2030- ഓടെ വൈദ്യരത്‌നം ഗ്രൂപ്പ് ആയുര്‍വേദ ചികിത്സാ- വിപണന രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു

ഭാരതത്തിന്റെ തനത് ചികല്‍സാപദ്ധതിയായ ആയുര്‍വേദത്തിന്റെ മഹിമ ലോകമെങ്ങും പരത്തിയ കേരളത്തിലെ പ്രശസ്തമായ വൈദ്യരത്‌നം ഗ്രൂപ്പ് ഈ രംഗത്ത് പുതിയ കാല്‍വയ്പുകള്‍ക്ക് തുടക്കമിടുന്നു. കഴിഞ്ഞ തൊണ്ണൂററിയൊമ്പത് വര്‍ഷങ്ങളായി ആയുര്‍വേദ ചികല്‍സാരംഗത്തും ആയുര്‍വേദ മരുന്ന് നിര്‍മാണ രംഗത്തും വലിയ വ്യക്തിമുദ്ര പതിപ്പിച്ച ഗ്രൂപ്പാണ് തൃശൂര്‍ തൈക്കാട്ട്‌ശേരി ആസ്ഥാനമായ വൈദ്യരത്‌നം ഗ്രൂപ്പ്. അഷട് വൈദ്യപാരമ്പര്യം പിന്തുടരുന്ന വൈദ്യരത്‌നത്തിന്റെ സ്ഥാപകന്‍ മഹാഭിഷഗ്വരനായ തൈക്കാട്ട് നീലകണ്ഠന്‍ മൂസാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി നേടിയ 220 കോടി രൂപ വിറ്റുവരവില്‍ 170 കോടി രൂപയും ആയുര്‍വേദ ഉല്‍പ്പന്നങ്ങളില്‍ നിന്നായിരുന്നു. ബാക്കി ബാക്കിയുളളത് ഇതര സേവനമേഖലകളില്‍ നിന്നുമായിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 240 കോടിരൂപ വരുമാനമാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ‘ 2030 ഓടെ 500 കോടി രൂപയുടെ വാര്‍ഷിക ടേണോവറാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ വന്ധ്യത, ജീവിത ശൈലി – കായിക സംബന്ധമായ രോഗങ്ങള്‍ എന്നിവക്കുള്ള നൂതനമായ ചികല്‍സയും, ന്യുട്രിഷനുമായി ബന്ധപ്പെട്ട മരുന്നുകള്‍ വിപണിയിലിറക്കാനും പദ്ധതിയിടുന്നു’ വൈദ്യരത്‌നം ഗ്രൂപ്പ് എക്‌സിക്കുട്ടീവ് ഡയറ്ക്ടര്‍മാരായ അഷ്ടവൈദ്യന്‍ ഡോ.ഇ. ടി യദു നാരായണന്‍ മൂസ്സും അഷ്ടവൈദ്യന്‍ ഡോ. ഇ.ടി കൃഷ്ണന്‍ മൂസ്സും പറഞ്ഞു.

തൈക്കാട്ട് നീലകണ്ഠന്‍ മൂസ്സിന്റെ അഞ്ചാം തലമുറയില്‍പ്പെട്ടവരാണ് മുപ്പതുകളിലെത്തിനില്‍ക്കുന്ന  ഇരുവരും. വിപുലമായ ഗവേഷണം, പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വിപണയിലെത്തിക്കല്‍ , നിര്‍മ്മാണ വിതരണ ശൃംഖലകള്‍ വിപുലപ്പെടുത്തല്‍, ന്യുട്രിഷന്‍ രംഗത്തും ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടും പുതിയ ചികല്‍സാരീതികള്‍ പരിചയപ്പെടുത്തല്‍ ഇവയെല്ലാം പുതിയ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നുവെന്നും ഇരുവരും പറഞ്ഞു.

