സ്വർണത്തിന്റെ ആഗോള ഡിമാന്റിൽ 7 ശതമാനം വർദ്ധന, ഇന്ത്യയിലും വിൽപ്പന കൂടി

ആഗോള മാർക്കറ്റിൽ സ്വർണത്തിന്റെ ഡിമാന്റിൽ പ്രകടമായ മുന്നേറ്റം ഉണ്ടായതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള ത്രൈമാസത്തിൽ ഗ്ലോബൽ ഡിമാൻഡ് ഏഴു ശതമാനം വർധിച്ചു. കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും കൂടിയ വർധനയാണ് ഇതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട് പറയുന്നു. 1053 .3 ടൺ സ്വർണമാണ് ഇക്കാലയളവിൽ ലോക മാർക്കറ്റിൽ വിൽപ്പനയായത്. ഇതിൽ 530 .3 ടണ്ണും ആഭരണങ്ങളുടെ വിൽപ്പനയായിരുന്നു.

984 .2 ടൺ സ്വർണമാണ് മുൻ വർഷം ഇതേ കാലയളവിൽ വിൽപ്പന നടന്നത്. പ്രമുഖ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ കൂടുതൽ സ്വർണം വാങ്ങിയതാണ് ഇതിനു കാരണമായതെന്ന് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നു.

Read more

സെൻട്രൽ ബാങ്കുകൾ 145 .5 ടൺ സ്വർണം വാങ്ങി. 2013 നു ശേഷമുള്ള ഏറ്റവും ഉയർന്ന തോതിലുള്ള വാങ്ങലായിരുന്നു ഇത്. ഇന്ത്യയിൽ നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാങ്ങൽ നടന്നു. 125 .4 ടൺ സ്വർണമാണ് ഇന്ത്യയിൽ വിൽപ്പനയായത്. എന്നാൽ ചൈനയിൽ ഡിമാൻഡ് രണ്ടു ശതമാനം കണ്ട് കുറഞ്ഞു. 184 .1 ടൺ സ്വർണമാണ് ചൈനയിൽ വിറ്റഴിഞ്ഞത്.