വീണ്ടും നിരക്ക് കുറച്ച് സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ പണനയം ആര്‍ബിഐ പ്രഖ്യാപിച്ചു. വായ്പാ ഇടപാടുകാര്‍ക്ക് വന്‍ ആശ്വാസം സമ്മാനിച്ച് റിസര്‍വ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം വെട്ടിക്കുറച്ചു. അടിസ്ഥാന പലിശ നിരക്കായ റിപ്പോയില്‍ അര ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെ വായ്പയുള്ളവര്‍ക്ക് ആശ്വാസമായി. റിപ്പോ നിരക്ക് ഇതോടെ 5.50 ശതമാനമായി. 0.25% ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസര്‍വ് ബാങ്ക് അരശതമാനം ഇളവ് വരുത്തിയത്. ഇതോടെ നിലവില്‍ വായ്പയുള്ളവര്‍ക്കും പുതുതായി വായ്പ തേടുന്നവര്‍ക്കും പലിശഭാരം കുറയും. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ) കുറയുമെന്നതിനാല്‍ വായ്പാ ഇടപാടുകാര്‍ക്ക് ഓരോ മാസവും കൂടുതല്‍ തുക വരുമാനത്തില്‍ മിച്ചം പിടിക്കാം. വായ്പാ-നിക്ഷേപ പലിശകളില്‍ നിരക്ക് കുറവ് ഉടനെ പ്രതിഫലിക്കും. ആര്‍ബിഐ നിരക്ക് കുറച്ചതോടെ ഓഹരി വിപണി നേട്ടത്തിലെത്തി. സെന്‍സെക്സ് 500 പോയന്റിലേറെ ഉയര്‍ന്നു.
6 ശതമാനത്തില്‍ നിന്ന് 5.5 ശതമാനത്തിലേക്കാണ് റീപ്പോനിരക്ക് കുറച്ചത്. പണപ്പെരുപ്പം കുറയുന്നതോടൊപ്പം വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കേണ്ട സാഹചര്യവും കണക്കിലെടുത്താണ് തുടര്‍ച്ചയായി മൂന്നാം തവണയും നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായത്.ഇതോടെ കഴിഞ്ഞ 3 യോഗങ്ങളായി ഒരു ശതമാനമാണ് പലിശഭാരം കുറഞ്ഞതെന്ന പ്രത്യേകതയുമുണ്ട്.
ബാങ്കുകള്‍ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, സ്വര്‍ണപ്പണയ, മറ്റു വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങള്‍ക്ക് വന്‍ ആശ്വാസമാകും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെയും ഏപ്രിലിലെയും യോഗത്തില്‍ മോണിറ്ററി പോളിസി കമ്മിറ്റി 0.25% വീതം പലിശ കുറച്ചിരുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണറായി സ്ഥാനമേറ്റ സഞ്ജയ് മല്‍ഹോത്ര, തന്റെ മൂന്നാമത്തെ പണനയ യോഗത്തിലും പലിശനിരക്ക് കുറച്ചുവെന്ന പ്രത്യേകതയുമുണ്ട്.
വിപണിയില്‍ പണലഭ്യത ഉറപ്പാക്കുന്നതിന് കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) ഒരു ശതമാനം കുറച്ചു. നിലവിലെ നാല് ശതമാനത്തില്‍നിന്ന് മൂന്ന് ശതമാനായാണ് താഴ്ത്തിയത്. നാല് ഘട്ടമായാണ് ഇത് നടപ്പാക്കുകയെന്നും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. സെപ്റ്റംബര്‍ ആറ്, ഒക്ടോബര്‍ നാല്, നവംബര്‍ 1, നവംബര്‍ 29 എന്നിങ്ങനെയാകും സിആര്‍ആര്‍ കുറയ്ക്കുക. ഒരോ ഘട്ടത്തിലും കാല്‍ ശതമാനംവീതം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍ ആര്‍ബിഐ നിലനിര്‍ത്തി. ഒന്നാം പാദത്തില്‍ 6.5ശതമാനവും രണ്ടാം പാദത്തില്‍ 6.7 ശതമാനവും മൂന്നാം പാദത്തില്‍ 6.6 ശതമാനവും നാലാം പാദത്തില്‍ 6.3 ശതമാനവും വളര്‍ച്ചനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more
കഴിഞ്ഞ മൂന്ന് മാസമായി പണപ്പെരുപ്പം നാല് ശതമാനമെന്ന ലക്ഷ്യത്തിന് താഴെയായി തുടരുകയാണ്. വരുംമാസങ്ങളില്‍ പണപ്പെരുപ്പം കുറയാനുള്ള സാധ്യതയും ആര്‍ബിഐ പരിഗണിച്ചു. ആഗോള തലത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ സമ്പദ്ഘടനയ്ക്ക് അടിയന്തര ഉത്തേജനം നല്‍കേണ്ട സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.