സ്വർണ്ണത്തിന്റെ ഡിമാന്ഡിന് പത്തരമാറ്റ്, ലോക വിപണിയിൽ വില കുതിക്കുന്നു, കേരളത്തിൽ പവൻ വില 22,640

സ്വർണ്ണത്തിന്റെ വിലയിലെ തകർപ്പൻ മുന്നേറ്റം തുടരുകയാണ്. ഒരു ട്രോയ് ഔൺസ് [31 ഗ്രാം] സ്വർണ്ണത്തിന്റെ വില, ലോക കമ്പോളത്തിൽ ഇന്ന് 1361 ഡോളറിലേക്ക് കുതിച്ചുയർന്നു. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഡോളർ നേരിടുന്ന വിലത്തകർച്ചയാണ് സ്വർണ്ണത്തിന്റെ ഡിമാന്റിനെ ഉയരങ്ങളിലെത്തിച്ചത്. ഏതാനും ആഴ്ചകളായി ലോകത്തെ പ്രമുഖ കറൻസികൾക്കെതിരെ ഡോളർ കനത്ത വിലയിടിവ് നേരിടുകയാണ്. ഇത് മൂലം വൻകിട നിക്ഷേപകർ കൂടുതൽ സുരക്ഷിതമെന്ന് കരുതുന്ന ഉത്പന്നങ്ങൾ വാങ്ങി കൂട്ടുകയാണ്. ഏറ്റവും സുരക്ഷിത നിക്ഷേപമായി ലോകം കാണുന്നത് സ്വർണ്ണത്തെയാണ്. 2016 ആഗസ്റ്റിലാണ് ഇതിനു മുൻപ് സ്വർണ്ണത്തിനു ഈ വില രേഖപ്പെടുത്തിയത്.

കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് 22,640 രൂപയായി ഉയർന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില. ജനുവരി ഒന്നിന് 21,880 രൂപയും ജനുവരി നാലിന് 21,760 രൂപയുമായിരുന്നു പവന്റെ നിരക്ക്. 30,239 രൂപയാണ് മുംബയിൽ 10 ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില. 29,454 രൂപയാണ് ജനുവരി അഞ്ചിന് രേഖപ്പെടുത്തിയത്.