സാമ്പത്തിക മാന്ദ്യം ശക്തമാകുന്നു, കയറ്റുമതിയിൽ ഇടിവ്, കുറയുന്നത് തുടർച്ചയായ അഞ്ചാം മാസം

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കുത്തനെ ഇടിഞ്ഞു. വാണിജ്യ മന്ത്രാലയം പുറത്തു വിട്ടിരിക്കുന്ന ഏറ്റവും പുതിയ കണക്കു പ്രകാരം ഡിസംബർ മാസത്തിൽ മൊത്തം കയറ്റുമതി 1.8 ശതമാനം കുറഞ്ഞു. നവംബറിൽ 0.3 ശതമാനം മാത്രമായിരുന്നു ഇടിവ്. തുടർച്ചയായി അഞ്ചാം മാസമാണ് കയറ്റുമതി കുറയുന്നത്. സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നു എന്ന് പ്രകടമാക്കുന്നതാണ് ഈ കണക്ക്.

ഇറക്കുമതിയിലും കനത്ത ഇടിവ് പ്രകടമാണ്. ഡിസംബറിൽ ഇറക്കുമതി 8.8 ശതമാനം താഴ്ന്നു. വ്യവസായ രംഗങ്ങളിലെ പ്രതിസന്ധിയാണ് ഇതിന് പ്രധാന കാരണം. തുടർച്ചയായി ഏഴു മാസമായി ഇറക്കുമതി താഴുകയാണ്. കയറ്റുമതിയും ഇറക്കുമതിയും താഴുന്നത് ഇന്ത്യൻ സമ്പദ്ഘടന കൂടുതൽ ദുർബലമാകുന്നതിന്റെ സൂചനയാണ്. പണപ്പെരുപ്പ നിരക്കുകൾ ഉയരുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

ഇന്ത്യയുടെ ഏറ്റവും പ്രധാനമായ കയറ്റുമതി ഉത്പന്നങ്ങളിൽ ഒന്നായ ആഭരണ രംഗത്ത് കണ്ടത് കനത്ത ഇടിവാണ് പ്രകടമായത്. ഡിസംബറിൽ ഈ ഉത്പന്നങ്ങളുടെ കയറ്റുമതി എട്ടു ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. എന്നാൽ വസ്ത്രങ്ങളുടെ കയറ്റുമതി 2.4 ശതമാനമാണ് കുറഞ്ഞത്.