ഇക്വിറ്റി നിക്ഷേപം കുട്ടിക്കളിയല്ല; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ കൂടിയിട്ടുണ്ട്. ഇതിന് ഒരു കാരണം ആപ്പുകളിലൂടെ സ്വന്തമായി ഇടപാടുകള്‍ നടത്താമെന്നതിനാലുണ്ടായ സമയലാഭമാണ്. കോവിഡ് സൃഷ്ടിച്ച ബുള്‍ മാര്‍ക്കറ്റ് പുതിയ ഒരു കൂട്ടം നിക്ഷേപകരെ കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. ഈ നിക്ഷേപകരുടെ മനസുകളില്‍ തെറ്റായ ചില പ്രതീക്ഷകളും ഇത് സൃഷ്ടിച്ചിട്ടുണ്ട്. സുഹൃത്തുക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ കേട്ടതിന്റെ അടിസ്ഥാനത്തില്‍ മാത്രം നിക്ഷേപകാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവരും കൂടുതലാണ്. അതിലും കഷ്ടമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിദഗ്ധരുടെ ടിപ്സും റിവ്യൂസും മാത്രം വിശ്വസിച്ച് നടത്തുന്ന നിക്ഷേപങ്ങള്‍. രണ്ടുവര്‍ഷത്തെ ബുള്‍മാര്‍ക്കറ്റ് ഈ തെറ്റായ നിക്ഷേപവഴി ശക്തിപ്പെടുത്താന്‍ മാത്രമേ സഹായിച്ചിട്ടുള്ളൂ.

ഏറെ സമയമെടുത്ത് ചെയ്യേണ്ട നടപടിയാണ് നിക്ഷേപം. അറിവും എല്ലാതരം റിസോഴ്സുകളും ഉപയോഗപ്പെടുത്തിവേണം അത് ചെയ്യാന്‍. നിക്ഷേപകാര്യങ്ങളെ എങ്ങനെ സമീപിക്കണമെന്ന് നോക്കാം.

കൃത്യമായ ലക്ഷ്യത്തോടെ സമയപരിധി നിശ്ചയിച്ച് നിക്ഷേപിക്കുക: ഏതെങ്കിലും ഒരു ലക്ഷ്യം മനസിലുണ്ടെങ്കില്‍ നിക്ഷേപ കാര്യത്തില്‍ അതിന് അനുസൃതമായ തീരുമാനമെടുക്കാനാകും. അതായത് റിട്ടയര്‍മെന്റ് കാലത്തേക്കോ കുട്ടികളുടെ വിദ്യാഭ്യാസത്തിനോ അടിയന്തര ഘട്ടങ്ങളില്‍ ഭാവിയില്‍ ഉപയോഗിക്കാനുള്ള ഫണ്ടായോ ഒക്കെ. ഉദാഹരണത്തിന് ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള പോര്‍ട്ട്ഫോളിയോകളില്‍ നിങ്ങളുടെ മൂലധന നിക്ഷേപത്തെ സംരക്ഷിക്കുന്ന തരത്തില്‍ സുരക്ഷിതമായ അസറ്റ് ക്ലാസുകളിലേക്ക് കൂടുതല്‍ തുക മാറ്റിവെക്കാറുണ്ട്. ഇതില്‍ നിന്നുവിരുദ്ധമായി റിട്ടയര്‍മെന്റ് പോലെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള നിക്ഷേപമാണെങ്കില്‍ ഈ സമയത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കുന്നതിനായി ഇക്വിറ്റി പോലുള്ള വളര്‍ച്ചാ അസറ്റുകളിലാണ് പ്രധാനമായും നിക്ഷേപിക്കുന്നത്.

എത്രത്തോളം റിസ്‌ക് താങ്ങാനാകും: നിങ്ങള്‍ക്ക് എത്രത്തോളം റിസ്‌ക് താങ്ങാനാകും എന്നത് അനുസരിച്ച് കൂടിയായിരിക്കണം നിക്ഷേപം. പ്രായം, വരുമാനത്തിന്റെ സ്ഥിരത, നിങ്ങളെ ആശ്രയിക്കുന്ന കഴിയുന്ന ആളുകള്‍ എന്നിങ്ങനെയുള്ള ഒരുപാട് ഘടകങ്ങള്‍ ആശ്രയിച്ചിരിക്കും റിസ്‌ക് താങ്ങാനുള്ള നിങ്ങളുടെ ക്ഷമത. അതിനാല്‍, വെറുതെ സുഹൃത്തിന്റെ പോര്‍ട്ട്ഫോളിയോ അനുകരിച്ച് നിക്ഷേപിക്കുന്നത് നല്ലതല്ല. കാരണം ഓരോരുത്തരുടെയും ജീവിതത്തിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. പകരം ആ ഫണ്ട് അല്ലെങ്കില്‍ ഓഹരി നിങ്ങളുടെ റിസ്‌ക് പ്രൊഫൈലിന് യോജിക്കുമോയെന്ന് നോക്കണം.