വൈദ്യരത്‌നം ഗ്രൂപ്പിന്റെ അറിവും അനുഭവസമ്പത്തും പുതിയമേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വന്ധ്യത ചികല്‍സാ രംഗത്തും, മാതൃപരിചരണ രംഗത്തും ഈവര്‍ഷമാദ്യം തന്നെ ഒരു പുതിയ കേന്ദ്രം ആരംഭിച്ചതായും ഇവര്‍ സൂചിപ്പിച്ചു. അതോടൊപ്പം ഇന്ത്യക്കകത്തും  പുറത്തും കൂടുതല്‍ പ്രദേശങ്ങളിലേക്ക വൈദ്യരത്‌നത്തിന്റെ സേവനം എത്തിക്കാനുള്ള ശ്രമമവും തുടങ്ങിയതായി ഇവര്‍ അറിയിച്ചു. ഡല്‍ഹി , മുംബൈ, ചെന്നൈ, ബാംഗ്ളൂര്‍, ഹൈദരാബാദ് തുടങ്ങിയ  നഗരങ്ങളില്‍ ഇപ്പോള്‍ തന്നെ വൈദ്യരത്‌നത്തിന്റെ സാന്നിധ്യമുണ്ട്. ജയ്പൂര്‍ കോല്‍ഹാപ്പൂര്‍ , പൂനൈ എന്നിവടങ്ങളിലും ആന്ധ്രാ തെലുങ്കാന എന്നിവിടങ്ങിളിലെ വിവിധ നഗരങ്ങളിലും വൈദ്യരത്‌നം ഗ്രൂപ്പ് സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ്.

ഐ ടി തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് ജീവിത ശൈലി പ്രശനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷമതകള്‍ ഉണ്ട്. പ്രമേഹത്തിനുംപുറമേ രക്തസമ്മര്‍ദ്ധം. ഉറക്കമില്ലായ്മ, വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയും ഇത്തരക്കാര്‍ക്കിടയില്‍ വര്‍ധിച്ചവരുന്നുണ്ട്. അതിനെല്ലാം അഷ്ടവൈദ്യ സമ്പ്രദായത്തില്‍ പ്രതിവിധികളുമുണ്ട്. ഇതിനൊക്കെയുള്ള ചികല്‍സയും കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകളുമാണ് ഞങ്ങള്‍ നല്‍കുന്നത്. സുഖചികല്‍സ നല്‍കുക എന്നതല്ല തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറഞ്ഞു.

2030 ഓടെ കമ്പനി ഇനിഷ്യല്‍ പബ്‌ളിക്ക് ഓഫര്‍ നടത്താന്‍ ഉദ്ദേശിക്കുന്നതായും ഡോ.യദു നാരായണ്‍ മൂസൂം, ഡോ കൃഷ്ണന്‍ മൂസ്സും പറഞ്ഞു.

ഔഷധസസ്യങ്ങള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകാരണം ഇവയുടെ വിതരണം ഉറപ്പാക്കാന്‍ മറ്റു സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ച് ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെടുകയാണെന്നും ഇവര്‍ പറഞ്ഞു.മറ്റു ആയുര്‍വേദ സ്ഥാപനങ്ങളുമായി നടത്തിപ്പ് , മാനേജ്‌മെന്റ് കരാറകളിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഹിമാചലിലെ ബ്ഡ്ഡയിലുള്ള 100കിടക്കകള്‍ ഉള്ള വൃന്ദാവന്‍ ആയുര്‍വേദ ആശുപത്രിയുമായി കരാറില്‍ ഒപ്പുവച്ചിരുന്നു. റിയാദില്‍ 100 കിടക്കകളുള്ള ആയുര്‍വേദ ആശുപത്രി സ്ഥാപിക്കാന്‍ സൗദി ഗവണ്‍മെന്റുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കാനും തെയ്യാറെടുക്കുന്നുണ്ട്. തൃശ്ശൂരിലെ തൈക്കാട്ടുശ്ശേരി, ചുവന്നമണ്ണ്, തമിഴ്നാട്ടിലെ പൊള്ളാച്ചി എന്നിവിടങ്ങളിലെ മൂന്ന് നിര്‍മാണ യൂണിറ്റുകളുടെ ശേഷിയും വര്‍ദ്ധിപ്പിക്കുമെന്നു ഇരുവരും പറഞ്ഞു.