ചാള്‍സ് കിരീടം വെച്ച രാജാവാകുന്നു

എഴുപത് വര്‍ഷം ബ്രിട്ടനില്‍ രാജ്ഞിയായിരുന്ന എലിസബത്തിനെ പിന്തുടര്‍ന്ന്  അവരുടെ പുത്രന്‍, ചാള്‍സ് മൂന്നാമന്‍ എന്ന പേരില്‍, ബ്രിട്ടനിലെ രാജാവായി ഇന്ന് കിരീടം ധരിക്കുന്നു. പാര്‍ലമെന്റുകളുടെ മാതാവ് എന്ന് വിളിപ്പേരുള്ളതും പാര്‍ലമെന്ററി ജനാധിപത്യത്തിന് അനുകരണീയമായ മാതൃകയായിരിക്കുന്നതുമായ ബ്രിട്ടന്‍ റിപ്പബ്‌ളിക് ആകാതിരിക്കുന്നത് അവിടെ രാജവാഴ്ച നിലനില്‍ക്കുന്നതു കൊണ്ടാണ്. രാഷ്ട്രത്തലവനെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സംവിധാനമാണ് റിപ്പബ്‌ളിക്. ജനങ്ങള്‍ക്ക് പങ്കില്ലാത്ത പിന്‍തുടര്‍ച്ചയാണ് രാജവാഴ്ച.

ഇംഗ്‌ളണ്ട്, സ്‌കോട്‌ലണ്ട്, വേല്‍സ്, ഉത്തര അയര്‍ലണ്ട് എന്നീ മേഖലകള്‍ ചേര്‍ന്ന് 1801ല്‍ രൂപംകൊണ്ട യുണൈറ്റഡ് കിങ്ഡത്തിനു പുറത്ത് കോമണ്‍വെല്‍ത്തിന്റെയും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ തുടങ്ങി പതിനഞ്ച് രാജ്യങ്ങളുടെയും അധിപനാണ് ബ്രിട്ടീഷ് രാജാവ്.

ഇംഗ്‌ളണ്ടിലെ ആദ്യത്തെ രാജാവ് എറിയപ്പെടുന്ന എഡ്ഗറിന്റെ കാലം മുതല്‍ ആയിരം വര്‍ഷത്തെ തുടര്‍ച്ച ബ്രിട്ടനിലെ രാജവാഴ്ചയ്ക്കുണ്ട്. പേര് സൂചിപ്പിക്കുന്നതുപോലെ ചാള്‍സ് എന്ന പേരില്‍ മൂന്നാമത്തെ രാജാവിന്റെ കിരീടധാരണമാണ് ഇപ്പോള്‍ നടക്കുന്നത്. രാജാധികാരം ദൈവദത്തമാണെ ധാരണയില്‍ പാര്‍ലമെന്റുമായി സംഘര്‍ഷത്തിലായ ചാള്‍സ് ഒന്നാമന് 1649ല്‍ ശിരസും കിരീടവും നഷ്ടമായി. അവിഹിതമായി 14 സന്തതികള്‍ ഉണ്ടായിട്ടും പിന്‍ഗാമിയില്ലാതെ മരിച്ചയാളാണ് ചാള്‍സ് രണ്ടാമന്‍. മാഗ്‌ന കാര്‍ട്ടയില്‍ ഒപ്പുവച്ച ജോണ്‍ രാജാവിന്റെ പേര് പിന്നീടാരും സ്വീകരിച്ചില്ല. ആദരം കൊണ്ടല്ല അവജ്ഞ കൊണ്ടാണ് ഈ ഒഴിവാക്കല്‍.

