ആദായനികുതി നിരക്ക് കുത്തനെ ഉയർത്തി പാകിസ്ഥാൻ, ധനകമ്മി 7.1 ശതമാനം

ആദായനികുതി നിരക്കിൽ വൻവർദ്ധന വരുത്തി ഇമ്രാൻ ഖാൻ സർക്കാർ. പാക് പാർലിമെന്റിൽ ഇന്നലെ അവതരിപ്പിച്ച ഫെഡറൽ ബജറ്റിൽ പരമാവധി ആദായ നികുതി നിരക്ക് 25 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കി ഉയർത്തി. എന്നാൽ മധ്യവർഗ – ശമ്പള വരുമാനക്കാരെ തലോടാനും ബജറ്റ് മറന്നില്ല. 50,000 രൂപ വരെ മാസവരുമാനമുള്ള ശമ്പളക്കാരുടെ നികുതി പകുതിയായി കുറയും. 25,800 കോടി രൂപയാണ് ആദായ നികുതി ഇനത്തിൽ  നടപ്പ് സാമ്പത്തിക വർഷത്തിൽ ബജറ്റ് ലക്ഷ്യമിടുന്നത്. ഇമ്രാൻ ഖാൻ സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റാണ് ഇന്നലെ പാർലിമെന്റിൽ അവതരിപ്പിച്ചത്.

ശമ്പളത്തിലും പെൻഷനിലും വർദ്ധന വരുത്തുമെന്ന പ്രഖ്യാപനവും റവന്യു മന്ത്രി അഹമ്മദ് അക്ഷർ അവതരിപ്പിച്ച ബജറ്റിലുണ്ട്. സൈനിക ചെലവുകൾ 11,530 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. 2019 -20ൽ ധനകമ്മി 7.1 ശതമാനമായിരിക്കുമെന്ന് ബജറ്റിൽ പറയുന്നു. 28,910 കോടി രൂപ കടങ്ങളുടെ തിരിച്ചടവിന് വിനിയോഗിക്കും. കാമ്യബ് ജവാൻ പദ്ധതി വഴി യുവാക്കൾക്ക് 10,000 കോടി രൂപ വായ്പ നൽകും. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ സംയുക്തമായി കാർഷിക രംഗത്ത് 28,000 കോടി രൂപ ചെലവഴിക്കും.