പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്ത് ചൈന; മാറ്റം ലഡാക്ക് പിരിമുറുക്കത്തിനിടെ 

കുറഞ്ഞത് മൂന്ന് പതിറ്റാണ്ടിനിടയിൽ ചൈന ആദ്യമായി ഇന്ത്യൻ അരി ഇറക്കുമതി ചെയ്യാൻ തുടങ്ങി. ഇത് കുറഞ്ഞ നിരക്ക് ഇന്ത്യ വാഗ്‌ദാനം ചെയ്തതിനാലാണെന്ന് ഇന്ത്യൻ വ്യവസായ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ, ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ബീജിംഗ് പ്രതിവർഷം 4 ദശലക്ഷം ടൺ അരി ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഗുണനിലവാര പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്നുള്ള വാങ്ങലുകൾ ഒഴിവാക്കിയിരുന്നു.

ലഡാക്കിലെ അതിർത്തി തർക്കം കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ മാറ്റം എന്നത് ശ്രദ്ധേയമാണ്.

“ചൈന ആദ്യമായി അരി വാങ്ങുന്നു. ഇന്ത്യൻ വിളയുടെ ഗുണനിലവാരം കണ്ട് അടുത്ത വർഷവും അവർ  അരി വങ്ങിയേക്കാം,” റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറഞ്ഞു.

ഒരു ടണ്ണിന് 300 ഡോളർ നിരക്കിൽ ഒരു ലക്ഷം ടൺ പൊടിഞ്ഞ അരി ഡിസംബർ-ഫെബ്രുവരി മാസം കയറ്റുമതി ചെയ്യാൻ വ്യാപാരികൾ കരാറുണ്ടാക്കിയതായി വ്യവസായ അധികൃതർ അറിയിച്ചു.

ചൈനയുടെ പരമ്പരാഗത വിതരണക്കാരായ തായ്‌ലൻഡ്, വിയറ്റ്നാം, മ്യാൻമർ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ കയറ്റുമതിക്കായി മിച്ച വിതരണങ്ങൾ പരിമിതമാണെന്നും ഇന്ത്യൻ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ടണ്ണിന് കുറഞ്ഞത് 30 ഡോളർ അധികമാണെന്നും അരി വ്യാപാര ഉദ്യോഗസ്ഥർ പറയുന്നു.