അസറ്റ് അലോക്കേഷനാണ് പ്രധാനം: ഉറച്ച നിക്ഷേപ പോര്‍ട്ട്ഫോളിയോയുടെ അടിത്തറയാണ് അസറ്റ് അലോക്കേഷന്‍. ലളിതമായി പറഞ്ഞാല്‍ ഒരാള്‍ നിക്ഷേപിക്കുന്ന തുകയെ ആഭ്യന്തര ഇക്വിറ്റി, അന്താരാഷ്ട്ര ഇക്വിറ്റി, സ്ഥിര വരുമാനം എന്നിങ്ങനെ വിവിധ അസറ്റ് ക്ലാസുകളിലായി നിക്ഷേപിക്കലാണ്. പഠനങ്ങള്‍ പറയുന്നത് 94% പോര്‍ട്ട്ഫോളിയോകളുടെ പ്രകടനത്തെയും നയിക്കുന്നത് അസറ്റ് അലോക്കേഷനാണെന്നാണ്. അതിനാല്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ സമയപരിധിയ്ക്ക് അനുസൃതമായി അസറ്റ് അലോക്കേഷന്‍ തെരഞ്ഞെടുക്കണം.

മുന്‍കാല പ്രകടനങ്ങള്‍ മാത്രം നോക്കിയാല്‍ പോര: ഒരു നിക്ഷേപത്തിന്റെ മുന്‍കാല പ്രകടനങ്ങള്‍ അല്ലെങ്കില്‍ ട്രന്റിങ്ങായ ഫണ്ട് നോക്കി ഇതേ റിട്ടേണ്‍ തന്നെ എല്ലാകാലത്തും കിട്ടുമെന്ന് പ്രതീക്ഷിച്ച് നിക്ഷേപിക്കുന്ന പ്രവണത ചില നിക്ഷേപകര്‍ക്കിടയിലുണ്ട്. ബെഞ്ച് മാര്‍ക്ക്/ ഇന്‍ഡക്സ് റിട്ടേണ്‍, റിസ്‌ക്, ആ നിക്ഷേപം റിട്ടേണുണ്ടാക്കിയ സാമ്പത്തിക സാഹചര്യം തുടങ്ങിയ ഘടകങ്ങളുമായി ആ ഫണ്ടിന്റെ പെര്‍ഫോമെന്‍സിനെ ഒത്തുനോക്കേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ ആ ഫണ്ടിന് വ്യത്യസ്ത വിപണി സാഹചര്യങ്ങളില്‍ സ്ഥിരമായ റിട്ടേണ്‍ നല്‍കാന്‍ കഴിയുമോയെന്ന് ഉറപ്പുവരുത്താനാവൂ.

ശരിയാംവിധത്തിലുള്ള വൈവിധ്യവത്കരണം: ഇന്ന് നിക്ഷേപകര്‍ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരിച്ച് നിക്ഷേപം നടത്താറുണ്ട്. എന്നാല്‍ അത് വെറുതെ ചെയ്താല്‍ മതിയാവില്ല. പ്രത്യേക വിപണി സാഹചര്യങ്ങളില്‍ വ്യത്യസ്തമായി പെരുമാറുന്ന വിവിധ അസറ്റുക്ലാസുകള്‍ ചേര്‍ത്തുവേണം പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരിക്കാന്‍. ഒന്നിലേറെ ഫണ്ടുകള്‍ കയ്യിലുണ്ടെങ്കില്‍ വൈവിധ്യവത്കരണമായി എന്നൊരു തെറ്റായ വിശ്വാസവുമുണ്ട്. എന്നാല്‍ ഈ ഫണ്ടുകളുടെ അടിസ്ഥാന ഹോള്‍ഡിങ്ങുകള്‍ പ്രാഥമികമായി സമാനമായതിനാല്‍ ധാരാളം ലാര്‍ജ് കാപ് ഫണ്ടുകള്‍ കൊണ്ട് പ്രയോജനമില്ല.

നികുതി കാര്യങ്ങള്‍ ശ്രദ്ധിക്കുക: വിവിധ നിക്ഷേപ മാര്‍ഗങ്ങളുടെ നികുതി എത്രത്തോളം വരുമെന്നും നികുതി കിഴിച്ച് എത്രത്തോളം റിട്ടേണ്‍ കിട്ടുമെന്നും കൂടി പഠിച്ചശേഷമേ നിക്ഷേപകാര്യങ്ങളില്‍ തീരുമാനമെടുക്കാവൂ. ഉയര്‍ന്ന നികകുതി പരിധിയിലുള്ളവര്‍ക്ക് ഹ്രസ്വകാല അല്ലെങ്കില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി ആര്‍ബ്രിട്രേജ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ കൂടുതല്‍ നികുതി ആനുകൂല്യം ലഭിക്കും.