ഈ നിരൂപകരെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയുമായിരുന്നില്ല. ആരുടെ മുന്നിലും കൈനീട്ടുവരായിരുന്നില്ല അവര്‍. അതുകൊണ്ടുതന്നെ ബ്‌ളാക്ക്‌മെയിലിങ് തുടങ്ങിയ മ്‌ളേഛമായ ആരോപണങ്ങള്‍ക്ക് അവര്‍ വിധേയരായിരുന്നില്ല. അക്കാലത്ത് സിനിക്ക് എഴുതിയ ലേഖനത്തില്‍ നിന്ന് ഒരു ഖണ്ഡിക അദ്ദേഹത്തിന്റെ രചനാരീതി മനസിലാക്കുന്നതിനുവേണ്ടി ഉദ്ധരിക്കാം
”ന്യൂസ്‌പേപ്പര്‍ ബോയ് എന്ന ശ്‌ളാഘനീയമായ റിയലിസ്റ്റിക് ചിത്രം വാര്‍െത്തടുക്കാന്‍ ഒരുമ്പെട്ടവര്‍ക്ക് പൊള്ളിയ കൈയോടെ രംഗത്തുനിന്നുടന്‍ തിരോധാനം ചെയ്യേണ്ടിവന്നു. ഭാര്‍ഗവി നിലയത്തിനും പ്രസ്താവ്യമായ പ്രദര്‍ശനവിജയം നേടാനൊത്തുവെന്ന് തോന്നിയില്ല. മുഖ്യമായും ലളിതസുന്ദരങ്ങളായ മധുരഗാനങ്ങളുടെ ആധിക്യമാണ് അനല്പമായ പൊതുജനപ്രീതി നേടിക്കൊടുത്ത് നീലക്കുയിലിനെ രക്ഷിച്ചതെന്നനുമാനിക്കണം. പ്രതിപാദ്യത്തിന്റെ സാര്‍വജനീനമായ സവിശേഷാസ്വാദ്യതയും ക്യാന്‍വാസിന്റെ വ്യാപ്തിയെപോലെ അതാര്‍ജിച്ച അസുലഭ വര്‍ണപ്പകിട്ടും എല്ലാറ്റിനും പുറമേ ആ സമ്മാന്യകലാസൃഷ്ടിക്കു നേടാന്‍ ഭാഗ്യമുണ്ടായ മികച്ച മുന്‍കൂര്‍ പ്രശസ്തിയും മറ്റുമാണ് ചെമ്മീനിന്റെ വാണിജ്യപരമായ നില ഭദ്രമാക്കിയതെ് കരുതുന്നതില്‍ തെറ്റില്ല.”
ഈ രീതിയില്‍ എഴുതുന്ന ആളായിട്ടും സിനിക്കിന് സിനിമാനിരൂപണത്തിന്റെ പേരില്‍ കോടതിയില്‍ നിന്നും വിളിയുണ്ടായി. 1962ല്‍ ഉദയായില്‍നിന്ന് പുറത്തിറങ്ങിയ പാലാട്ടു കോമന്‍ എന്ന സത്യന്‍ ചിത്രത്തെ നിശിതമായി വിമര്‍ശിച്ചതാണ് സംവിധായകനും നിര്‍മാതാവുമായ കുഞ്ചാക്കോയെ ചൊടിപ്പിച്ചത്. മധ്യവയസ് പിന്നിട്ട സത്യനെ കോമനായി കാണുന്നത് അരോചകമായി എന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ നിരൂപണത്തിലുണ്ടായി. അപകീര്‍ത്തിക്കേസില്‍ പ്രതികളായി കെ പി കേശവ മേനോന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, എന്‍ വി കൃഷ്ണവാരിയര്‍ എന്നിവര്‍ മജിസ്‌ട്രേറ്റ് കോടതിയിലെ കൂട്ടില്‍ കയറിയെങ്കിലും സിനിക്ക് ഹാജരായില്ല. ആ തൂലികാനാമത്തില്‍ മറഞ്ഞിരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്തം പത്രാധിപര്‍ എന്ന നിലയില്‍ താന്‍ ഏല്‍ക്കുന്നുവെന്ന് എന്‍ വി കൃഷ്ണവാരിയര്‍ കോടതിയെ അറിയിച്ചു.
ഇപ്പോള്‍ മേല്‍വിലാസമില്ലാത്തവരും ഏല്‍ക്കാനാരുമില്ലാത്തവരും ആയ കുട്ടിച്ചാത്തന്മാര്‍ ഓണ്‍ലൈന്‍ മടക്കുകളിലെ ഇരുട്ടില്‍ മറഞ്ഞിരുന്ന് കല്ലെറിയുന്നു. അവരുടെ ഏറില്‍ തകരുന്നതാണോ സിനിമ. വിശ്വാസ്യതയില്ലാത്ത അജ്ഞാതര്‍ പരിശോധകരും കാവല്‍ക്കാരുമില്ലാത്ത ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമുകളില്‍ വിസര്‍ജിക്കുന്നത് ചവിട്ടിക്കൊണ്ടാണോ പ്രേക്ഷകര്‍ തീരുമാനമെടുക്കുന്നത്? നെഗറ്റീവ് റിവ്യൂ സിനിമയെ തകര്‍ക്കുന്നുവെന്ന് ആശങ്കപ്പെടുന്ന നിര്‍മാതാക്കള്‍ ആശങ്കയ്ക്കടിസ്ഥാനമായ വസ്തുതകള്‍ വെളിപ്പെടുത്തണം. പറഞ്ഞുപരത്തുതിനേക്കാള്‍ മെച്ചമായ പ്രചാരവേലയില്ല. സിനിമാഭാഷയില്‍ അതിന് മൗത്ത് പബ്‌ളിസിറ്റിയെന്നു പറയും. പറഞ്ഞുകേട്ടും വായിച്ചറിഞ്ഞുമല്ലാതെ ഓണ്‍ലൈന്‍ വ്‌ളോഗര്‍മാരുടെ ചപലതകള്‍ക്കു വശംവദനായി ഞാനിതുവരെ തിയറ്ററിലേക്ക് പോകുകയോ പോകാതിരിക്കുകയോ ചെയ്തിട്ടില്ല. ഞാനറിയു പലരുടെയും അവസ്ഥ ഇതാണ്. കണ്ടവര്‍ പറയുന്നതിന് വലിയ മൂല്യമുണ്ട്.
