നിര്‍മ്മാണ മേഖലയ്ക്ക് കനത്ത തിരിച്ചടി; സംസ്ഥാനത്ത് സിമന്റ് വിലയില്‍ വര്‍ദ്ധന

സാമ്പത്തിക മാന്ദ്യത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന നിര്‍മ്മാണ മേഖലയ്ക്ക് ഇരുട്ടടിയായി സിമന്റ് വിലയില്‍  വര്‍ദ്ധന.  പ്രളായനന്തര പുനര്‍നിര്‍മ്മാണത്തെ  പെട്ടെന്നുണ്ടായ ഈ വിലക്കയറ്റം സാരമായി  ബാധിക്കും.

സംസ്ഥാനത്ത് സിമന്റ് വില വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില് വരും. ചാക്കിന് 40 മുതല്‍ 50 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് സിമന്റ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അകാരണമായ വിലവര്‍ദ്ധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് വിതരണക്കാര്‍. നിര്‍മ്മാണസാമഗ്രികളുടെ വിലവര്‍ദ്ധനയും ദൗര്‍ലഭ്യവും മൂലം ഏറെ നാളുകളായി നിര്‍മ്മാണ മേഖല പ്രതിസന്ധിയി നേരിടുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും മന്ദഗതിയിലുമാണ്. പലയിടങ്ങളിലും നിര്‍മ്മാണം നിര്‍ത്തിവെയ്ക്കേണ്ട സാഹചര്യമുണ്ട്.

മഴക്കാലത്ത് ഘട്ടം ഘട്ടമായി വില കുറഞ്ഞിരുന്ന സിമന്റ് വില ഒറ്റയടിക്ക് കുത്തനെ ഉയര്‍ത്താനാണ്  തീരുമാനം. എന്നാല്‍ മലബാര്‍ സിമന്റ് മാത്രമാണ് വില കൂട്ടാത്തത്. അതേസമയം വില കൂട്ടാനുള്ള യാതൊരു  സാഹചര്യവും നിലവില്‍ ഇല്ലെന്ന് വ്യാപാരികള്‍ പറയുന്നു.

സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വ്യാപാരികള്‍ തിങ്കളാഴ്ച തൃശൂരില്‍ യോഗം ചേരും.