ഗാഡ്ജറ്റ് മുക്ത മണിക്കൂര്‍ പ്രചാരണവുമായി പാരന്റ് സര്‍ക്കിളും ടോട്ടോ ലേണിങ്ങും

അന്താരാഷ്ട്ര ശിശുദിനവുമായി ബന്ധപ്പെട്ട് നവംബര്‍ ഇരുപതിന് ഒരു മണിക്കൂര്‍ ഗാഡ്ജറ്റുകള്‍ ഉപേക്ഷിച്ച് കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ ആഹ്വാനം ചെയ്ത് #ഗാഡ്ജറ്റ് മുക്ത മണിക്കൂര്‍ ചലഞ്ച്. (#GadgetFreeHour) പാരന്റ് സര്‍ക്കിളും ടോട്ടോ ലേണിങ്ങും ചേര്‍ന്നാണ് ഗാഡ്ജറ്റ് മുക്ത മണിക്കൂര്‍ പ്രചാരണം സംഘടിപ്പിക്കുന്നത്.

മാതാപിതാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ചാണ് പ്രചാരണ പരിപാടി. മാതാപിതാക്കള്‍ ഗാഡ്ജറ്റുകള്‍ മാറ്റിവച്ച് കുട്ടികളോടൊപ്പം സമയം ചെലവിടുന്നത് ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. 20ന് വൈകീട്ട് 7.30 മുതല്‍ 8.30വരെയാണ് ഗാഡ്ജറ്റ് മുക്ത മണിക്കൂറായി ആചരിക്കുക. ടോട്ടോ പാരന്റ്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അല്ലെങ്കില്‍ www.tottolearning.gfh വെബ്സൈറ്റ് സന്ദര്‍ശിച്ച് ജിഎഫ്എച്ച് ചലഞ്ചില്‍ പങ്കെടുക്കാം.

കുട്ടികളില്‍ സ്‌ക്രീന്‍ ഉപയോഗം കൂടുന്നതിന്റെ ദോഷകരമായ ഫലത്തെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്താനും അതിനനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോവിഡിന്റെ കടന്നുവരവ് വീട്ടിനുള്ളിലെ കൂട്ടികളുടെ സ്‌ക്രീന്‍ സമയം വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്തും അതിനുശേഷമുള്ള ഘട്ടത്തിലും ഇന്ത്യയിലെ ഓരോ കുടുംബാംഗങ്ങളും ആഴ്ചയില്‍ ശരാശരി 26 മണിക്കൂറെങ്കിലും നെറ്റില്‍ ചെലവഴിച്ചിട്ടുണ്ടെന്നാണ് സര്‍വേ ഫലം.

കുട്ടികളുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള ആദ്യ പടി മാതാപിതാക്കള്‍ അവരോടൊപ്പം അല്‍പ്പ സമയം പങ്കിടുകയെന്നതാണ്. ആ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പാരന്റ് സര്‍ക്കിളും ടോട്ടോ ലേണിങ്ങും ചേര്‍ന്ന് ഗാഡ്ജറ്റ് മുക്ത മണിക്കൂര്‍ പ്രചാരണം സംഘടിപ്പിക്കുന്നത്.