കിരീടം വയ്ക്കാന്‍ രാജാവില്ലാതായപ്പോള്‍ സിംഹാസനസ്ഥയാകുന്നതിന് രാജ്ഞിയെ വിദേശത്തു  നിന്നു കൊണ്ടുവന്ന ചരിത്രം ബ്രിട്ടനിലുണ്ട്. രണ്ട് ചാള്‍സുമാരുടെ മധ്യേ ഹ്രസ്വകാലം, 1649 മുതല്‍ 1660 വരെ, ഒലിവര്‍ ക്രോംവെലിന്റെ നേതൃത്വത്തില്‍ റിപ്പബ്‌ളിക്കന്‍ ഭരണത്തിലേക്കുപോയ ബ്രിട്ടനില്‍ രാജവാഴ്ച പുനഃസ്ഥാപിതമായി. ചാള്‍സ് ഒന്നാമന്റെ മകന്‍ ചാള്‍സ് രണ്ടാമന്‍ രാജാവായി. ജനാധിപത്യത്തിലെ പൊരുത്തക്കേടാണ് രാജവാഴ്ച. പൊരുത്തക്കേടുകളും വൈരുധ്യങ്ങളും വിദഗ്ധമായി സമന്വയിപ്പിക്കുന്നവരാണ് ബ്രിട്ടീഷുകാര്‍. അലിഖിതവും അഗോചരവുമായ ഭരണഘടനയെ അവര്‍ അക്ഷരത്തിലും അര്‍ത്ഥത്തിലും അനുസരിക്കും. അരൂപിയായ ബ്രിട്ടീഷ് ഭരണഘടനയെ ഭരണഘടനാനിര്‍മാണവേളയില്‍ നമ്മള്‍ മാതൃകയാക്കി.

മതനിരപേക്ഷമായ രാഷ്ട്രസംവിധാനത്തില്‍ രാഷ്ട്രത്തിന് ഔദ്യോഗികമായ മതം ഉണ്ടാകരുത്. ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട് എന്ന പേരില്‍ ബ്രിട്ടന് ഔദ്യോഗികമതമുണ്ട്. രാജാവാണ് സഭയുടെ തലവന്‍. ആംഗ്‌ളിക്കന്‍ ചര്‍ച്ച് എന്നറിയപ്പെടുന്ന ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ടിന്റെ ആസ്ഥാനമായ കാന്റര്‍ബറി കത്തീഡ്രലിലാണ് ചാള്‍സിന്റെ കിരീടധാരണച്ചടങ്ങ് നടക്കുന്നത്. രാജാവ് ആംഗ്‌ളിക്കന്‍ സഭാംഗമായിരിക്കണം. രണ്ടു വട്ടം വിവാഹമോചിതയായ അമേരിക്കന്‍ കാമുകിക്കുവേണ്ടി കത്തോലിക്കാ സഭാംഗമായ എഡ്‌വേഡ് എട്ടാമന് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ ജോര്‍ജ് ആറാമന്‍ രാജാവായി. ഇദ്ദേഹത്തിന്റെ മകളാണ് ചാള്‍സിന്റെ അമ്മ എലിസബത്ത്.

ജോര്‍ജ് ആറാമന്റെ പിന്‍ഗാമിയായി 1952ല്‍ എലിസബത്ത് ആരൂഢയാകുമ്പോള്‍ അവര്‍ക്ക് പ്രായം 27 ആയിരുന്നു. ചാള്‍സിന് വയസ് 74 ആയി. രാജപത്‌നിയായി കാമിലയ്ക്കു പകരം എത്തേണ്ടിയിരുന്ന ഡയാനയുടെ അപമൃത്യു ഉള്‍പ്പെടെ ബക്കിങ്ഹാം കൊട്ടാരത്തെ ഉലച്ച നിരവധി സംഭവങ്ങള്‍ എലിസബത്തിന്റെ കാലത്തുണ്ടായി. രാജവാഴ്ചയുടെ അന്ത്യമാകുന്നുവോ എന്നുപോലും സംശയിക്കുന്ന ഘട്ടങ്ങളുണ്ടായി. കാണാത്ത ഭരണഘടനയ്ക്കും കാണുന്ന പാര്‍ലമെന്റിനും വിധേയമായി പ്രധാനമന്ത്രിയുടെ ഉപദേശവും സഹായവും സ്വീകരിച്ച് നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചരിത്രപരമായ സ്ഥാപനമാണ് ബ്രിട്ടനിലെ രാജവാഴ്ച. പുതിയ തലമുറയ്ക്ക് അതിനോട് താത്പര്യം കുറയുന്നു എന്നു പറയുമ്പോഴും ബ്രിട്ടീഷുകാര്‍ക്ക് അത് ഒഴിവാക്കാനാകുന്നില്ല. ചാള്‍സിന്റെ പിന്‍ഗാമിയാകുവരുടെ കൂട്ടത്തില്‍ അഞ്ചാം നിരയില്‍ ഹാരി എന്ന രാജകുമാരനെവരെ കണ്ടെത്തിയും കണക്കുകൂട്ടിയും കഴിയുന്ന ബ്രിട്ടീഷുകാര്‍ക്ക് രാജപരമ്പരയുടെ അന്ത്യത്തെക്കുറിച്ച് തത്കാലം ചിന്തയില്ല.