‘കരുതലാണ് ഇപ്പോള്‍ ആവശ്യം’; ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ച തുക വയനാടിനായി നല്‍കി കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ ഷോറൂം കല്‍പ്പറ്റയില്‍ തുറക്കുന്നു

ആഘോഷങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമായി മാറ്റിവെച്ച തുക മുഴുവന്‍ പ്രളയ സഹായത്തിനായി നല്‍കി ചടങ്ങുകള്‍ ഇല്ലാതെ കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ ഷോറൂം കല്‍പ്പറ്റയില്‍ തുറക്കുന്നു. കല്യാണ്‍ സില്‍ക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായ പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ച തുക വയനാടിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനാണ് തീരുമാനം.

‘ആഘോഷങ്ങള്‍ അല്ല കരുതലാണ് ഇപ്പോള്‍ വേണ്ടത്. കേരളം പൂര്‍വ്വസ്ഥിതിയില്‍ ആകുമ്പോള്‍ നിങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഞാനും കല്‍പ്പറ്റയില്‍ ഉണ്ടാകും.’ എന്ന ആമുഖത്തോടെയാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ആഗസ്റ്റ് 17 ന് ഔപചാരിക ഉദ്ഘാടന ചടങ്ങുള്‍ ഇല്ലാതെയാകും കല്യാണ്‍ സില്‍ക്‌സിന്റെ 29-ാമത് ഷോറൂം കല്‍പ്പറ്റയില്‍ പ്രവര്‍ത്തനം ആരംഭിക്കുക.

കേരളം പ്രളയത്തെ അതിജീവിച്ച് സമാധനത്തിലേക്കും സന്തോഷത്തിലേക്കും മടങ്ങിയെത്തുമ്പോള്‍ അവരോടൊപ്പം സന്തോഷിക്കാന്‍ പൃഥ്വിരാജ് കല്‍പ്പറ്റയിലെ ഷോറും സന്ദര്‍ശിക്കുമെന്നും കല്യാണ്‍ സില്‍ക്‌സ് കുറിപ്പില്‍ പറയുന്നു. കല്യാണിന്‍റെ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്‍റുമായി പോസ്റ്റില്‍ എത്തുന്നത്.