'ഇന്ത്യയ്ക്ക് നിക്ഷേപം ആവശ്യമാണ്...ഇന്ത്യയിലെ മാന്ദ്യം ആഗോള വളർച്ചയെ സ്വാധീനിക്കും': ആമസോൺ സ്ഥാപകനെ കേന്ദ്ര സർക്കാർ 'അവഹേളിച്ച' സംഭവത്തിൽ പ്രതികരിച്ച് ഗീത ഗോപിനാഥ്

ഇന്ത്യക്ക് വളരെയധികം നിക്ഷേപം ആവശ്യമാണ്, അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണ്, അന്താരാഷ്ട്ര നാണയ നിധി (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്-ഐ‌എം‌എഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് എൻ‌.ഡി‌.ടി‌.വിയോട് പറഞ്ഞു. കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദർശനം നടത്തിയ ആമസോൺ സിഇഒ ജെഫ് ബെസോസിനോടുള്ള സർക്കാരിൻറെ തണുത്ത പ്രതികരണവുമായി ബന്ധപ്പെട്ടായിരുന്നു ഗീത ഗോപിനാഥിന്റെ പരാമർശം.

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ ജെഫ് ബെസോസിന് ഏതെങ്കിലും കേന്ദ്ര മന്ത്രിയുമായോ സർക്കാർ ഉദ്യോഗസ്ഥരുമായോ കൂടിക്കാഴ്‌ച നടത്താൻ സാധിച്ചില്ല അതേസമയം ഒരു ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കുമെന്ന് ജെഫ് ബെസോസ് വാഗ്ദാനം നൽകി. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ഈ പ്രഖ്യാപനത്തെ പരിഹസിച്ചു. ബെസോസ് നിക്ഷേപം കൊണ്ട് വലിയ “വലിയ ആനുകൂല്യമൊന്നും ചെയ്യുന്നില്ലെന്ന് പറയുകയും ചെയ്തു. “അവർ ഒരു ബില്യൺ ഡോളർ നിക്ഷേപിച്ചിരിക്കാം. പക്ഷേ, അവർ ഓരോ വർഷവും ഒരു ബില്യൺ ഡോളർ നഷ്ടം വരുത്തുകയാണെങ്കിൽ, അവർക്ക് ആ ബില്യൺ ഡോളറിന് ധനസഹായം നൽകേണ്ടിവരും.” പീയൂഷ് ഗോയൽ പറഞ്ഞു.

ഇന്ത്യയ്ക്ക് ധാരാളം നിക്ഷേപം ആവശ്യമാണ്. രാജ്യത്തിന്റെ നയം അനുസരിച്ച് നിക്ഷേപത്തെ കൂടുതൽ വിശാലമായി പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപം പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്, ഉപഭോഗ ചെലവ് ദുർബലമാണ്. അതിനാൽ കൂടുതൽ നിക്ഷേപത്തിനായി സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു, കാരണം അതാണ് മൂലധന സ്റ്റോക്ക് ഉയർത്തുകയും ഇന്ത്യയുടെ വളർച്ച സാദ്ധ്യത ഉയർത്തുകയും ചെയ്യുന്നത്. “” ജെഫ് ബെസോസിനെ കുറിച്ചുള്ള ഗോയലിന്റെ പരാമർശം വിപണി വികാരത്തെ വ്രണപ്പെടുത്തിയോ എന്ന ചോദ്യത്തിന് ഗീത ഗോപിനാഥ് പറഞ്ഞു.

Read more

ഇന്ത്യയിലെ മാന്ദ്യം ആഗോള വളർച്ചയെ സ്വാധീനിക്കുമെന്നും ഇത് ആഗോള വളർച്ച നിരക്കിനെ 0.1 ശതമാനം താഴ്‌ത്തിയെന്നും ഗീത ഗോപിനാഥ് എൻ‌ഡി‌ടി‌വിയോട് പറഞ്ഞു. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രവചനം 4.8 ശതമാനമായി കുറച്ചു. വെറും മൂന്ന് മാസത്തിനുള്ളിൽ 1.3 ശതമാനം കുറവാണ്‌ ഉണ്ടായത്‌.