പുതിയ പ്രഖ്യാപനം പിടിവള്ളിയായി; കല്യാണ്‍ ജൂവലേഴ്സ് കുതിക്കുന്നു; ഓഹരികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയില്‍

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ് നടത്തിയ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. കല്യാണ്‍ ജൂവലേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉയര്‍ച്ചയിലാണ് ഓഹരിവില. ദീപാവലിക്ക് ഇന്ത്യയിലെമ്പാടുമായി പുതിയ 33 ഷോറൂമുകള്‍ ആരംഭിക്കുമെന്ന് ഇന്നലെയാണ് കമ്പനി വ്യക്തമാക്കിയത്. ഇതിന്റെ പ്രതിഫലനമാണ് ഓഹരി വിപണയില്‍ ഉണ്ടായിരിക്കുന്നത്.

നിലവില്‍ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഗള്‍ഫിലെ നാല് രാജ്യങ്ങളിലുമാണ് കല്യാണ്‍ ജൂവലേഴ്സിന് സാന്നിദ്ധ്യമുള്ളത്. ദക്ഷിണേന്ത്യയില്‍ 77 ഷോറൂമുകളും വടക്കേയിന്ത്യയിലും മധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 55 ഷോറൂമുകളും പശ്ചിമ ഇന്ത്യയില്‍ 25-ഉം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 18 ഷോറൂമുകളുമാണുള്ളത്. കൂടാതെ ഗള്‍ഫില്‍ 34 ഷോറൂമുകളും ഉണ്ട്.ഒക്ടോബറില്‍ ബിഹാറിലെ കിഷന്‍ഗഞ്ച്, മുസാഫര്‍പുര്‍, ബെഗുസരൈ, ഹാജിപുര്‍, കങ്കര്‍ബാഗ് എന്നിവിടങ്ങളിലും ഹരിയാനയിലെ ഫരീദാബാദ്, പാനിപ്പട്ട്, ഒഡീഷയിലെ ജാജ്പുര്‍, പഞ്ചാബിലെ ബര്‍ണാല, ചണ്ഡിഗഢ്, മഹാരാഷ്ട്രയിലെ സോലാപുര്‍, ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, വെസ്റ്റ് ബംഗാളിലെ പുര്‍ലിയ, ഉത്തരാഖണ്ഡിലെ ഖാസിപുര്‍, ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, മഥുര, അലിഗഡ്, അലംബാഗ്, ജോന്‍പുര്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുറക്കുന്നത്.

ഇതിനും പുറമെ മെട്രോ നഗരങ്ങളിലെ പ്രധാന വിപണികളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈയിലെ ബാന്ദ്ര, മുലുന്ദ്, ഗോറിഗാവ്, കൊല്‍ക്കൊത്തയിലെ ബരാസത്, ബാരക്ക്പോര്‍, ന്യൂഡല്‍ഹിയിലെ ചാന്ദ്നി ചൗക്ക്, ശഹ്ദാര റോഡ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ തുറക്കും.

കല്യാണ്‍ ജൂവലേഴ്സിന്റെ ഫിജിറ്റല്‍ മാതൃകയിലുള്ള ഡിജിറ്റല്‍-ഫസ്റ്റ് ആഭരണ പ്ലാറ്റ്ഫോമായ കാന്‍ഡിയര്‍ റീട്ടെയ്ല്‍ വില്‍പ്പനശാലകള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ദീപാവലിക്ക് ഏഴ് പുതിയ ഷോറൂമുകള്‍ ആരംഭിക്കും. മുംബെയില്‍ മൂന്നും ബംഗളുരുവില്‍ രണ്ടും കേരളത്തിലും ബിഹാറിലും ഒന്നു വീതവും റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളാണ് കാന്‍ഡിയര്‍ തുറക്കുന്നത്.

പ്രഖ്യാപനം പുറത്തുവന്ന് ഇന്ന് രാവിലെ തന്നെ ഓഹരി വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ മുന്നേറ്റം പ്രകടമായിരുന്നു. ഓഹരി വിപണയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തുകയിലേക്ക് കല്യാണ്‍ ഓഹരി എത്തിയതും ഇന്നായിരുന്നു. 52 ആഴ്ചയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നു പുറത്തെടുത്തത്. 272.90 രൂപവരെ ഇന്ന് ഓഹരി വില ഉയര്‍ന്നിട്ടുണ്ട്.