നെഗറ്റീവ് റിവ്യൂ ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ നെഗറ്റീവായതെല്ലാം തിരസ്‌കരിക്കാനുള്ളതല്ല. വ്യക്തിപരമായ അഭിപ്രായത്തെ പ്രഫഷനല്‍ നിരൂപണത്തില്‍ നിന്ന് വേറിട്ടു കാണണമെന്ന കോടതിയുടെ നിലപാട് അപകടത്തിനു കാരണമാകും. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഓരോ പൗരനും അവകാശപ്പെട്ടതാണ്. അഭിപ്രായപ്രകടനത്തില്‍ നെഗറ്റീവും പോസിറ്റീവുമായ വശങ്ങളുണ്ടാകും. രണ്ടും ഒരുപോലെ സംരക്ഷിതമാണ്. നെഗറ്റീവ് വാര്‍ത്തകളുടെ സംശോധനയും തുടര്‍നടപടികളും പൊലീസിനെ ഏല്‍പിച്ച കാലമായിരുന്നുഅടിയന്തരാവസ്ഥ. അന്നത്തെ ദുരവസ്ഥയായിരുന്നു പ്രസ് സെന്‍സര്‍ഷിപ്പ്. അതിന്റെ തിരിച്ചെഴുന്നള്ളത്താകരുത് സിനിമാ റിവ്യൂ വിഷയത്തില്‍ ഇടപെടുന്നതിന് ഹൈക്കോടതി പൊലീസിനു നല്‍കിയ അധികാരം. റിവ്യൂ ബോംബിങ്ങ് എന്ന് ഹൈക്കോടതി വിശേഷിപ്പിച്ച നവമാധ്യമ സിനിമാനിരൂപണം പുത്തന്‍ സിനിമകളുടെ വന്‍തോതിലുള്ള തകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന് നിര്‍മാതാക്കള്‍ പറയുന്നത് അതേപടി വിശ്വസിക്കാനാവില്ല. അപ്രകാരം വന്‍തോതില്‍ സ്വാധീനശക്തിയുള്ള ഒരു നവമാധ്യമനിരൂപകനെയും എനിക്കറിയില്ല.
Read more
ബ്‌ളാക്്‌മെയിലിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗം അതിനു കീഴ്‌പെടാതിരിക്കുകയെന്നതാണ്. ക്ഷുദ്രജീവികളെ പ്രോത്സാഹിപ്പിക്കുന്നതും വളര്‍ത്തുന്നതും നിര്‍മാതാക്കള്‍ തന്നെയാണ്. വളര്‍ത്തുന്നവരെ തിരിഞ്ഞുകൊത്തുന്ന ആസുരാവതാരങ്ങളെ നേരിടാന്‍ പൊലീസിനെ ഇറക്കുന്നത് ആവിഷ്‌കാരസ്വാതന്ത്ര്യം നേരിടുന്ന ഭീഷണിയായി പരിണമിക്കും. സൈബര്‍ പാടത്തെ കള പറിക്കാന്‍ പൊലീസിനെ ഇറക്കുന്നവര്‍ അറിഞ്ഞിരിക്കുക, അറിയാതെയാണെങ്കിലും നല്ല ചെടികളും പിഴുതെറിയപ്പെടും. നല്ല സിനിമ (എന്നുവച്ചാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന സിനിമ) പ്രതികൂലമായ നിരൂപണക്കാറ്റില്‍ തകര്‍ന്ന
ടിയുന്നത് സാധാരണകാഴ്ചയല്ല. നടപ്പുവര്‍ഷം ഒക്‌ടോബര്‍ 31 വരെ മലയാളത്തില്‍ 190 സിനിമകള്‍ പുറത്തിറങ്ങി. നിരൂപണത്തിന്റെ ആനുകൂല്യത്തില്‍ ഇവയെ അത്രയും രക്ഷപ്പെടുത്തി എടുക്കാനാവില്ല. 2018, രോമാഞ്ചം, ആര്‍ഡിഎക്‌സ്, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനവിജയം നേടിയത് അവ അത് അര്‍ഹിക്കുന്നതുകൊണ്ടും അക്കാര്യം പ്രേക്ഷകരെ അറിയിക്കുന്നതിന് ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരും നിരൂപകരും ഉള്ളതുകൊണ്ടുമാണ്.