വ്യാപാര തർക്കം പരിഹരിക്കാൻ ചൈന മുൻകൈയെടുക്കുന്നു, വൈസ് പ്രസിഡന്റ് അമേരിക്ക സന്ദർശിക്കും

അമേരിക്കയുമായുള്ള ചൈനയുടെ വ്യാപാര ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ ചർച്ചകൾക്കായി ചൈനീസ് വൈസ് പ്രസിഡന്റ് ലിയു ഹെ അമേരിക്ക സന്ദർശിക്കും . ചൈനയുടെ ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ മാസം 9 , 10 തിയതികളിലാണ് സന്ദർശനം.

അമേരിക്കയും ചൈനയുമായുള്ള വ്യാപാരബന്ധം അടുത്തിടെ കൂടുതൽ വഷളായിരുന്നു. കൂടുതൽ ചൈനീസ് ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ
ചുമത്തുമെന്ന് പ്രസിഡന്റ് ട്രംപ് ഈയിടെ പ്രഖ്യാപിച്ചിരുന്നു. 20,000 കോടി ഡോളർ മൂല്യം വരുന്ന ഉത്പന്നങ്ങളുടെ ഡ്യൂട്ടി പത്തിൽ നിന്ന് 25 ശതമാനമായാണ് ഉയർത്തുന്നത്. വെള്ളിയാഴ്ച മുതലാണ് ഉയർന്ന ഡ്യൂട്ടി നിലവിൽ വരിക. പ്രശ്നം വഷളാകുന്നത് ലോക സാമ്പത്തിക വ്യവസ്ഥിതിയെ തന്നെ ബാധിക്കുന്നുണ്ട്. ആഗോള വിപണിയിൽ സ്വർണവില ഉയരുന്നതിന്റെ ഒരു പ്രധാന കാരണവും ഇതാണ്.