'ഒരു രാജ്യം, ഒറ്റ റേഷൻ കാർഡ്' പദ്ധതി രണ്ടുമാസത്തിനകം, ഏതു റേഷൻ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാം

“ഒരു രാജ്യം, ഒറ്റ റേഷൻ കാർഡ്” എന്ന രീതിയിലേക്ക് രാജ്യം മാറുമെന്ന് കേന്ദ്ര ഭക്ഷ്യ വിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാൻ പറഞ്ഞു. ഇതോടെ ഒരു റേഷൻ കടയെ മാത്രം ആശ്രയിക്കാതെ രാജ്യത്തെ ഏതു റേഷൻ കടയിൽ നിന്നും റേഷൻ സാധനങ്ങൾ വാങ്ങാവുന്ന സ്ഥിതി വരുമെന്ന് അദ്ദേഹം പറഞ്ഞു.

റേഷൻ സാധനങ്ങളുടെ വിതരണം ഉൾപ്പടെയുള്ള കാര്യങ്ങൾ പൂർണമായും കമ്പ്യൂട്ടർവത്കരിക്കും. വിതരണവും വിൽപനയും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഓൺലൈൻ വഴി നിരീക്ഷണ വിധേയമാകുന്നതോടെ കരിഞ്ചന്തയും അഴിമതിയും ഒഴിവാക്കാൻ കഴിയും. ഈ സംവിധാനം നിലവിൽ വരുന്നതോടെ താമസസ്ഥലം മാറുന്നതനുസരിച്ച് റേഷൻ കാർഡ് മാറ്റേണ്ട രീതി ഒഴിവാക്കാനും കഴിയും. ഇതരസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ആളുകളായിരിക്കും ഇതിന്റെ നേട്ടം ഏറ്റവും കൂടുതൽ ലഭിക്കുന്നവരെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മാസത്തിനകം ആന്ധ്രയിലും തെലുങ്കാനയിലും ദേശീയ റേഷൻ കാർഡ് നിലവിൽ വരും. മറ്റു സംസ്ഥാനങ്ങളിലും ഉടൻ ഈ സമ്പ്രദായം നടപ്പാകും. റേഷൻ കാർഡുകൾക്കായി ഒരു കേന്ദ്ര റെപ്പോസിറ്ററിയും ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 81 കോടിയിൽപരം ആളുകൾക്കായി 6 . 12 കോടി ടൺ ഭക്ഷ്യ സാധനങ്ങളാണ് ഇന്ത്യയിൽ വിതരണം നടത്തുന്നത്.