വീഡിയോകോൺ വായ്പ കേസ് : ചന്ദ കൊച്ചാർ 500 കോടി കമ്മീഷൻ കൈപ്പറ്റി

വിഡിയോകോണിന് വൻതുക അനധികൃതമായി വായ്പ അനുവദിച്ച കേസിൽ ഐ സി ഐ സി ഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറും കുടുംബവും 500 കോടി രൂപ കമ്മീഷൻ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് [ഇ ഡി ]
കണ്ടെത്തി. ‘ബിസിനസ് സ്റ്റാൻഡേർഡ്’ ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചന്ദ കൊച്ചറിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് ഇ ഡി വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.
3250 കോടി രൂപയുടെ വായ്പയാണ് ബാങ്കിന്റെ നിബന്ധനകൾ മറികടന്ന് വിഡിയോകോണിന് അനുവദിച്ചത്. പിന്നീട് ഈ തുകയുടെ സിംഹഭാഗവും ചന്ദ കൊച്ചറിന്റെ ഭർത്താവ് ദീപക് കൊച്ചറിന്റെ ഉടമസ്ഥതയിലുള്ള ന്യുപവർ എനർജി റിന്യുവബിൾസ് എന്ന ഷെൽ കമ്പനിക്ക് കൈമാറുകയായിരുന്നു. മൗറീഷ്യസ് ആസ്ഥാനമായ ഏതാനും കമ്പനികൾക്കും തുക കൈമാറിയതായി കണ്ടീത്തിയിട്ടുണ്ട്.

കേസിൽ ചന്ദ കൊച്ചറിന്റെയും വീഡിയോകോൺ മേധാവി വേണുഗോപാൽ ദൂതിന്റെയും വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി രേഖകൾ പിടികൂടിയിരുന്നു.
ആരോപണ വിധേയായതിനെ തുടർന്ന് ചന്ദ കൊച്ചാർ ഐ സി ഐ സി ഐ ബാങ്ക് മാനേജിങ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞിരുന്നു.