ടാറ്റക്കരികില്‍ കല്യാണ്‍ ജൂവലേഴ്‌സ്; ടൈറ്റന്‍ കഴിഞ്ഞാല്‍ രണ്ടാമന്‍; വിപണി മൂല്യം 30,422,62 കോടി കടന്നു; കുതിച്ച് ഓഹരികളും; ചരിത്ര നേട്ടം

ചരിത്ര നേട്ടവുമായി മലയാളികളുടെ സ്വന്തം കല്യാണ്‍ ജൂവലേഴ്‌സ്. രാജ്യത്ത് ഏറ്റവുമധികം വിപണിമൂല്യമുള്ള കമ്പനികളില്‍ കല്യാണും ഇടം പിടിച്ചു. ഓഹരി വിപണയില്‍ ഇന്നലെ ഓഹരിവില 4.09 ശതമാനം ഉയര്‍ന്നതോടെയാണ് കമ്പനിക്ക് ചരിത്രനേട്ടം സ്വന്തമായത്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 30,422,62 കോടി രൂപയാണ്.

ടാറ്റ കണ്‍സല്‍ട്ടന്‍സ സര്‍വീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ 200 കമ്പനികളുടെ ആദ്യനിരയിലേക്ക് കയറാന്‍ ഓഹരിയില്‍ 1.34 ശതമാനം വര്‍ദ്ധനവ് കൂടിമതി. ടാറ്റയുടെ കീഴിലുള്ള ജൂവലറി ബ്രാന്‍ഡായ തനിഷ്‌കിന്റെ മാതൃകമ്പനിയായ ടൈറ്റന്‍ കഴിഞ്ഞാല്‍ ജൂവലറിയെന്ന നേട്ടവും കല്യാണ്‍ സ്വന്തമാക്കിയിട്ടുണ്ട്.

2021 മാര്‍ച്ചില്‍ 86 രൂപയ്ക്കായിരുന്ന കല്യാണ്‍ ജൂവലറി ഐപിഒ നടത്തിയത്. രണ്ടര വര്‍ഷത്തിനിടെ മൂന്നിരട്ടി നേട്ടമാണ് കമ്പനി നല്‍കിയത്. ഇന്നലെത്തെ നേട്ടം കല്യാണ്‍ ഓഹരി വിപണിയില്‍ ഇന്നും തുടരുകയാണ്. 52 ആഴ്ചയയിലെ ഏറ്റവും വലിയ ഉയര്‍ച്ചയിലാണ് കല്യാണിന്റെ ഓഹരികള്‍ കുതിക്കുന്നത്. ഇന്ന് 2.80 ശതമാനം വര്‍ദ്ധിച്ച് 302.95 രൂപയിലാണ് വ്യാപാരം തുടരുന്നത്.

ദീപാവലിക്ക് ഇന്ത്യയിലെമ്പാടുമായി പുതിയ 33 ഷോറൂമുകള്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഗള്‍ഫിലെ നാല് രാജ്യങ്ങളിലുമാണ് കല്യാണ്‍ ജൂവലേഴ്‌സിന് സാന്നിദ്ധ്യമുള്ളത്. ദക്ഷിണേന്ത്യയില്‍ 77 ഷോറൂമുകളും വടക്കേയിന്ത്യയിലും മധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 55 ഷോറൂമുകളും പശ്ചിമ ഇന്ത്യയില്‍ 25-ഉം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 18 ഷോറൂമുകളുമാണുള്ളത്. കൂടാതെ ഗള്‍ഫില്‍ 34 ഷോറൂമുകളും ഉണ്ട്.ഒക്ടോബറില്‍ ബിഹാറിലെ കിഷന്‍ഗഞ്ച്, മുസാഫര്‍പുര്‍, ബെഗുസരൈ, ഹാജിപുര്‍, കങ്കര്‍ബാഗ് എന്നിവിടങ്ങളിലും ഹരിയാനയിലെ ഫരീദാബാദ്, പാനിപ്പട്ട്, ഒഡീഷയിലെ ജാജ്പുര്‍, പഞ്ചാബിലെ ബര്‍ണാല, ചണ്ഡിഗഢ്, മഹാരാഷ്ട്രയിലെ സോലാപുര്‍, ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, വെസ്റ്റ് ബംഗാളിലെ പുര്‍ലിയ, ഉത്തരാഖണ്ഡിലെ ഖാസിപുര്‍, ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, മഥുര, അലിഗഡ്, അലംബാഗ്, ജോന്‍പുര്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുറക്കുന്നത്.

ഇതിനും പുറമെ മെട്രോ നഗരങ്ങളിലെ പ്രധാന വിപണികളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ ബാന്ദ്ര, മുലുന്ദ്, ഗോറിഗാവ്, കൊല്‍ക്കൊത്തയിലെ ബരാസത്, ബാരക്ക്‌പോര്‍, ന്യൂഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക്, ശഹ്ദാര റോഡ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ തുറക്കും.